കെസിഎൽ മൂന്നാം സീസണിലേക്കുള്ള ടീം ലോഞ്ചും ജേഴ്സി പ്രകാശനവും നടത്തി അലപ്പി റിപ്പിൾസ്. ആലപ്പുഴയിൽ നടന്ന ചടങ്ങിൽ നടൻ നരേൻ ജേഴ്സി പ്രകടനം നടത്തി. ഡാർക്ക് പർപ്പിൾ നിറത്തിൽ പൊന്നിൻ തിളക്കമുള്ള വരകളുള്ള ജേഴ്‌സിയാണ് ടീമിന്‍റേത്.
മ്യൂസിക് ബാൻഡ് താമരശേരി ചുരത്തിന്‍റെ ഗാനങ്ങളും, ഡി.ജെ റിക്കി ബ്രൗണിന്‍റെ സംഗീതവും കൊഴുപ്പേകിയ ചടങ്ങിൽ ചലച്ചിത്ര നടൻ നരേൻ പുതിയ ജേഴ്‌സി പ്രകാശനവും ടീം ലോഞ്ചും നിർവഹിച്ചു. തീരദേശത്തിന്റെ ഊർജവും രാജകീയ പാരമ്പര്യവും ഒരുപോലെ അണിനിരത്തുന്നതായിരുന്നു ടീമിന്‍റെ ജേഴ്‌സി പ്രകാശനം. നിറങ്ങൾ ആലപ്പുഴയുടെ കായിക വീര്യത്തെയും പാരമ്പര്യത്തെയുമാണ് പ്രതിനിധാനം ചെയ്യുന്നത്. ടീമിന്‍റെ പോരാട്ട വീര്യത്തിന് പൂർണ പിന്തുണ പ്രഖ്യാപിച്ച നടൻ നരേൻ, ആലപ്പി റിപ്പിൾസിന് മികച്ച മുന്നേറ്റം നടത്താനാകട്ടെ എന്ന് ആശംസിച്ചു.
നരേനും ടീം ഉടമ ടി എസ്. കലാധരനും ചേർന്ന് അലപ്പി റിപ്പിൾസ് ഒഫീഷ്യൽ വെബ്സൈറ്റ് ലോഞ്ച് ചെയ്തു. ടീം മികവ് കാട്ടുമെന്ന് നായകൻ സച്ചിൻ ബേബി പറഞ്ഞു. മുഹമ്മദ് അസറുദ്ദീനാണ് വൈസ് ക്യാപ്റ്റൻ. മുൻ കേരള താരം നിഖിലേഷ് സുരേന്ദ്രനാണ് ടീമിന്‍റെ മുഖ്യപരിശീലകൻ. മുൻ താരം കെ. എസ്. മോനിഷ്, ഫർസീൻ അഹമ്മദ് എന്നിവർ സഹപരിശീലകരായും ഒപ്പമുണ്ട്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ പരിശീലക സംഘത്തിൽ പ്രവർത്തിച്ചിട്ടുള്ള ഗബ്രിയേൽ ബെൻ കുര്യനാണ് ഫീൽഡിങ് കോച്ച്. രാജസ്ഥാൻ റോയൽസിന്‍റെ സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ് കോച്ചായ വിനീത് കുമാർ എന്നിവരാണ് ഇത്തവണ ആലപ്പിയുടെ സ്ട്രെങ്ത് ആൻഡ് കണ്ടീഷനിങ് പരിശീലകരായി എത്തുന്നത്.
റേസ് റാഫേൽ ക്രിക്കറ്റ് അക്കാദമി, ആർ.ജി. ഗ്രൂപ്പ് , സി.എസ്.എസ് കിങ്സ്റ്റൺ, ടൈക, ഷെറിൽ, ഹാദി ഹോംസ്, ഹൈപ്പർഐസ് തുടങ്ങിയവരാണ് ടീമിന്‍റെ പ്രധാന സ്‌പോൺസർമാർ. സച്ചിൻ ബേബി, മുഹമ്മദ് അസ്ഹറുദ്ദീൻ, ജലജ് സക്സേന എന്നിവരുൾപ്പെടുന്ന അതിശക്തമായ ബാറ്റിങ് നിരയാണ് ഇത്തവണ റിപ്പിൾസിന്‍റേത്. സിബിൻ ഗിരീഷ്, അഭിജിത് പ്രവീൺ തുടങ്ങി ടൂർണമെന്‍റിലെ തന്നെ മികച്ച ഒരുപിടി ഓൾറൗണ്ടർമാരും ടീമിന് കരുത്തേകുന്നു.