musiala-wirtz

TOPICS COVERED

ഖത്തര്‍ ലോകകപ്പില്‍ നിന്ന് ഗ്രൂപ്പ് ഘട്ടം കടക്കാതെ പുറത്തായ നാണക്കേടിന് ശേഷം സ്വന്തം മണ്ണില്‍ നടക്കുന്ന യൂറോ കപ്പ്. 18 മാസത്തിന് ശേഷം ഖത്തറിലേറ്റ മുറിവ് ഉണക്കാന്‍ ജര്‍മനി ഇറങ്ങുമ്പോള്‍ അറ്റാക്കിങ് മിഡ് ഫീല്‍ഡില്‍ ഊര്‍ജം നിറച്ചെത്തുന്ന ജമാല്‍ മുസിയാല–ഫ്ളോറിയാന്‍ വിര്‍ട്സ് സഖ്യത്തിലേക്കാണ് ഫുട്ബോള്‍ ലോകത്തിന്റെ ശ്രദ്ധ. പരിചയസമ്പത്തില്‍ പിന്നിലാണെങ്കിലും യൂറോ കിരീടം ചൂടാനുള്ള ജര്‍മനിയുടെ പോരാട്ടത്തില്‍ നിര്‍ണായകമാവുക ഇരുവരുമാകും. 

2016 യൂറോ കപ്പ് സെമി കണ്ടതിന് പിന്നാലെ താഴേക്കായിരുന്നു ജര്‍മന്‍ ഫുട്ബോളിന്റെ പോക്ക്. റഷ്യന്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടം കടക്കാതെ മടക്കം. കോവിഡിനെ തുടര്‍ന്ന് നീണ്ടുപോയി എത്തിയ യൂറോ കപ്പില്‍ നിന്ന് പ്രീക്വാര്‍ട്ടറില്‍ തോറ്റ് മടക്കം. പിന്നാലെ ഖത്തറിലെ തകര്‍ച്ച. തോറ്റ് നില്‍ക്കുമ്പോഴും ഫോമില്ലാതെ പ്രധാന താരങ്ങള്‍ വലയുമ്പോഴും ടീമില്‍ അഴിച്ചുപണിക്ക് ഫ്ളിക്കും മുതിര്‍ന്നില്ല. എന്നാല്‍ ഇതിനിടയില്‍ ജമാല്‍ മുസിയാല എന്ന ബയേണിന്റെ കൗമാര താരത്തെ ഫ്ളിക്ക് ജര്‍മനിയുടെ 4-2-3-1 എന്ന ഫോര്‍മേഷനിലേക്ക് കൊണ്ടുവന്നു. ജര്‍മനി പ്രയാസപ്പെടുമ്പോഴും മുസിയാല ഭാവി ശോഭനമെന്ന പ്രതീക്ഷ നല്‍കി പന്ത് തട്ടിക്കൊണ്ടിരുന്നു. 

വണ്ടര്‍ കിഡ് എന്ന പേര് മുസിയാലയ്ക്കൊപ്പം ജര്‍മന്‍ മാധ്യമങ്ങള്‍ എഴുതാന്‍ അധികം സമയമെടുത്തില്ല. മുതിര്‍ന്ന താരങ്ങളെ പിന്നിലേക്ക് മാറ്റി മുസിയാലയിലേക്ക് ശ്രദ്ധ കൊടുത്ത് നാഗൽസ്മാന്‍ തന്ത്രങ്ങള്‍ മെനഞ്ഞു. ഡ്രിബിള്‍ ചെയ്തും അത്ഭുതപ്പെടുത്തുന്ന വിധം ഗ്യാപ്പുകള്‍ കണ്ടെത്തിയും മുസിയാല നിറഞ്ഞ് കളിക്കുമ്പോഴുള്ള ജര്‍മനിയുടെ കരുത്ത് എത്രമാത്രമെന്ന് ഈ വര്‍ഷം മാര്‍ച്ചില്‍ ഫ്രാന്‍സും അറിഞ്ഞു. 

musiala-wirtz-2

ഫ്രാന്‍സിനെ എതിരില്ലാത്ത രണ്ട് ഗോളിന് ജര്‍മനി തകര്‍ത്ത മത്സരത്തില്‍ മുസിയാല ഗോള്‍ വല കുലുക്കിയില്ല. എന്നാല്‍ മൂന്ന് എതിര്‍നിര താരങ്ങളെ  ഡ്രിബിള്‍ ചെയ്ത് മുസിയാല തന്റെ കഴിവിന്റെ സാധ്യതകള്‍ ഫുട്ബോള്‍ ലോകത്തെ ഒരിക്കല്‍ കൂടി ബോധ്യപ്പെടുത്തി. ആ മത്സരത്തില്‍ മുന്നേറ്റ നിരയില്‍ കളിച്ച ജര്‍മന്‍ താരങ്ങളില്‍ ഏറ്റവും കൂടുതല്‍ പാസുകള്‍ വന്നത് മുസിയാലയില്‍ നിന്നാണ്. 81 വട്ടമാണ് അവിടെ മുസിയാല പന്ത് തൊട്ടത്.

ബുണ്ടസ്​ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്കോററുടെ റെക്കോര്‍ഡ് ലെവെര്‍ക്യുസെന്റെ വജ്രായുധമായ വിര്‍ട്സിന്റെ പേരിലാണ്. 18ാം വയസില്‍ ജര്‍മനിക്കായി അരങ്ങേറ്റം. വേഗതയും ഫിനിഷിങ്ങിലെ മികവും വിര്‍ട്സിനെ എത്രത്തോളം അപകടകാരിയാക്കുന്നു എന്ന് ഫ്രാന്‍സിനെതിരായ മത്സരത്തില്‍ നിന്ന് വ്യക്തം. ജര്‍മനിയുടെ ഏറ്റവും വേഗമേറിയ ഗോള്‍ സ്കോറര്‍ എന്ന നേട്ടം വിര്‍ട്സ് തന്റെ പേരിലേക്ക് എഴുതി ചേര്‍ത്തിരുന്നു. കളി തുടങ്ങി ഒര് മിനിറ്റ് തികയും മുന്‍പ് വിര്‍ട്സ് പന്ത് വലയിലാക്കിയിരുന്നു.  മുസിയാല വേഗം കുറച്ച് കളിച്ചാല്‍ സ്പീഡ് കൂട്ടാന്‍ നെഗ്ലസ്മാന്റെ കയ്യിലുള്ള ആയുധം. മുസിയാലയും വിര്‍ട്സും ഒരുമിച്ച് ഇറങ്ങുകയും ഗുണ്ടോകനില്‍ നിന്ന് പിന്തുണ ലഭിക്കുകയും ചെയ്യുമ്പോള്‍ ജര്‍മനി അപകടകാരികളാവും. മൂന്ന് മധ്യനിര താരങ്ങളെ വെച്ച് കളി മെനയുന്നതാണ് നാഗൽസ്മാന്റെ ശൈലി. ഗോള്‍ കണ്ടെത്തി തുടങ്ങിയ ഹാവെര്‍ട്സ് സ്പേസുകള്‍ തുറന്ന് കളിക്കുമ്പോള്‍ മുസിയാലയ്ക്കും വിര്‍ട്സിനും തങ്ങളുടെ മാജിക് പുറത്തെടുക്കാന്‍ അവസരം തെളിയും.

ENGLISH SUMMARY:

Despite being behind in terms of experience, both of them will be crucial in Germany's fight to win the Euro crown