mahela-jayawardene-leaves-mumbai-indians
  • ' ഒന്നിച്ച് അവിസ്മരണീയമായ അനവധി നിമിഷങ്ങള്‍ നമ്മള്‍ ആഘോഷിച്ചു. പ്രതിസന്ധികളെ നേരിട്ടു, അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ സ്വന്തമാക്കി'

2027 ഐപിഎല്‍ സീസണിന് മുന്‍പായി മുംബൈ ഇന്ത്യന്‍സിന്‍റെ മുഖ്യ പരിശീലക സ്ഥാനം ഒഴിഞ്ഞ് മഹേള ജയവര്‍ധനെ. മുംബൈ ഇന്ത്യന്‍സിന്‍റെ ക്യാപ്റ്റന്‍സിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുന്നതിനിെടയാണ് ജയവര്‍ധനെയുടെ മടക്കം. മുംബൈ ഇന്ത്യന്‍സുമായി പതിറ്റാണ്ടോളം നീണ്ട ബന്ധമാണ് ഇതോടെ അവസാനിക്കുന്നത്. കഴിഞ്ഞ രണ്ട് സീസണുകളില്‍ മുംബൈയുടെ ഹെഡ് കോച്ചായിരുന്നു ജയവര്‍ധനെ. 2017 മുതല്‍ 2022 വരെയും അദ്ദേഹം കോച്ചായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

'ഒരു ദശാബ്ദമായി എന്‍റെ യാത്രയിലെ സവിശേഷ ഭാഗമായിരുന്നു മുംൈബ ഇന്ത്യന്‍സ്. കളിക്കാര്‍, കോച്ചിങ് ടീം, എന്നിവരുടെ അകമഴിഞ്ഞ പിന്തുണയും എല്ലാത്തിലും ഉപരിയായി ആരാധകരുടെ സ്നേഹവും എക്കാലവും അമൂല്യമായി ഞാന്‍ സൂക്ഷിക്കും. ഒന്നിച്ച് അവിസ്മരണീയമായ അനവധി നിമിഷങ്ങള്‍ നമ്മള്‍ ആഘോഷിച്ചു. പ്രതിസന്ധികളെ നേരിട്ടു, അഭിമാനാര്‍ഹമായ നേട്ടങ്ങള്‍ സ്വന്തമാക്കി. നിത അംബാനിക്കും ആകാശ് അംബാനിക്കും പ്രത്യേകം നന്ദി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അവരെന്നില്‍ അര്‍പ്പിച്ച വിശ്വാസം, നല്‍കിയ പിന്തുണയും സൗഹൃദവും വിലമതിക്കാനാവാത്തതാണ്. അങ്ങേയറ്റം അഭിമാനത്തോടെയാണ് ഞാന്‍ യാത്ര പറയുന്നത്. ഇവിടെ നിന്ന് ലഭിച്ച നിമിഷങ്ങളെ ഒപ്പം കൂട്ടുന്നു. ടീമിന് തുടര്‍ന്നുള്ള വര്‍ഷങ്ങളിലും എല്ലാ വിജയവും നന്‍മകളും നേരുന്നു'- ജയവര്‍ധനെ കുറിച്ചു. 

ഐപിഎല്‍ ലേലത്തിന് മുന്‍പ് തന്നെ കോച്ചിനെ കണ്ടെത്തുകയാകും മുംബൈയ്ക്ക് മുന്നിലുള്ള വെല്ലുവിളി. വരുന്ന സീസണില്‍ മുംബൈയുടെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് രോഹിത് ശര്‍മ മടങ്ങിയെത്തിയേക്കുമെന്ന് അഭ്യൂഹങ്ങള്‍ സജീവമാണ്. മാനേജ്മെന്‍റ് രോഹിതിന് അനുകൂല നിലപാടാണ് കൈക്കൊണ്ടതെന്നാണ് സൂചന. 2013,2015,2017,2019,2020 വര്‍ഷങ്ങളില്‍ മുംബൈ കിരീടം നേടിയത് രോഹിതിന്‍റെ ക്യാപ്റ്റന്‍സിയിലായിരുന്നു. 2024 ലാണ് രോഹിതിന് പകരം ഹാര്‍ദിക് പാണ്ഡ്യ ക്യാപ്റ്റനായത്. 2024 ല്‍ പോയിന്‍റ് പട്ടികയില്‍ ഒടുക്കമെത്താനായിരുന്നു മുംബൈയുടെ വിധി. 2025 ല്‍ പ്ലേ ഓഫ് കാണാതെ പുറത്തായി. 2020 ന് ശേഷമുള്ള കിരീട വരള്‍ച്ച അവസാനിപ്പിക്കാന്‍ രോഹിതിന്‍റെ നേതൃത്വം വേണമെന്ന് മാനേജ്മെന്‍റ് അഭിപ്രായപ്പെട്ടുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

ENGLISH SUMMARY:

Mahela Jayawardene has stepped down as head coach of Mumbai Indians ahead of the 2027 IPL season, ending a nearly decade-long association with the franchise. He served as head coach from 2017 to 2022 and returned to the role for the last two seasons. Jayawardene thanked the players, coaching staff, fans and team owners Nita Ambani and Akash Ambani for their support throughout his tenure.