മുംബൈ ഇന്ത്യന്‍സ്– ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സ് മത്സരം പാണ്ഡ്യ സഹോദരന്മാര്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ കൂടിയാണ്. മത്സരത്തില്‍ പല രസകര നിമിഷങ്ങളും സമ്മാനിക്കുന്ന ഹാര്‍ദിക്കിനും ക്രുനാലിനും ഇടയില്‍ ഇന്നലെ ഇത്തരത്തിലുള്ള നിമിഷങ്ങളൊന്നും ഉണ്ടായില്ല. രൂക്ഷമായ നോട്ടവും കനത്ത ബൗണ്‍സറും വിക്കറ്റ് വീണപ്പോഴുള്ള ആഘോഷവുമെല്ലാം കൂട്ടിയിണക്കി.
ഹാര്‍ദിക്കിനെതിരെ ക്രുനാല്‍ എറിഞ്ഞ ആദ്യ പന്ത് ബൗണ്‍സറായിരുന്നു. ബൗണ്‍സര്‍ എറിഞ്ഞപ്പോള്‍ രൂക്ഷമായ നോട്ടത്തോടെയാണ് ഹാര്‍ദിക്ക് ഇതിനോട് പ്രതികരിച്ചത്. അനുജന്‍റെ വിക്കറ്റ് വീണപ്പോഴുള്ള ക്രുനാലിന്‍റെ അമിത ആഘോഷമാണ് മറ്റൊന്ന്. പൊതുവെ ഹാര്‍ദിക് പുറത്താകുമ്പോള്‍ വലിയ ആഘോഷങ്ങളിലേക്ക് ക്രുനാല്‍ കടക്കാറില്ല. മുംബൈയ്ക്ക് എതിരായ മത്സരത്തില്‍ ക്യാച്ചെടുത്ത റൊമാരിയോ ഷെഫേർഡിന്‍റെ അടുത്തേക്ക് ഓടിയെത്തി ക്രുനാല്‍ തുള്ളിച്ചാടുകയായിരുന്നു.
മത്സരത്തിന് ശേഷം ഇരുവരും ഹസ്താദനം നല്‍കിയില്ലെന്നും ചില ആരാധകര്‍ വാദിക്കുന്നു. ഇതും പാണ്ഡ്യ സഹോദരന്മാർക്കിടയിൽ ഭിന്നതയുണ്ടെന്ന ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടുകയാണ്. മത്സരത്തിൽ 22 പന്തുകൾ നേരിട്ട ഹാർദിക് പാണ്ഡ്യ 40 റൺസെടുത്താണ് പുറത്തായത്. 15–ാം ഓവറില്‍ ജേക്കബ് ഡഫിയുടെ പന്തിലായിരുന്നു വിക്കറ്റ്.
ട്വന്‍റി20 ലോകകപ്പ് നേടിയ ടീമില്‍ അംഗമായ ഹാര്‍ദിക് പാണ്ഡ്യയെ അഭിനന്ദിച്ച് ക്രുനാല്‍ പോസ്റ്റിട്ടിരുന്നില്ല. സഹോദരന്‍റെ പിറന്നാല്‍ സമയത്ത് ഹാര്‍ദിക്കും ആശംസകള്‍ അറിയിച്ച് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റിട്ടിരുന്നില്ല. നതാഷയുമായുള്ള ഹാര്‍ദിക്കിന്‍റെ വിവാഹമോചനത്തിന് ശേഷം ക്രുനാലും ഭാര്യയും നാതാഷയ്ക്കൊപ്പം പൊതുവേദികളിലെത്തിയിരുന്നു എന്നും ആരാധകര്‍ സൂചിപ്പിക്കുന്നു.