ഓള്‍ഡ് ട്രഫോര്‍ഡില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ നാണംകെടുത്തി ടോട്ടനം. സണ്‍ ഹ്യൂങ് മിന്‍ ഇല്ലാതിരുന്നിട്ടും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ടോട്ടനം തകര്‍ത്തത്. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് ബ്രൂണോ ഫെര്‍ണാണ്ടസ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തേക്ക് പോയത് എറിക് ടെന്‍ ഹാഗിന്റെ സംഘത്തിന് തിരിച്ചടിയായി.
കളി തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ വല കുലുക്കി മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ടോട്ടനം സമ്മര്‍ദത്തിലാക്കി. ടോട്ടനം സെന്റര്‍ ബാക്കായ വാന്‍ ഡെ വെന്‍ നല്‍കിയ പന്ത് സ്വീകരിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രതിരോധനിര താരങ്ങളെ വെട്ടിച്ച് ബ്രെണ്ണന്‍ ജോണ്‍സന്‍ ടോട്ടനത്തിനായി സ്കോര്‍ ചെയ്തു. 1-0ന്റെ ലീഡ് സ്വന്തമാക്കിയതിന് ശേഷവും ആക്രമിച്ച് കളിക്കാനായിരുന്നു ടോട്ടനത്തിന്റെ ശ്രമം. കൗണ്ടര്‍ അറ്റാക്കുകളിലൂടെ സമനില ഗോള്‍ കണ്ടെത്താന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
ആദ്യ പകുതി അവസാനിക്കാന്‍ മൂന്ന് മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ് ജെയിംസ് മാഡിസണിന് എതിരായ ഫൗളില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ക്യാപ്റ്റന്‍ ബ്രൂണോ ഫെര്‍ണാണ്ടസിന് രണ്ടാം മഞ്ഞക്കാര്‍ഡ് ലഭിക്കുന്നത്. ഇതോടെ ആതിഥേയര്‍ 10 പേരായി ചുരുങ്ങി. രണ്ടാം പകുതി തുടങ്ങി രണ്ടാം മിനിറ്റില്‍ തന്നെ ടോട്ടനം ലീഡ് 2-0 ആയി ഉയര്‍ത്തി. 47ാം മിനിറ്റില്‍ കുലുസെവ് സ്കിയിലാണ് ടോട്ടനത്തിന്റെ ലീഡ് ഉയര്‍ത്തിയത്. രണ്ടാം പകുതിയില്‍ കാസിമെറോ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഗോള്‍ അവസരം തുറന്നെങ്കിലും ഫിനിഷിങ്ങിലെ പിഴവ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് തിരിച്ചടിയാവുകയായിരുന്നു. മറുവശത്ത് ഗോള്‍ കീപ്പര്‍ മാത്രം മുന്‍പില്‍ വന്ന് വണ്‍ ഓണ്‍ വണ്‍ അവസരം രണ്ട് വട്ടം ടോട്ടനത്തിന്റെ വെര്‍നറിന് മുന്‍പില്‍ വന്നെങ്കിലും ഗോള്‍കീപ്പര്‍ ഒനാന തട്ടിയകറ്റിയതോടെ മാഞ്ചസ്റ്റര്‍ യൂണൈറ്റ് വലിയ മാര്‍ജിനിലെ തോല്‍വി ഒഴിവാക്കി.
77ാം മിനിറ്റില്‍ ഡൊമനിക് സോളങ്കിയുടെ ഗോളും വന്നതോടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് തിരികെ കയറാനാവാത്ത വിധം തകര്‍ന്നു. 24 ഷോട്ടുകളാണ് കളിയില്‍ ടോട്ടനത്തില്‍ നിന്ന് വന്നത്. അതില്‍ ഓണ്‍ ടാര്‍ഗറ്റിലേക്ക് എത്തിയത് 10 ഷോട്ടുകളും. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ 11 ഷോട്ടുകളില്‍ ഓണ്‍ ടാര്‍ഗറ്റിലേക്ക് വന്നത് രണ്ടെണ്ണം മാത്രം. പന്ത് കൈവശം വെച്ച് കളിക്കുന്നതിലും പാസുകളിലും പാസുകളിലെ കൃത്യതകളിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനേക്കാള്‍ ബഹുദൂരം മുന്‍പില്‍ നില്‍ക്കാന്‍ ടോട്ടനത്തിന് കഴിഞ്ഞു.
പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് ടോട്ടനം. ആറ് കളിയില്‍ നിന്ന് മൂന്ന് ജയവും ഒരു സമനിലയും രണ്ട് തോല്‍വിയുമായി 10 പോയിന്റ്. 12ാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ആറ് കളിയില്‍ നിന്ന് നേടിയത് രണ്ട് ജയവും ഒരു സമനിലയും മൂന്ന് തോല്‍വിയും.