കളിച്ച മൂന്നു കളിയും തോറ്റു. ചെന്നൈ സൂപ്പര്‍ കിങ്സ് ആരാധകര്‍ ആഗ്രഹിക്കാത്ത തുടക്കമാണ് ഐപിഎല്ലില്‍ ടീമിന് ലഭിച്ചിട്ടുള്ളത്. എം.എസ് ധോണി ഇല്ലാത്തതും ഓപ്പണിങില്‍ സഞ്ജു സാംസണ്‍ പരാജയപ്പെടുന്നതും ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക് വാദിന്‍റെ തീരുമാനങ്ങളും തോല്‍വിയുടെ സമയത്ത് വിമര്‍ശിക്കപ്പെടുന്നുണ്ട്. ഈ സമയത്ത് ആരാധകര്‍ ചൂണ്ടിക്കാണിക്കുന്ന വിഷയമാണ് ടീമിലെ ഓള്‍റൗണ്ടര്‍ പ്രശാന്ത് വീറിനെ ടീം ഉപയോഗിക്കുന്ന രീതി. 

ഉത്തര്‍പ്രദേശില്‍ നിന്നുള്ള താരത്തെ 14.2 കോടി രൂപയ്ക്കാണ് ചെന്നൈ വാങ്ങിയത്. രവീന്ദ്ര ജഡേജയ്ക്ക് പകരക്കാരനായി ഉപയോഗിക്കുന്നതിനൊപ്പം ടീമിന് സന്തുലിതാവസ്ഥയും ദീർഘകാല ഗുണവും നൽകുന്ന  സ്പിൻ ഓൾറൗണ്ടര്‍ എന്ന നിലയ്ക്കാണ് യുവതാരത്തിന് ചെന്നൈ ഇത്രയും വില നല്‍കിയത്. കളിച്ച രണ്ടു കളികളില്‍ ഒന്നില്‍ പോലും പന്തെറിയാന്‍ ചെന്നൈ ടീം പ്രശാന്ത് വീറിനെ അനുവദിച്ചില്ല. രാജസ്ഥാന്‍ റോയല്‍സിനും റോയല്‍ ചലഞ്ചേഴ്സ് െബംഗളൂരുവിനും എതിരെ പ്രശാന്ത് വീര്‍ ബാറ്റ് ചെയ്തു. 

ഈ സാഹചര്യത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലെ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനുമായാണ് താരതമ്യം ചെയ്യുന്നത്. 25.20 കോടി രൂപയ്ക്ക് കൊല്‍ക്കത്ത ടീമിലെടുത്ത ഓള്‍റൗണ്ടര്‍ക്ക് ബാറ്റ് ചെയ്യാന്‍ മാത്രമാണ് അനുമതി. ടൂര്‍ണമെന്‍റില്‍ ഇതുവരെ കാമറൂണ്‍ ഗ്രീന്‍ പന്തെറിഞ്ഞിട്ടില്ല. മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തില്‍ 221 റണ്‍സും സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ 226 റണ്‍സുമാണ് കൊല്‍ക്കത്ത ബൗളര്‍മാര്‍ വഴങ്ങിയത്. എന്നിട്ടും ഗ്രീനിനെ കൊല്‍ക്കത്ത പന്ത് ഏല്‍പ്പിച്ചില്ല.

കാമറൂണ്‍ ഗ്രീനിന് പന്തെറിയാന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് അനുമതി നല്‍കാത്തതാണ് ഇതിന് കാരണം. പുറംവേദനയുണ്ടായിരുന്ന താരത്തിന് പരുക്ക് പൂര്‍ണമായും ഭേദമായിട്ടില്ലെന്നും അതിനാല്‍ ക്ലിയറന്‍സ് നല്‍കാന്‍ സാധിക്കില്ലെന്നുമാണ് ക്രിക്കറ്റ് ഓസ്ട്രേലിയ വിശദീകരിച്ചത്. എന്നാല്‍ പ്രശാന്തിനെ സംബന്ധിച്ച് പരുക്കിന്‍റെയോ ക്ലിയറന്‍സിന്‍റെയോ വിഷയങ്ങളില്ല. ഇതാണ് ആരാധകര്‍ ചോദ്യം ചെയ്യുന്നത്. 

14 ലീഗ് മത്സരങ്ങള്‍ക്കായി 14.20 കോടി രൂപയാണ് ചെന്നൈ പ്രശാന്ത് വീറിനായി ചെലവാക്കുന്നത്. അതായത് ഒരു മത്സരത്തിന് 1.014 കോടി രൂപയാണ് ചെലവാക്കുന്നത്. ബാറ്റിങ്, ബൗളിങുമായി ഈ തുക വിഭജിച്ചാല്‍ ഒരു മത്സരത്തില്‍ 50.7 ലക്ഷം രൂപയാണ് ടീം നഷ്ടപ്പെടുത്തുന്നത്. 

ENGLISH SUMMARY:

Chennai Super Kings has had a disappointing start to IPL 2024, losing their initial matches. Fans are questioning the team's strategy, especially regarding all-rounder Shivam Dube's utilization and the high price paid for him. Comparisons are being drawn to Cameron Green's situation with Kolkata Knight Riders, where he is also not bowling.