Image Credit:instagram/delhiPremierLeaguet20
ഡല്‍ഹി പ്രീമിയര്‍ ലീഗ് മല്‍സരത്തിനിടെ പന്ത് മുഖത്തടിച്ച് പരുക്കേറ്റ അംപയര്‍ ധര്‍മേഷ് ഭരദ്വാജ് ഐസിയുവില്‍. ഈസ്റ്റ് ഡല്‍ബി റൈഡേഴ്സും ന്യൂ ഡല്‍ഹി ടൈഗേഴ്സും തമ്മിലുള്ള മല്‍സരത്തിനിടെയാണ് അംപയര്‍ക്ക് സാരമായ പരുക്കേറ്റത്. ന്യൂഡല്‍ഹി ടൈഗേഴ്സിന്റെ ബാറ്റിങിന്റെ 18–ാം ഓവറിലാണ് സംഭവം. ആശിഷ് മീണയുടെ പന്ത് ലക്ഷയ് തരേജ അടിച്ചു പറത്തിയത് നേരെ അംപയറുടെ മുഖത്തടിക്കുകയായിരുന്നു. പരുക്കേറ്റ ഭരദ്വാജിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചു. നിരവില്‍ നിരീക്ഷണത്തിലാണ്.
ചെവിയോട് ചേര്‍ന്ന് കവിളില്‍ പന്തടിച്ച് കൊണ്ടതിനെ തുടര്‍ന്ന് വേദന കൊണ്ട് ഭരദ്വാജ് പുളയുന്നതും കൈ കൊണ്ട് മറച്ച് പിടിക്കുന്നതും വിഡിയോയില്‍ കാണാം. അംപയര്‍ക്ക് മേല്‍ പന്തിടിച്ചുവെന്ന് കണ്ടതോടെ ഞെട്ടിത്തരിച്ച് ബാറ്റര്‍ തലയില്‍ കൈവച്ചിരിക്കുന്നുമുണ്ട്. ഡല്‍ഹി പ്രീമിയര്‍ ലീഗിനിടെ നേരത്തെ ഭരദ്വാജിന്റെ തോളിനും പരുക്കേറ്റിരുന്നു.
അതേസമയം, മല്‍സരത്തില്‍ ഡല്‍ഹി റൈഡേഴ്സ് 36 റണ്‍സിന് ജയിച്ചു. 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സാണ് ഡല്‍ഹി റൈഡേഴ്സ് അടിച്ചു കൂട്ടിയത്. ഓപ്പണര്‍മാരായ മെഹ്റയും റാണയും ചേര്‍ന്ന് 62 റണ്‍സാണ് 5.4 ഓവറില്‍ അടിച്ചെടുത്തത്. പിന്നാലെയെത്തിയ മായങ്കും (40) സുയാന്‍ഷ് റെയ്ന(33) പൊരുതാവുന്ന സ്കോറിലേക്ക് കടത്തി. 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂ ഡല്‍ഹി ടൈഗേഴ്സിന് മികച്ച തുടക്കം ലഭിച്ചുവെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീണത് തിരിച്ചടിയായി. 10.2 ഓവറില്‍ നാലിന് 94 എന്ന് സ്കോര്‍ ആയതോടെ ടീം സമ്മര്‍ദത്തിലുമായി. പിന്നീട് കളിയിലേക്ക് തിരിച്ചുവരാനും കഴിഞ്ഞില്ല.