രഞ്ജി ട്രോഫിയില്‍ ചരിത്രമെഴുതി മിസോറാം ബാറ്റര്‍ ചിന്മയ് സുതാര്‍. ആഭ്യന്തര ക്രിക്കറ്റില്‍ ഒരിന്നിങ്സില്‍ 400 റണ്‍സ് എടുക്കുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബാറ്ററെന്ന നേട്ടമാണ് സുതാര്‍ സ്വന്തമാക്കിയത്. നാഗാലാന്‍ഡിനെതിരെയാണ് സുതാറിന്റെ നേട്ടം. 46 ഫോറും ഏഴ് സിക്സുമടങ്ങുന്നതാണ് സുതാറിന്റെ ഇന്നിങ്സ്. 517 പന്തില്‍ നിന്നാണ് താരം 400 റണ്‍സ് തികച്ചത്. സുതാറിന്റെ മാരത്തണ്‍ അടിയോടെ മിസോറാം 9 വിക്കറ്റിന് 581 ന് ഡിക്ലയര്‍ ചെയ്തു. 1948ന് ശേഷം ഇതാദ്യമായാണ് രഞ്ജിയില്‍ ക്വാഡ്രപ്ള്‍ സെഞ്ചറി പിറക്കുന്നത്.
രഞ്ജി ട്രോഫിയില്‍ പൃഥ്വി ഷായുടെ 379 റണ്‍സെന്ന ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോറും സുതാര്‍ മറികടന്നു. 2023ല്‍ അസമിനെതിരെ 383 പന്തുകളില്‍ നിന്ന് 379 റണ്‍സായിരുന്നു പൃഥ്വി ഷാ നേടിയത്. 377റണ്‍സെടുത്ത സഞ്ജയ് മഞ്ജരേക്കറും 366 റണ്‍സെടുത്ത ശ്രീധറുമാണ് രഞ്ജിയിലെ മറ്റ് കൂറ്റന്‍ സ്കോറുകാര്.
പുണെയ്ക്കായി 1948ല്‍ മഹാരാഷ്ട്ര താരം ബി.ബി. നിംബാല്‍ക്കറാണ് ഇതിന് മുന്‍പ് 400 റണ്‍സ് നേടിയ ഇന്ത്യന്‍ താരം. നേട്ടത്തോടെ സാക്ഷാല്‍ ഡോണ്‍ ബ്രാഡ്മാന്റെയും ബ്രയാന്‍ ലാറയുടെയും റെക്കോര്‍ഡ് പട്ടികയിലേക്കാണ് സുതാറും അടിച്ചു കയറിയത്. 501 റണ്‍സ് നേടിയ ബ്രയാന്‍ ലാറ (1994 ജൂണ്‍ 2), 499 റണ്‍സ് നേടിയ ഹനിഫ് മുഹമ്മദ് (1959 ജനുവരി, 452 റണ്‍സ് നേടിയ ഡോണ്‍ ബ്രാഡ്മാന് (1930 ജനുവരി 3), 443 റണ്‍സെടുത്ത ബി.ബി.നിംബല്‍ക്കര്‍ (1948 ഡിസംബര്‍ 16) 437 റണ്‍സെടുത്ത പോണ്‍സ്ഫോര്‍ഡ് (1927 ഡിസംബര്‍ 16) എന്നിവരാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ 400 റണ്‍സിലേറെ നേടിയവരിലെ ആദ്യ അഞ്ചുപേര്‍.
രഞ്ജി കരിയറില്‍ നിര്‍ണായക നേട്ടമാണ് സുതാര്‍ സ്വന്തമാക്കിയത്. അരങ്ങേറ്റത്തില്‍ ഒറ്റ റണ്‍സിനായിരുന്നു സുതാറിന് സെഞ്ചറി നഷ്ടമായത്. മിസോറാം ടീമില്‍ ചേരുന്നതിന് മുന്‍പ് വിജയ് ഹസാരെയില്‍ മുംബൈയ്ക്കായും സുതാര്‍ കളിച്ചിട്ടുണ്ട്.