പ്രീമിയര്‍ ലീഗില്‍ ആദ്യ അഞ്ചില്‍ ഇടമില്ലാതെ നില്‍ക്കുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡ് അടുത്ത സീസണിന് മുന്‍പായി ടീമില്‍ ഉടച്ചുവാര്‍ക്കല്‍ നടത്തിയേക്കും. ചില പൊസിഷനുകളില്‍ മികച്ച താരങ്ങള്‍ ഇല്ലാത്തതിന്റെ പോരായ്മ തിരിച്ചടിയാവുന്നതിനെതിരെ കുറിച്ച് പരിശീലകന്‍ എറിക് ടെന്‍ ഹാഗ് സംസാരിച്ചിരുന്നു. കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ ഓള്‍ഡ് ട്രഫോര്‍ഡിലേക്ക് എത്തിയ റാസ്മന്‍ ഹോയ്ലന്‍ഡ് എട്ട് ഗോളുകളാണ് സീസണില്‍ നേടിയത്. ഈ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് എത്താന്‍ സാധ്യതയുള്ള താരങ്ങള്‍ ഇവരാണ്..
വിക്റ്റര്‍ റോക്ക്
ബ്രസീലിയന്‍ വണ്ടര്‍ കിഡ് വിക്റ്റര്‍ റോക്ക് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ റഡാറില്‍ വന്നെങ്കിലും ബാര്‍സയെ മറികടന്ന് സ്വന്തമാക്കാനായില്ല. 2024ന്റെ തുടക്കത്തില്‍ ലാ ലീഗയില്‍ സബ്സ്റ്റിറ്റ്യൂട്ട് ആയി റോക്ക് അരങ്ങേറ്റം നടത്തി. സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ റോക്ക് നൗകാമ്പ് വിട്ടേക്കും എന്ന പ്രതികരണം താരത്തിന്റെ ഏജന്റില്‍ നിന്ന് വന്നിരുന്നു. ഏതാനും മല്‍സരങ്ങളില്‍ നിന്ന് റോക്കിനെ ബാര്‍സ പരിശീലകന്‍ ഷാവി ഒഴിവാക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ വരുന്ന സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയിലൂടെ വിക്റ്റര്‍ റോക്കിനെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സ്വന്തമാക്കിയേക്കും.
മൈക്കല്‍ ഒലീസ്
ക്രിസ്റ്റല്‍ പാലസ് മുന്നേറ്റനിര താരമായ മൈക്കല്‍ ഒലീസിനെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നവരില്‍ മുന്‍പില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഉണ്ട്. ക്രിസ്റ്റല്‍ പാലസില്‍ 60 മില്യണിന്റെ റിലീസ് ക്ലോസാണ് താരത്തിനുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പരുക്കിനെ തുടര്‍ന്ന് സീസണിന്റെ ആദ്യ പകുതിയുടെ ഭൂരിഭാഗവും നഷ്ടമായെങ്കിലും 9 ഗോളും നാല് അസിസ്റ്റും താരത്തിന്റെ പേരിലുണ്ട്. ഈ സീസണില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിറം മങ്ങിയ ആന്റണി മാര്‍ഷ്യലിന്റെ പോരായ്മ നികത്താന്‍ മൈക്കല്‍ ഒലീസിനാകും.
ജോസെലു
എസ്പ്യാനോള്‍ സ്ട്രൈക്കര്‍ ജോസെലുവിലും മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കണ്ണുവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ലോണില്‍ റയല്‍ മാഡ്രിഡിനായിട്ടാണ് ജോസെലു കളിക്കുന്നത്. സ്റ്റോക്ക് സിറ്റിക്കും ന്യുകാസില്‍ യുനൈറ്റഡിന് വേണ്ടിയും കളിച്ചിട്ടുള്ള താരമാണ് ജോസെലു. എന്നാല്‍ പ്രതീക്ഷയ്ക്കൊത്ത് പ്രീമിയര്‍ ലീഗില്‍ ഉയരാന്‍ താരത്തിനായിരുന്നില്ല. 13 ലാ ലീഗ മത്സരങ്ങളില്‍ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഇറങ്ങി ജോസെലു 9 ഗോള്‍ സ്കോര്‍ ചെയ്തിരുന്നു.