fans-heckle-mohsin-naqvi-trophy-chor-womens-asia-cup-final
  • കനത്ത സുരക്ഷയും വീസയും ഉറപ്പാക്കിയിട്ടും, ഇന്ത്യയിലേക്ക് യാത്ര ചെയ്യാനും കളിക്കാനുമുള്ള അനുമതി പിസിബി അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ മൊഹ്‌സിൻ നഖ്‌വി നിഷേധിക്കുകയായിരുന്നു.

അടുത്ത വർഷം ജനുവരിയിൽ ഇന്ത്യയിൽ നടക്കുന്ന ഇന്റർനാഷണൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ഏകദിന ലോകകപ്പിൽ പാക്കിസ്ഥാൻ പങ്കെടുക്കില്ല. ഇന്ത്യയിൽ നടക്കുന്ന ടൂർണമെന്റിൽ പങ്കെടുക്കാൻ പാക്ക് ടീമിന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അനുമതി നിഷേധിച്ചു. കഴിഞ്ഞ വർഷം ശ്രീലങ്കയിൽ നടന്ന ടൂർണമെന്റിൽ പാക്കിസ്ഥാനായിരുന്നു കിരീടം. 

ഇന്ത്യയിലേക്ക് യാത്ര ചെയ്യാനും കളിക്കാനും അനുവാദമില്ലെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് പാക്കിസ്ഥാൻ വെറ്ററൻസ് ക്രിക്കറ്റ് അസോസിയേഷനെ അറിയിച്ചു. ലോകകപ്പിൽ നിന്നും പിന്മാറുന്ന കാര്യം സംഘാടകരെ അറിയിച്ചിട്ടുണ്ടെന്നും മറ്റൊരു ടീമിനെ പകരം ക്രമീകരിക്കുമെന്നും പാകിസ്ഥാൻ വെറ്ററൻസ് ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ഫവാദ് ഇജാസ് പറഞ്ഞു. 

ഇന്ത്യയിലേക്കുള്ള വീസയും ടീമിന് ഉയർന്ന തലത്തിലുള്ള സുരക്ഷയും സംഘാടകരും ആതിഥേയരും ഉറപ്പാക്കിയിരുന്നു. ഇതിനു ശേഷമാണ് ടൂർണമെന്റിൽ പങ്കെടുക്കാൻ അനുമതി തേടി പിസിബിയെയും വിദേശകാര്യ, ആഭ്യന്തര മന്ത്രാലയങ്ങളെയും സമീപിച്ചതെന്നും ഫവാദ് ഇജാസ് പറഞ്ഞു. ഇന്ത്യയിൽ കളിക്കാൻ അനുവാദമില്ലെന്ന് കാര്യം പിസിബി അധ്യക്ഷനും ആഭ്യന്തര മന്ത്രിയുമായ മൊഹ്‌സിൻ നഖ്‌വിയാണ് അറിയിച്ചതെന്നും ഇജാസ് വ്യക്തമാക്കി. 

ഇന്ത്യ ആതിഥേയരായ ഏഷ്യൻ ചാംപ്യൻസ് ട്രോഫിയിൽ പങ്കെടുക്കാൻ പാക്കിസ്ഥാൻ ടീമിന് ഹോക്കി ഫെഡറേഷനും അനുമതി നിഷേധിച്ചിരുന്നു. പാക്കിസ്ഥാനു പകരം ബംഗ്ലാദേശാണ് ടൂർണമെന്റിൽ പങ്കെടുത്തത്. സംഘര്‍ഷങ്ങള്‍ കാരണം ഇന്ത്യയും പാക്കിസ്ഥാനും രാജ്യാന്തര ടൂര്‍ണമെന്റുകളിലും നിഷ്പക്ഷ വേദികളിലും മാത്രമേ ക്രിക്കറ്റ് കളിക്കാറുള്ളൂ.

ENGLISH SUMMARY:

The Pakistan Cricket Board has officially denied permission for the country's veteran team to participate in the upcoming International Masters ODI World Cup scheduled in India. Pakistan Veterans Cricket Association President Fawad Ijaz confirmed that PCB Chairman and Interior Minister Mohsin Naqvi blocked the tour despite event organizers offering high-level security and visa assurances. Consequently, the organizers have been informed of the withdrawal so they can arrange a replacement team for the tournament. This decision follows a similar denial by Pakistan's hockey federation regarding participation in the Asian Champions Test hosted in India.