അറുപത്തിമൂന്നാമത് സുബ്രതോ കപ്പ് ഫുട്ബോള്‍ ഓഗസ്റ്റ് അഞ്ചുമുതല്‍ സെപ്റ്റംബര്‍ 11 വരെ ഡല്‍ഹിയിലും ബെംഗളൂരുവിലുമായി നടക്കും. ജൂനിയര്‍ ആണ്‍കുട്ടികള്‍, ജൂനിയര്‍ പെണ്‍കുട്ടികള്‍, സബ് ജൂനിയര്‍ ആണ്‍കുട്ടികള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി നടക്കുന്ന മല്‍സരത്തില്‍ 111 ടീമുകള്‍ മാറ്റുരയ്ക്കും. കേരളത്തില്‍നിന്ന് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോട് ഫാറൂഖ് ഹയര്‍സെക്കന്‍ഡറി സ്കൂളും ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ എസ്.ആര്‍.വി. ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ തൃപ്പൂണിത്തുറയും സബ് ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ മലപ്പുറം ചേലേമ്പ്ര എന്‍.എന്‍.എം.എച്ച്.എസ്.എസും പങ്കെടുക്കും. എട്ട് വിദേശ ടീമുകളും മല്‍സരത്തിനുണ്ടെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എയര്‍ഫോഴ്സ് സ്പോര്‍ട്സ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ സഹകരണത്തോടെ സുബ്രതോ മുഖര്‍ജി സ്പോര്‍ട്സ് എജ്യുക്കേഷന്‍ സൊസൈറ്റിയാണ് മല്‍സരം സംഘടിപ്പിക്കുന്നത്. വാര്‍ത്താസമ്മേളനത്തില്‍ എയര്‍ മാര്‍ഷല്‍ ആര്‍.കെ.ആനന്ദും പാരാലിംപിക് മെഡല്‍ ജേതാവ് ദീപാ മാലിക്കും പങ്കെടുത്തു.