കളിക്കാരുടെ പരുക്കിന്‍റെ പേരിൽ ദേശീയ ക്രിക്കറ്റ് അക്കാദമിയെ പഴിചാരരുതെന്ന് വി.വി.എസ്. ലക്ഷ്മൺ. കളിക്കാര്‍ യന്ത്രങ്ങളല്ലെന്നും പ്രതീക്ഷിക്കുന്ന സമയത്ത് കായികക്ഷമത വീണ്ടെടുക്കാന്‍ ചിലപ്പോള്‍ കഴിഞ്ഞെന്ന് വരില്ലെന്നും അദ്ദേഹം പറഞ്ഞു. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം സംസാരിക്കുകയായിരുന്നു ലക്ഷ്മണ്‍.

ജസ്പ്രീത് ബുമ്ര,  ഹർഷിത് റാണ, ഹാർദിക് പാണ്ഡ്യ, വാഷിങ്ടൻ സുന്ദർ,സായ് സുദർശൻ തുടങ്ങിയവർ ദേശീയ ക്രിക്കറ്റ്  അക്കാദമിയിൽ കായിക ക്ഷമത വീണ്ടെടുത്തുവരികയാണെന്ന് അക്കാദമി തലവന്‍ വി.വി.എസ്. ലക്ഷ്മണ്‍ പറഞ്ഞു. അക്കാദമി ,കളിക്കാരെ പരുക്കില്‍ നിന്ന് മുക്തരാക്കുന്ന പുനരധിവാസ കേന്ദ്രം മാത്രമല്ല. അവരെ മികവിലേക്കെത്തിക്കുന്നതിലും വലിയ പങ്കുവഹിക്കുന്നുവെന്ന്   ലക്ഷ്മണ്‍.

പരുക്കുകൾ കരിയറിന്‍റെ ഭാഗമാണ്. ഇതൊരു ആശങ്കയായി  കരുതുന്നില്ല. ടീമിൽ തിരിച്ചെത്തുന്ന കളിക്കാരന് ആദ്യ മത്സരം മുതൽ മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയണമെന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ഒരു പരമ്പരയ്ക്ക്  മൂന്നോ നാലോ ആഴ്ച മുൻപാണ്  സിലക്ടര്‍മാരുടെ യോഗം ചേരുന്നതെന്നും ആ സമയത്ത് കളിക്കാരന്‍റെ കായികക്ഷമത കൃത്യമായി  അറിയാനാകില്ലെന്നും ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞു.

കളിക്കാരുടെ പരുക്ക് സംബന്ധിച്ച്  അക്കാദമിയുടെ സിലക്‌ഷൻ കമ്മിറ്റിയും തമ്മിൽ ഭിന്നതയുണ്ടെന്ന് ആക്ഷേപം ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച.

ENGLISH SUMMARY:

VVS Laxman stated that the National Cricket Academy should not be blamed for player injuries, emphasizing that cricketers are not machines and may not always recover within expected timelines. He also highlighted the academy's crucial role in not just rehabilitation but also enhancing player performance.