ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ച് പഞ്ചാബ് കിങ്സ്. വിജയലക്ഷ്യമായ 210 റണ്‍സ് എട്ട് പന്ത് ബാക്കിയിരിക്കെ പഞ്ചാബ് മറികടന്നു. പഞ്ചാബിനായി ശ്രേയസ് അയ്യര്‍ അര്‍ധ സെഞ്ചുറി നേടി. ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ച പഞ്ചാബ് കിങ്സ് ഇതോടെ പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തി. തുടര്‍ച്ചയായ രണ്ടാം തോല്‍വിയോടെ ചെന്നൈ പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്തായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 209 റണ്‍സ് എടുത്തത്. ആയുഷ് മാത്രെ 43 പന്തില്‍ 73 റണ്‍സ് നേടി. വീണ്ടും നിരാശപ്പെടുത്തിയ സഞ്ജു ഏഴ് റണ്‍സ് മാത്രമാണ് നേടിയത്. ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് 28 റണ്‍സെടുത്തു. 27 പന്തില്‍ പുറത്താതെ 45 റണ്‍സ് േനടിയ ശിവം ദുബൈ, 12 പന്തില്‍ 32 റണ്‍സ് നേടിയ സര്‍ഫറാസ് ഖാന്‍ എന്നിവരുടെ ബാറ്റിങാണ് ചെന്നൈയ്ക്ക് വലിയ സ്കോര്‍ സമ്മാനിച്ചത്.
മറുപടി ബാറ്റിങില്‍ പഞ്ചാബ് തുടക്കം മുതലെ തകര്‍ത്തടിച്ചു. 61 റണ്‍സിലാണ് ആദ്യ വിക്കറ്റ് വീണത്. പഞ്ചാബിനായി പ്രബ്സിമ്രൻ സിങ് (34 പന്തിൽ 43), കൂപ്പർ കോണോലി (22 പന്തിൽ 36), പ്രിയൻഷ് ആര്യ (11 പന്തിൽ 39) എന്നിവര്‍ മികച്ച സ്കോര്‍ നേടി. 14.1 ഓവറിൽ പഞ്ചാബ് സ്കോർ 150 പിന്നിട്ടിരുന്നു. അവസാന 20 പന്തുകളിൽ 25 റൺസായിരുന്നു പഞ്ചാബിനു ജയിക്കാൻ വേണ്ടിയിരുന്നത്. അവസാന ഘട്ടത്തില്‍ ക്യാപ്റ്റന്‍ ശ്രേയസ്, നേഹല്‍ വധേര എന്നിവരുടെ വിക്കറ്റ് വീണെങ്കിലും മാർകസ് സ്റ്റോയ്നിസും ശശാങ്ക് സിങും ടീമിനെ വിജയത്തിലെത്തിക്കുകയായിരുന്നു.