കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന്റെ ആദ്യ മത്സരത്തിൽ തൃശ്ശൂർ ടൈറ്റൻസിന് ജയം. കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ 7 വിക്കറ്റിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് 8 വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിൽ തൃശൂർ 16.5 ഓവറിൽ ലക്ഷ്യം മറികടന്നു. തൃശൂറിനായി നിഖിൽ തോട്ടത്ത് അർദ്ധസെഞ്ചുറി നേടി.
ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഗ്ലോബ് സ്റ്റാര്‍സിന് ഇന്നിങ്‌സിലെ രണ്ടാം പന്തില്‍ തന്നെ വരുണ്‍ നായനാരുടെ വിക്കറ്റ് നഷ്ടമായി. ആനന്ദ് ജോസഫിന്റെ പന്തില്‍ നിഖില്‍ തോട്ടത്ത് ക്യാച്ചെടുത്താണ് വരുണ്‍ മടങ്ങിയത്. രണ്ടാം വിക്കറ്റില്‍ രോഹന്‍ കുന്നുമ്മലും കെ.എസ്.അരവിന്ദും ചേര്‍ന്ന് 55 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തുടര്‍ന്നുള്ള ഓവറുകളില്‍ ഇരുവരെയും പുറത്താക്കി ബിജു നാരായണന്‍ കാലിക്കറ്റിന്റെ കുതിപ്പിന് തടയിട്ടു.
രോഹന്‍ കുന്നുമ്മല്‍ 30 റണ്‍സും, അരവിന്ദ് 26 റണ്‍സെടുമെടുത്ത് മടങ്ങി. തുടര്‍ന്നെത്തിയ അഖില്‍ സ്‌കറിയയും (9), അശ്വിന്‍ ആനന്ദും (2) കാര്യമായ സംഭാവനകളില്ലാതെ പുറത്തായി. സല്‍മാന്‍ നിസാര്‍ രണ്ട് ബൗണ്ടറികളുമായി മികച്ച രീതിയില്‍ തുടങ്ങിയെങ്കിലും 13 റണ്‍സെടുത്ത് പുറത്തായി. ഏഴാമനായെത്തിയ കൃഷ്ണദേവന്റെ ഇന്നിങ്‌സാണ് കാലിക്കറ്റിന്റെ സ്‌കോര്‍ 137-ല്‍ എത്തിച്ചത്. തൃശൂരിനു വേണ്ടി ആനന്ദ് ജോസഫും ബിജു നാരായണനും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തി.