തുടര്‍ച്ചയായി രണ്ടാം യൂറോ കപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിന് തോല്‍വി. നാലാം യൂറോ കിരീടവുമായി ചരിത്രം കുറിച്ച് സ്പെയിന്‍. കളിതീരാന്‍ നാലുമിനിറ്റ് മാത്രമുള്ളപ്പോള്‍ പകരക്കാരന്‍ മിക്കേല്‍ ഒയാര്‍സബല്‍ നേടിയ ഗോളാണ് സ്പെയിനിനെ വീണ്ടും യൂറോപ്പിലെ ഫുട്ബോള്‍ രാജാക്കന്മാരാക്കിയത്. കളിച്ച ഏഴുകളികളില്‍ ഒന്നില്‍പ്പോലും തോല്‍വിയറിയാതെയാണ് സ്പെയിനിന്‍റെ റെക്കോര്‍ഡ് നേട്ടം.
ഇരുടീമുകളും അങ്ങേയറ്റം കരുതലോടെ കളിച്ച ഒന്നാം പകുതിയില്‍ പന്ത് മിക്കപ്പോഴും സ്പാനിഷ് താരങ്ങളുടെ പക്കലായിരുന്നു. ഇംഗ്ലണ്ടിന് സ്പാനിഷ് പോസ്റ്റിലേക്ക് പന്ത് പായിക്കാന്‍ കഴിഞ്ഞത് ഒരുവട്ടം മാത്രം. ഫലം ആദ്യപകുതി ഗോള്‍രഹിതം! എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ത്തന്നെ സ്പെയിന്‍ മല്‍സരത്തിന്‍റെ വിരസത മാറ്റി. വലതുവിങ്ങില്‍ നിന്ന് യുവ സൂപ്പര്‍താരം ലമിന്‍ യമാലിന്‍റെ നല്‍കിയ ക്രോസ് ഇംഗ്ലീഷ് വലയിലെത്തിക്കാന്‍ വിംഗര്‍ നിക്കോ വില്യംസിന് അധികം പണിപ്പെടേണ്ടിവന്നില്ല. കളത്തിലും ഗാലറിയിലും ചെമ്പട ഇളകിയാര്‍ത്തു!
തുടര്‍ച്ചയായി നാലാം മല്‍സരത്തിലാണ് ഇംഗ്ലണ്ട് ആദ്യം ഗോള്‍ വഴങ്ങിയത്. ഇതോടെ ഇംഗ്ലീഷ് പരിശീലകന്‍ ഗാരത് സൗത്ത്ഗേറ്റ് അപകടം മണത്തു. സെമിയിലടക്കം വിജയിച്ച സബ്സ്റ്റിറ്റ്യൂഷന്‍ തന്ത്രം പുറത്തെടുത്തു. ഹാരി കെയ്നെയും കോബി മെയ്നുവിനെയും പിന്‍വലിച്ച് ആദ്യം ഒലീ വാറ്റ്കിന്‍സിനെയും പത്തുമിനിറ്റ് കഴിഞ്ഞ് കോള്‍ പാമറെയും കളത്തിലിറക്കി. സൗത്ത്ഗേറ്റിന്‍റെ പകരക്കാര്‍ മിനിറ്റുകള്‍ക്കകം ഇംഗ്ലണ്ടിനെ ഒപ്പമെത്തിച്ചു. എഴുപത്തിരണ്ടാം മിനിറ്റില്‍ ജൂഡ് ബെല്ലിങ്ങാം നല്‍കിയ പാസ് പാമര്‍ 20 മീറ്റര്‍ അകലെ നിന്ന് തൊടുത്ത ഷോട്ടിലൂടെ സ്പാനിഷ് വലയിലാക്കി. സ്പാനിഷ് ആരാധകരേക്കാള്‍ കൂടുതല്‍ ഇംഗ്ലണ്ടുകാരായിരുന്നു ഗാലറിയില്‍. അക്ഷരാര്‍ഥത്തില്‍ സ്റ്റേഡിയം പൊട്ടിത്തെറിക്കുന്ന ആഘോഷം!
എന്നാല്‍ പകരക്കാരനിലൂടെ കളി തിരിച്ചുപിടിച്ച ഇംഗ്ലണ്ടിന്‍റെ തന്ത്രം തന്നെ സ്പെയിനും പയറ്റി. അറുപത്തെട്ടാം മിനിറ്റില്‍ പിച്ചിലെത്തിയ ഒയര്‍സബല്‍ എണ്‍പത്താറാം മിനിറ്റില്‍ കുകുറെല്ലയുടെ ക്രോസ് തിരിച്ചുവിട്ട ഒയര്‍സബല്‍ കിരീടമാണ് പിടിച്ചെടുത്തത്. അതിഗംഭീരമായി ആക്രമിച്ചുകളിക്കുകയും ആദ്യഗോള്‍ നേടുകയും ചെയ്ത നിക്കോ വില്യംസാണ് ഫൈനലില്‍ സ്പെയിനിന്‍റെ വിജയശില്‍പി. യൂറോ കിരീടത്തിനായുള്ള ഇംഗ്ലണ്ടിന്‍റെ കാത്തിരിപ്പ് തുടരും.