abhishek-sharma

മൂന്നാം ട്വന്റി 20യില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് 14 റണ്‍സ് ജയം. പരമ്പരയില്‍ ഇന്ത്യ മുന്നിലെത്തി. ജയിക്കാന്‍ 224 റണ്‍സ് വേണ്ടിയിരുന്ന വെസ്റ്റ് ഇന്‍ഡീസിന് 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. പ്രതീക്ഷയായിരുന്ന ഹോപ്പിനെ അഞ്ച് റണ്‍സുമായി നഷ്ടമായെങ്കിലും വിന്‍ഡീസ് ബാറ്റിങ് നിര പൊരുതി നോക്കി. പുരാന്‍ (42). ഹെറ്റ്മെയര്‍ (43), റുഥര്‍ഫോഡ്(32), സ്പ്രിങ്ങര്‍ (35) എന്നിവര്‍ ജയത്തിനായി പ്രയത്നിച്ചെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റെടുക്കാന്‍ ഇന്ത്യന്‍ ബോളര്‍മാര്‍ ശ്രദ്ധിച്ചു. അര്‍ഷ് ദീപ് സിങ് മൂന്നു വിക്കറ്റുകളെടുത്തു. 

 

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ പിന്‍ബലത്തില്‍ 20 ഓവറിൽ 223 റൺസെടുത്തു.  30 പന്തില്‍ 69 റണ്‍സെടുത്ത അഭിഷേകിന്റെ ‘റണ്‍സ് അഭിഷേകം’ ആയിരുന്നു ക്രീസില്‍ കണ്ടത്. 18 പന്തില്‍ നിന്നാണ് അഭിഷേക് അര്‍ധസെഞ്ചുറി തികച്ചത്. രാജ്യാന്തര ട്വന്റി 20യില്‍ അതിവേഗം രണ്ടായിരം റണ്‍സ് തികയ്ക്കുന്ന താരമായി അഭിഷേക്. സൂര്യകുമാര്‍ യാദവിന്റെ റെക്കോര്‍ഡാണ് മറികടന്നത്. സഞ്ജു സാംസണും ശ്രേയസ് അയ്യര്‍ക്കും രണ്ടക്കം കടക്കാനായില്ല.  ഇഷാന്‍ കിഷന്‍ 37 റണ്‍സും തിലക് വര്‍മ 28 റണ്‍സുമെടുത്തു. എട്ടാം ഓവറിൽ നൂറു കടന്ന ഇന്ത്യയ്ക്ക്, അടുത്ത 12 ഓവറിൽ 120 റൺസെടുക്കാനെ സാധിച്ചുള്ളൂ. രണ്ടു വീതം വിക്കറ്റ് വീഴ്ത്തിയ റോസ്റ്റൻ ചേസ്, ഷാമർ സ്പ്രിംഗർ, ഷമാർ ജോസഫ് എന്നിവരാണ് ഇന്ത്യൻ ഇന്നിങ്സിനെ തകർത്തത്.

 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ തന്നെ ഓപ്പണർ സഞ്ജു സാംസണെ (6 പന്തിൽ 3) നഷ്ടമായി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒന്നിച്ച അഭിഷേകും ഇഷാൻ കിഷനും കളം നിറഞ്ഞതോടെ ഇന്ത്യൻ സ്കോർ അതിവേഗം കുതിച്ചു. വെറും 18 പന്തിലാണ് അഭിഷേക് ഫിഫ്റ്റിയടിച്ചത്. വിൻഡീസിനതിരെ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗമേറിയ അർധസെഞ്ചറിയാണ് ഇത്. ഏഴാം തവണയാണ് അഭിഷേക് പവർപ്ലേയ്ക്കുള്ളിൽ അർധസെഞ്ചറി പൂർത്തിയാക്കുന്നത്. ആറ് ഓവറിനുള്ളിൽ ഏറ്റവും കൂടുതൽ അർധസെഞ്ചറി നേടിയ താരമായി അഭിഷേക് മാറി.

 

പവർപ്ലേ അവസാനിച്ചപ്പോൾ 1ന് 87 എന്ന നിലയിലായിരുന്നു ഇന്ത്യ. ഇതിനു ശേഷവും അഭിഷേക് ‘അടി’ തുടർന്നതോടെ എട്ടാം ഓവറിൽ ഇന്ത്യൻ സ്കോർ 100 കടന്നു. ഇതോടെ 300+ ടോട്ടൽ എന്ന മാജിത് നമ്പറിലേക്ക് ഇന്ത്യ എത്തുമെന്ന് ആരാധകർ കരുതി. എന്നാൽ 9–ാം ഓവറിൽ ഇഷാൻ കിഷൻ വീണതോടെ ഇന്ത്യൻ കുതിപ്പ് മന്ദഗതിയിലായി. അതേ ഓവറിൽ തന്നെ ശ്രേയസ്സ് അയ്യരും (1 പന്തിൽ 2), തൊട്ടടുത്ത ഓവറിൽ അഭിഷേകും വീണതോടെ ഇന്ത്യൻ ഇന്നിങ്സിന്റെ മൊമന്റം പൂർണമായി നഷ്ടമായി. പിന്നീട് തിലക് വർമ (16 പന്തിൽ 28), നിതീഷ് കുമാർ റെഡ്ഡി (14 പന്തിൽ 21) അക്ഷർ പട്ടേൽ (14 പന്തിൽ 20) എന്നിവരുടെ ബാറ്റിങ്ങാണ് സ്കോർ 200 കടത്തിയത്.

 

 

 

 

 

ENGLISH SUMMARY:

Abhishek Sharma fastest T20 fifty helped India secure a thrilling 14-run victory against West Indies in the third T20 match. With this win, India has taken a crucial lead in the ongoing cricket series.