കെസിഎല്ലിലെ രണ്ടാം മത്സരത്തിൽ നിലവിലെ ചാംപ്യന്‍മാരായ കൊച്ചി ബ്ലൂ ടൈഗേഴ്‌സിന് ജയം. കൊല്ലം സെയിലേഴ്‌സിനെ 31 റൺസിന് തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 189 റൺസെടുത്തത്. ആറാം വിക്കറ്റിൽ സച്ചിൻ സുരേഷും കാർത്തിക് ബി. നായരും ചേർന്നുള്ള തകർപ്പൻ കൂട്ടുകെട്ടാണ് കൊച്ചിയെ മികച്ച സ്കോറിലെത്തിച്ചത്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊച്ചി ബ്ലൂ ടൈഗേഴ്സിനു വേണ്ടി വിനൂപ് മനോഹരനും വിപുൽ ശക്തിയും ചേർന്നാണ് ഇന്നിങ്സ് തുറന്നത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 56 റൺസ് കൂട്ടിച്ചേർത്തു. വിനൂപ് മനോഹരൻ 37 റൺസും വിപുൽ ശക്തി 12 റൺസുമെടുത്ത് പുറത്തായി. ജോബിൻ ജോബിയും (7), മനുകൃഷ്ണനും (13), സാലി സാംസനും (8) കാര്യമായ സംഭാവനകളില്ലാതെ മടങ്ങി.

ഇഴഞ്ഞുനീങ്ങിയ കൊച്ചിയുടെ ഇന്നിങ്സിന് വേഗത കൈവന്നത് ആറാം വിക്കറ്റിൽ സച്ചിൻ സുരേഷും കാർത്തിക്.ബി.നായരും ഒത്തുചേർന്നതോടെയാണ്. അവസാന അഞ്ച് ഓവറിൽ ഇരുവരും ചേർന്ന് 78 റൺസാണ് അടിച്ചുകൂട്ടിയത്. സച്ചിൻ സുരേഷ് 32 പന്തുകളിൽനിന്ന് 58 റൺസും കാർത്തിക് ബി. നായർ 17 പന്തുകളിൽ 38 റൺസും നേടി പുറത്താകാതെ നിന്നു. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്ലം സെയിലേഴ്സ് 20 ഓവറില്‍ 158 റണ്‍സിന് ഒതുങ്ങി. സെയിലേഴ്സിനു വേണ്ടി വിജയ് വിശ്വനാഥ് രണ്ട് വിക്കറ്റ് വീഴ്ത്തി. 

ENGLISH SUMMARY:

Kochi Blue Tigers emerged victorious in their second Kerala Cricket League match, defeating Kollam Sailors by 31 runs. The defending champions posted a strong total of 189/5 in 20 overs, with a crucial partnership in the latter half of their innings.