ഇംഗ്ലണ്ട് ക്രിക്കറ്റ് ആരാധകരില്‍ ആശങ്ക വിതച്ച് പേസ് ബോളർ ഗസ് അറ്റ്കിൻസണ് പരിക്ക്. കൗണ്ടി ചാമ്പ്യൻഷിപ്പിനിടെ ഹെല്‍മറ്റില്‍ പന്തുകൊണ്ട് തലയ്ക്ക് പരിക്കേറ്റ താരം കൺകഷൻ ടെസ്റ്റിൽ (തലയ്ക്കേറ്റ ക്ഷതം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിച്ചിട്ടുണ്ടോ എന്നറിയാനുള്ള ക്ലിനിക്കല്‍ പരിശോധന) പരാജയപ്പെട്ടു. ഇതോടെ ന്യൂസീലാന്‍ഡിനെതിരെ അടുത്ത മാസം നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ അറ്റ്കിൻസണ്‍ കളിക്കുന്ന കാര്യം അനിശ്ചിതത്വത്തിലായി.

ഞായറാഴ്ച സറെയും നോട്ടിങ്ങാംഷറും തമ്മിൽ നടന്ന മത്സരത്തിനിടെയാണ് സംഭവം. ബാറ്റ് ചെയ്യുന്നതിനിടെ ഇംഗ്ലണ്ട് ദേശീയ ടീമിലെ സഹതാരം കൂടിയായ ജോഷ് ടംഗിന്റെ ബൗൺസറുകൾ രണ്ട് തവണ അറ്റ്കിന്‍സണിന്‍റെ ഹെൽമെറ്റിൽ കൊണ്ടു. ആദ്യ തവണ ഹെല്‍മറ്റില്‍ പന്തുകൊണ്ടപ്പോള്‍ പിച്ചില്‍ വച്ച് പ്രാഥമിക പരിശോധനകൾ നടത്തിയ ശേഷം ഇരുപത്തിയെട്ടുകാരനായ അറ്റ്കിൻസൺ ബാറ്റിംഗ് തുടർന്നിരുന്നു. എന്നാൽ പിന്നീട് അസ്വസ്ഥത പ്രകടിപ്പിച്ച താരം വീണ്ടും ചികിത്സ തേടുകയും, തുടര്‍ന്ന് കളി നിര്‍ത്തുകയുമായിരുന്നു. പിന്നീട് നടത്തിയ വിശദ പരിശോധനയിലാണ് താരത്തിന് തലയില്‍ ക്ഷതമുണ്ടായെന്ന് സ്ഥിരീകരിച്ചത്.

‘അറ്റ്കിൻസൺ കൺകഷൻ ടെസ്റ്റിൽ പരാജയപ്പെട്ടു, അതുകൊണ്ടാണ് അദ്ദേഹം ഈ മത്സരത്തിൽ നിന്ന് പിന്മാറിയത്. കുഴപ്പമൊന്നുമില്ലെന്നാണ് അറ്റ്കിന്‍സണ്‍ പറഞ്ഞത്. പക്ഷേ കളിക്കാരുടെ ആരോഗ്യത്തിനാണ് ഞങ്ങൾ മുൻഗണന നൽകുന്നത്. അറ്റ്കിന്‍സണിന്‍റെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്." – സറെ മുഖ്യ പരിശീലകൻ  ഗാരെത് ബാറ്റി ഇൻസ്റ്റഗ്രാം വീഡിയോയിൽ പറഞ്ഞു.

ഇംഗ്ലണ്ടിന് തിരിച്ചടി: ജൂൺ 4-ന് ലോർഡ്സിൽ ആരംഭിക്കുന്ന ന്യൂസിലൻഡിനെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ഇംഗ്ലണ്ട് ടീമിന് അറ്റ്കിൻസന്റെ പരിക്ക് വലിയ തിരിച്ചടിയാണ്. നിലവിൽ മികച്ച ഫോമിലുള്ള താരം പരമ്പരയ്ക്ക് മുൻപ് പൂർണ്ണ കായികക്ഷമത വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡും ആരാധകരും.

England Pacer Gus Atkinson Suffers Head Injury; Major Concern Ahead of New Zealand Series:

England fast bowler Gus Atkinson faces injury concerns ahead of next month's Test series against New Zealand after failing a concussion test during a County Championship match. Playing for Surrey against Nottinghamshire, the 28-year-old was struck on the helmet twice by bouncers from international teammate Josh Tongue. Although he initially continued batting after on-field medical assessments, Atkinson later felt uneasy and was forced to retire hurt on 27. Surrey head coach Gareth Batty confirmed the concussion test failure, stating that the player’s health remains their top priority as England prepares for the first Test starting June 4 at Lord's.