ജപ്പാനില്‍ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റിനുള്ള താമസസൗകര്യങ്ങളില്‍ തൃപ്തി അറിയിച്ച് ബി.സി.സി.ഐ. കളിക്കാര്‍ നഗോയയിലായിരിക്കും താമസിക്കുകയെന്ന് ഇന്ത്യൻ ടീമിന്‍റെ യാത്രയയപ്പ് ചടങ്ങിൽ ബി.സി.സി.ഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല പറഞ്ഞു.
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ് താരങ്ങള്‍ക്കായി ജപ്പാാനില്‍ ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍ തീരെ കുറഞ്ഞതാണെന്ന വിവാദമുയര്‍ന്ന സാഹചര്യത്തിലാണ് ബിസിസിഐയുടെ വിശദീകരണം. സംഘാടകർ നൽകുന്ന ഏതു സൗകര്യത്തിലും കളിക്കാർ തൃപ്തരാണെന്നും പഞ്ചനക്ഷത്ര ഹോട്ടലുകൾ അല്ലെങ്കിലും താമസസൗകര്യങ്ങള്‍ മികവുറ്റതാണെന്നും ബിസിസിഐ വ്യക്തമാക്കി. ഒസാക്കയിലോ ടോക്കിയോയിലോ താമസം ഏർപ്പെടുത്തിയാൽ അത് വേദികളിൽ നിന്ന് വളരെ ദൂരത്തിലാകും എന്നതിനാലാണ് നഗോയയിൽ തന്നെ തുടരാൻ തീരുമാനിച്ചത്. കളിക്കാർക്ക് ഹോട്ടൽ മുറികൾ ലഭിക്കുന്നതിനേക്കാൾ പ്രധാനം ഗ്രൗണ്ട്, പിച്ച്, ഡ്രസ്സിംഗ് റൂം എന്നിവയുടെ നിലവാരമാണെന്നും, ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ സംഘം പരിശോധന നടത്തി ഇതിൽ തൃപ്തി രേഖപ്പെടുത്തിയിട്ടുണ്ടെന്നും രാജീവ് ശുക്ല പറഞ്ഞു.
ബി ടീമിനെയാണ് ഇന്ത്യ അയക്കുന്നത് എന്ന പ്രചാരണം ബിസിസിഐ തള്ളി. ഏറ്റവും മികച്ച നിര തന്നെയാണ് ടൂർണമെന്‍റിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതെന്നും രാജീവ് ശുക്ല വ്യക്തമാക്കി. അതേസമയം, താമസസൗകര്യങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്‍റ് പി.ടി. ഉഷയും അറിയിച്ചു. കപ്പലുകളിലും ചെറിയ വില്ലകളിലുമായാണ് കായികഗ്രാമത്തിലെ താമസസൗകര്യം. താരങ്ങൾക്കായി ഒറ്റയ്ക്കുള്ള മുറികളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ മാസം 20ന് ടോക്കിയോയിലേക്ക് തിരിക്കുന്ന ഇന്ത്യൻ സംഘം 22ന് ജപ്പാനുമായി ട്വന്റി20യില്‍ ഏറ്റുമുട്ടും. 28നാണ് ഇന്ത്യയുടെ ഏഷ്യൻ ഗെയിംസ് പോരാട്ടങ്ങൾ ആരംഭിക്കുന്നത്.