യൂറോ കപ്പില്‍ എംബാപ്പെയാണോ ഫ്രാന്‍സിന്റെ വേഗം കുറയ്ക്കുന്നത്? സ്പെയ്നിന് എതിരെ യൂറോ കപ്പ് സെമിയില്‍ ഫ്രാന്‍സ് ഇറങ്ങുമ്പോള്‍ എംബാപ്പെയെ സ്റ്റാര്‍ട്ടിങ് ലൈനപ്പില്‍ നിന്ന് മാറ്റി നിര്‍ത്തുക എന്ന കടുംകൈക്ക് ദെഷാംസ് മുതിരുമോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ഫുട്ബോള്‍ ലോകം.
രാജ്യത്തിനായി 83 കളിയില്‍ നിന്ന് സ്കോര്‍ ചെയ്തത് 48 ഗോളുകള്‍. അതില്‍ പതിമൂന്നും എത്തിയത് പ്രധാന ടൂര്‍ണമെന്റുകളില്‍ നിന്ന്. പല താരങ്ങളും തങ്ങളുടെ മുഴുവന്‍ കരിയറില്‍ നേടിയത് എംബാപ്പെ തന്റെ 25 വയസിനുള്ളില്‍ നേടിക്കഴിഞ്ഞു. 2018 ലോകകപ്പിലേക്ക് ഫ്രാന്‍സിനെ നയിച്ച, ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ ഹാട്രിക് നേടിയ ആ താരത്തിന് പക്ഷെ ജര്‍മനി വേദിയാവുന്ന യൂറോ കപ്പില്‍ ഇതുവരെ നിരാശയുടെ കഥകളാണ് പറയാനുള്ളത്. നേടിയത് ഒരു ഗോള്‍ മാത്രം. അതും പെനാല്‍റ്റിയില്‍ നിന്ന്.
തന്റെ നൂറ് ശതമാനം മികവിലേക്ക് എത്താന്‍ പ്രയാസപ്പെടുന്ന ഈ എംബാപ്പെയെ സ്പെയ്ന്‍ ഭയക്കാന്‍ സാധ്യതയില്ല. എംബാപ്പെ മാത്രമല്ല ഫ്രാന്‍സിനെ കുഴയ്ക്കുന്നത്. ഗ്രീസ്മാനും, മുവാനിയും ചുവാമെനിയും റാബിയോയുമെല്ലാം ഉണ്ടായിട്ടും ജര്‍മന്‍ മണ്ണില്‍ ഇതുവരെ ഫ്രാന്‍സിന് പറയത്തക്കതായി ഒന്നും ചെയ്യാനായിട്ടില്ല. സെമിയില്‍ എത്തി നില്‍ക്കുമ്പോള്‍ ഓപ്പണ്‍ ഗോള്‍ ഒന്നുപോലുമില്ല.
ഗ്രൂപ്പ് ഘട്ടത്തിലെ ഉള്‍പ്പെടെ അഞ്ച് കളിയില്‍ നിന്ന് മൂന്ന് ഗോളാണ് ഫ്രാന്‍സ് സ്കോര്‍ ചെയ്തത്. ഇതില്‍ രണ്ടും സെല്‍ഫ് ഗോളുകളും. ബെല്‍ജിയത്തിനെതിരായ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍ തന്റെ ഡ്രിബ്ലിങ് മികവുമായി ഫ്രാന്‍സിന്റെ ആക്രമണ നിരയ്ക്ക് എംബാപ്പെ ജീവന്‍ വെപ്പിക്കുന്നു എന്ന് തോന്നിച്ചെങ്കിലും അതിന്റെ പൂര്‍ണതയിലേക്ക് എത്താന്‍ എംബാപ്പെയ്ക്ക് കഴിഞ്ഞില്ല. ഫുട്ബോള്‍ ലോകം ഏറെ കാത്തിരുന്ന എംബാപ്പെ–ക്രിസ്റ്റ്യാനോ പോരിലേക്ക് എത്തിയപ്പോഴും 120 മിനിറ്റും വല കുലുങ്ങിയില്ല. പോര്‍ച്ചുഗലിന്റെ പെനാല്‍റ്റി ഏരിയയില്‍ എംബാപ്പെയ്ക്ക് എത്താനായത് പോലും വിരളമായി. പാസുകളും ദയനീയമായിരുന്നെന്നാണ് വിലയിരുത്തപ്പെട്ടത്. ഷൂട്ടൗട്ടില്‍ അഞ്ചാമത്തെ കിക്ക് എംബാപ്പെയ്ക്ക് നല്‍കുന്ന പതിവ് തെറ്റിച്ച് ദെഷാംസ് അധിക സമയത്ത് താരത്തെ പിന്‍വലിച്ചിരുന്നു.
ഫിറ്റ്നസ് പ്രശ്നം എംബാപ്പെയെ വലയ്ക്കുന്നുണ്ടെന്ന് വ്യക്തം. ഈ സാഹചര്യത്തില്‍ എംബാപ്പെയെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഉള്‍പ്പെടുത്താതെ വലത് വിങ്ങില്‍ കിങ്സ്ലി കോമാന്‍, മുവാനി, ഡെംബെലെ എന്നിവരെ ദെഷംസിന് ആശ്രയിക്കാം. എന്നാല്‍ ഇവരും ഫ്രഞ്ച് പരിശീലകന് തലവേദന സൃഷ്ടിക്കുന്നുണ്ട്. 2023-24 സീസണിന്റെ ഭൂരിഭാഗവും പരുക്കിനെ തുടര്‍ന്ന് നഷ്ടമായ താരമാണ് ബയേണിന്റെ കോമാന്‍. മറ്റ് രണ്ട് പേരും യൂറോയിലും നിറം മങ്ങിയാണ് കളിക്കുന്നത്. ജര്‍മനിയെ വീഴ്ത്തി എത്തുന്ന സ്പെയ്നിനെ തളയ്ക്കാന്‍ എംബാപ്പെയുടെ ഈ ഫ്രാന്‍സിന് സാധിക്കുമോ എന്നതില്‍ ഫ്രഞ്ച് ആരാധകര്‍ക്ക് പോലും ഉറപ്പില്ല.