ബയോണിനെതിരായ ചാംപ്യന്‍സ് ലീഗ് സെമി രണ്ടാം പാദ പോരില്‍ ടോണി ക്രൂസിനേയും ചുവമേനിയേയുമാണ് ആന്‍സെലോറ്റി സ്റ്റാര്‍ട്ടിങ് ഇലവനില്‍ കൊണ്ടുവന്നത്. 38കാരന്‍ ലൂകാ മോഡ്രിച്ചിനെ കളത്തിലിറക്കുന്നത് 69ാം മിനിറ്റിലും. ഫൈനല്‍ വിസിലിന് മിനിറ്റുകള്‍ മാത്രം അകലെ ഇരട്ട ഗോളുമായി ജോസെലു തലക്കെട്ടുകളിലെല്ലാം തന്റെ പേര് നിറയ്ക്കുമ്പോള്‍ ക്രൊയേഷ്യന്‍ മിഡ്ഫീല്‍ഡ് ജനറലിന്റെ കാമിയോ കാണാതെ വിടാന്‍ ഫുട്ബോള്‍ ലോകത്തിനാവില്ല.
മോഡ്രിച്ചിന്റെ കരാര്‍ പുതുക്കാന്‍ റയല്‍ ആഗ്രഹിക്കുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ ഒരുവശത്ത് ശക്തമാവുമ്പോഴാണ് മറുവശത്ത് അമ്പരപ്പിക്കുന്ന പ്രകടനവുമായി മോഡ്രിച്ച് നിറയുന്നത്. എഡ്വേഡോ കമവിന്‍ഗ, വാല്‍വെര്‍ദെ, ചുവമോനി എന്നിവരുടെ വരവോടെ മോഡ്രിച്ചിന് ലഭിക്കുന്ന മത്സര സമയം കുറഞ്ഞു. ഈ സീസണില്‍ റയലിനായി എല്ലാ മത്സരങ്ങളില്‍ നിന്നും 2,070 മിനിറ്റാണ് മോഡ്രിച്ച് കളിച്ചത്. എന്നാല്‍ അഞ്ച് ചാംപ്യന്‍സ് ലീഗ് കിരീട നേട്ടങ്ങളിലും നാല് സൂപ്പര്‍ കപ്പ് ജയങ്ങളിലും മൂന്ന് ലാ ലീഗ കിരീടങ്ങളിലും നിറഞ്ഞു നില്‍ക്കുന്ന മോഡ്രിച്ചിന്റെ അനുഭവസമ്പത്ത് കഴിഞ്ഞ ചാംപ്യന്‍സ് ലീഗ് സെമിയിലും ജൂണ്‍ രണ്ടിലെ ചാംപ്യന്‍സ് ലീഗ് ഫൈനലിലും റയലിന് ഗുണം ചെയ്യും.
ബയേണിന് എതിരെ ചാംപ്യന്‍സ് ലീഗ് സെമിയില്‍ 85ാം മിനിറ്റില്‍ മോഡ്രിച്ചില്‍ നിന്ന് വന്ന നീക്കമാണ് മത്സരത്തില്‍ റയലിന്റെ ജീവന്‍ നിലനിര്‍ത്തിയത്. മോഡ്രിച്ച് എടുത്ത കോര്‍ണര്‍ ബയേണ്‍ ബ്ലോക്ക് ചെയ്തതിന് പിന്നാലെ തോമസ് മുള്ളര്‍ കൗണ്ടര്‍ അറ്റാക്കിലൂടെ റയലിന്റെ നെഞ്ചിടിപ്പ് കൂട്ടി. എന്നാല്‍ മുള്ളറില്‍ നിന്ന് വന്ന പാസില്‍ നിന്ന് പാവ്ലോവിക് ഗോള്‍ വല കുലുക്കാന്‍ ശ്രമിക്കുന്നതിന് മുന്‍പേ അത്ഭുതപ്പെടുത്തുന്ന വേഗത്തില്‍ മോഡ്രിച്ച് അത് തടഞ്ഞെത്തി. മോഡ്രിച്ചിന്റെ ആ ടാക്കിള്‍ വന്ന് മൂന്ന് മിനിറ്റ് മാത്രം പിന്നിട്ടപ്പോഴേക്കും റയല്‍ സമനില ഗോള്‍ നേടി.
ഒരിക്കല്‍ കൂടി ടീമിനെ തുണയ്ക്കുന്ന പ്രകടനവുമായി മോഡ്രിച്ച് കയ്യടി വാങ്ങുമ്പോള്‍ കരാര്‍ പുതുക്കാന്‍ റയല്‍ തയ്യാറാകുമോയെന്നതാണ് ചോദ്യം. സീസണില്‍ 40 മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളും ആറ് അസിസ്റ്റുമാണ് മോഡ്രിച്ചിന്റെ അക്കൗണ്ടിലുള്ളത്. ചാംപ്യന്‍സ് ലീഗിലെ ഈ സീസണില്‍ 411 മിനിറ്റാണ് മോഡ്രിച്ച് കളിച്ചത്. കവര്‍ ചെയ്തത് 52.02 കിലോമീറ്റര്‍. പാസ് കൃത്യത 91.3 ശതമാനം. അറ്റാക്കിങ് തേര്‍ഡിലേക്ക് നല്‍കിയ പാസുകള്‍ 47... ബെര്‍ണാബ്യുവില്‍ തുടരാന്‍ ആഗ്രഹിച്ച് മോഡ്രിച്ച് പന്ത് തട്ടുമ്പോള്‍ ഒഴിവാക്കുക റയലിന് എളുപ്പമല്ല.