സൂപ്പർ ലീഗ് കേരള ഫുട്ബോളിലെ ആദ്യ ജയം മലപ്പുറം എഫ് സിക്ക്. ഉദ്ഘാടന മത്സരത്തിൽ ഫോഴ്സാ കൊച്ചിയെ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് മലപ്പുറം തോൽപ്പിച്ചത്.
ആദ്യ പകുതിയിൽ മലപ്പുറം നേടിയ സ്കോർ മറികടക്കാൻ കൊച്ചിക്ക് ഒരു ഘട്ടത്തിലും കഴിയാതെ വന്നതോടെ പ്രഥമ സൂപ്പർ ലീഗ് കേരളയിലെ ആദ്യ ജയം കേരള ഫുട്ബോളിന്റെ ഈറ്റില്ലമായ മലപ്പുറത്തിനൊപ്പം നിന്നു. സ്പാനീഷ് സ്ട്രൈക്കർ പെട്രോ മാൻസി ലീഗിലെയും, മലപ്പുറത്തിന്റെയും ആദ്യ ഗോൾ നേടി.പിന്നാലെ ഫസലു റഹ്മാൻ മലപ്പുറത്തിന്റെ രണ്ടാം ഗോൾ നേടിയതിനൊപ്പം കൊച്ചിയുടെ കഥയും കഴിച്ചു.
ചടുലമായതോ, ക്രിയാത്മകമായതോ ആയ നീക്കങ്ങളൊന്നും ഇരുഭാഗത്തുനിന്നും കാര്യമായുണ്ടായില്ല. കൊച്ചിയേക്കാൾ മികച്ചവരായതിനാൽ മലപ്പുറം ജയം കൈവരിച്ചെന്നു മാത്രം. വർണാഭമായ ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷമായിരുന്നു കേരള ഫുട്ബോളിൽ മാറ്റങ്ങൾ പ്രതീക്ഷിക്കുന്ന ലീഗിന് കിക്കോഫ് ആയത്. കൊച്ചി ടീം ഉടമ പൃഥിരാജ് ഉൾപ്പെടെ കളി കാണാനെത്തി.