TOPICS COVERED

മെസിയുടെ അവസാന കോപ്പ അമേരിക്ക മത്സരമാകുമോ ഇതെന്ന നെഞ്ചിടിപ്പോടെയാണ് അര്‍ജന്റൈന്‍ ആരാധകര്‍ കൊളംബിയക്കെതിരായ കലാശപ്പോരാട്ടം കാണാനൊരുങ്ങുന്നത്. തുടരെ രണ്ടാം വട്ടം കോപ്പയില്‍ മുത്തമിടാന്‍ ലക്ഷ്യമിട്ട് അര്‍ജന്റീന ഇറങ്ങുമ്പോള്‍ മറുവശത്ത് 28 മത്സരങ്ങളില്‍ തോല്‍വി തൊടാതെ കുതിച്ചെത്തുന്ന കൊളംബിയയാണ് എതിരാളികള്‍. ഖത്തര്‍ ലോകകപ്പിന് യോഗ്യത നേടാനാവാതെ പോയ നാണക്കേടില്‍ നിന്ന് അര്‍ജന്റീനക്കാരനായ നെസ്റ്റര്‍ ലോറന്‍സോ ഉയര്‍ത്തിക്കൊണ്ടുവന്ന കൊളംബിയന്‍ പട. 

2022 ജൂണിലാണ് അര്‍ജന്റൈന്‍ തന്ത്രജ്ഞനായ നെസ്റ്റര്‍ ലൊറന്‍സോ കൊളംബിയന്‍ ടീമിനെ മേയ്ക്കാനെത്തുന്നത്. പുതിയ പരിശീലകന് കീഴില്‍ കൊളംബിയ അടിച്ചുകൂട്ടിയ ഗോളുകളുടെ കണക്കെടുത്താല്‍ വ്യക്തമാവും നെസ്റ്ററിന്റെ ആക്രമണ ശൈലിയുടെ കരുത്ത്. 25 കളിയില്‍ നിന്ന് നെസ്റ്ററിന് കീഴില്‍ കൊളംബിയ അടിച്ചത് 50 ഗോളുകള്‍. എന്നാല്‍ 16 ഗോളുകള്‍ വഴങ്ങി.

28 മത്സരങ്ങളില്‍ തോല്‍വി തൊടാതെ വരുന്ന കൊളംബിയ അവസാനം തോറ്റത് അര്‍ജന്റീനക്കെതിരെയായിരുന്നു, 2022ലായിരുന്നു ഇത്. ഫെബ്രുവരി രണ്ടിന് നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍. അതിന് ശേഷം രണ്ട് വര്‍ഷവും അഞ്ച് മാസവും 11 ദിവസവും പിന്നിടുമ്പോള്‍ കൊളംബിയന്‍ ടീം തോല്‍വി അറിയാതെയാണ് കുതിക്കുന്നത്. നെസ്റ്ററിന് കീഴില്‍ ഏറ്റവും കൂടുതല്‍ മിന്നി കളിക്കുന്നത് കൊളംബിയന്‍ ക്യാപ്റ്റന്‍ തന്നെ. 19 കളിയില്‍ നിന്ന് നാല് ഗോളും എട്ട് അസിസ്റ്റുമാണ് റോ‍ഡ്രിഗസിന്റെ പേരിലുള്ളത്. കോപ്പയിലും റോഡ്രിഗസ് പന്ത് തട്ടുന്നത് ഫോമില്‍ തന്നെ. 

ഈ വിജയ തേരോട്ടത്തില്‍ പല വമ്പന്മാരേയും കൊളംബിയ വീഴ്ത്തിയിട്ടുണ്ട്. ജര്‍മനിയും ബ്രസീലും യൂറോ കപ്പില്‍ ഫൈനലില്‍ എത്തി നില്‍ക്കുന്ന സ്പെയിനും  കൊളംബിയക്ക് മുന്നിൽ മുട്ടുമടക്കിയിരുന്നു. എന്നാല്‍ കൊളംബിയയുടെ ഈ വിജയക്കണക്കുകള്‍ അര്‍ജന്റീനയ്ക്ക് മുന്‍പില്‍ പിടിച്ചുനില്‍ക്കുമോ? അര്‍ജന്റീനക്കെതിരെ അവസാനം കളിച്ച 12 മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് കൊളംബിയയ്ക്ക് ജയിക്കാനായത്. ഇരുടീമും നേര്‍ക്കുനേര്‍ വന്നത് 43 മത്സരങ്ങളില്‍. അതില്‍ അര്‍ജന്റീന 26 വട്ടം ജയം പിടിച്ചു. കൊളംബിയക്ക് ജയിക്കാനായത് 9 കളിയില്‍ മാത്രം. എട്ട് മത്സരങ്ങള്‍ സമനിലയിലായി. 

അര്‍ജന്റീനക്കെതിരെ കൊളംബിയ അവസാനം ജയിച്ചത് 2019ലാണ്. കോപ്പ അമേരിക്കയിലെ ഗ്രൂപ്പ് ഘട്ടത്തിലായിരുന്നു ഇത്. അര്‍ജന്റീനയാവട്ടെ അവസാനം കളിച്ച 61 മത്സരങ്ങളില്‍ തോല്‍വി അറിഞ്ഞത് രണ്ടെണ്ണത്തില്‍ മാത്രം. 45 മത്സരങ്ങളില്‍ ജയം തൊട്ടു.

ENGLISH SUMMARY:

Argentina's Nestor Lorenzo lifted Colombia's side from the embarrassment of failing to qualify for the World Cup in Qatar