sunil-gavaskar

പാക്കിസ്ഥാന്‍റെ ക്രിക്കറ്റ് പരിപാടിയില്‍ മുന്‍പ് പങ്കെടുത്തതിന്‍റെ പേരില്‍ തനിക്കെതിരെ ഉയര്‍ന്ന സൈബര്‍ ആക്രമണത്തിലും വിമര്‍ശനങ്ങളിലും രൂക്ഷമായി പ്രതികരിച്ച് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്കര്‍. കഴിഞ്ഞ ഏഷ്യാക്കപ്പിനിടെയാണ് ഗവാസ്കര്‍ പാക്കിസ്ഥാന്റെ ക്രിക്കറ്റ് പരിപാടിയില്‍ ഗസ്റ്റായി പങ്കെടുത്തത്. 'ഐസിസിയുടെയും എഷ്യാകപ്പിന്‍റെയും കമന്‍ററി പാനലുകളില്‍ ഞാന്‍ ഉണ്ടായിരുന്നു. ഐസിസിയിലായാലും എസിസിയില്‍ ആയാലും വരുമാനം എല്ലാ രാജ്യങ്ങള്‍ക്കുമായാണ് പോകുന്നത്. പക്ഷേ ഇന്ത്യന്‍ കമ്പനിയുടെ കാര്യത്തില്‍ അങ്ങനെയല്ല. പരിപാടിയിലെ കമന്‍റേറ്റര്‍മാര്‍ക്ക് ആര്‍ക്കും ഞാന്‍ പണം നല്‍കാത്തിടത്തോളം, അതിന് ഞാന്‍ ഏതെങ്കിലും തരത്തില്‍ ഉത്തരവാദിയാകുന്നതെങ്ങനെയാണ്?' എന്നായിരുന്നു മുംബൈ മിററിന് അനുവദിച്ച അഭിമുഖത്തില്‍ ഗവാസ്കര്‍ തുറന്നടിച്ചത്. 

മറ്റു കായികയിനങ്ങളുടെ കാര്യത്തില്‍ എങ്ങനെയാണെന്ന് തനിക്ക് അറിയില്ലെന്നും 'പാക്കിസ്ഥാനികള്‍ക്ക് ഇന്ത്യക്കാര്‍ പണം കൊടുക്കുന്നത് നിര്‍ത്തണമെന്ന് മാത്രമാണ് പ്രാര്‍ഥനയെന്നും മറിച്ച് ദശാബ്ദങ്ങളായി സംഭവിക്കാറില്ലെന്ന് സൂക്ഷ്മമായി ശ്രദ്ധിച്ചാല്‍ മനസിലാക്കാ'മെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ദ് ഹണ്‍ഡ്രഡ് ലേലത്തില്‍ പാക് താരം അബ്രാര്‍ അഹമ്മദിനെ സണ്‍റൈസേഴ്സ് ലീഡ്സ് സ്വന്തമാക്കിയതില്‍ ഗവാസ്കര്‍ വിമര്‍ശനം ഉന്നയിച്ചതോടെയാണ് പഴയ നിലപാട് സൂചിപ്പിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ നിറഞ്ഞത്. എന്നാല്‍ ഇന്ത്യന്‍ ഉടമകള്‍ ഇങ്ങനെ ചെയ്യുന്നത് രാജ്യത്തിന് ആഘാതമേറ്റുന്ന തീരുമാനമാണെന്നായിരുന്നു പഹല്‍ഗാം ഭീകരാക്രമണം സൂചിപ്പിച്ച് ഗവാസ്കറുടെ മറുപടി.

190,000 പൗണ്ട് (ഏകദേശം 2.35 കോടി രൂപ) നല്‍കിയാണ് പാക് താരം അബ്രാര്‍ അഹമ്മദിനെ സണ്‍റൈസേഴ്സ് ലീഡ്സ് ലേലത്തില്‍ പിടിച്ചത്. സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ അതേ ഉടമകളുടേതാണ് ലീഡ്സും. ലേലത്തിന് പിന്നാലെ കാവ്യാമാരന് നേരെയും കനത്ത സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. 'പാക് കളിക്കാരന് നല്‍കുന്ന തുകയില്‍ നിന്നാണ് അയാള്‍ ആദായ നികുതി അടയ്ക്കുന്നതും, പണം സ്വീകരിക്കുന്ന സര്‍ക്കാര്‍ അതുകൊണ്ട് ആയുധങ്ങള്‍ വാങ്ങിക്കൂട്ടുകയും അത് ഉപയോഗിച്ച് നമ്മുടെ സൈനികരുടെയും സാധാരണക്കാരുടെ ജീവനെടുക്കുകയും ചെയ്യുന്നുവെന്ന് വൈകിയാണെങ്കില്‍ക്കൂടി മനസിലേക്കേണ്ടതുണ്ട്. ഇന്ത്യന്‍ സ്ഥാപനങ്ങള്‍ പാക് കലാകാരന്‍മാരെയും കായിക താരങ്ങളെയും ടീമുകളിലെടുക്കുന്നതും ഏതെങ്കിലും തരത്തില്‍ സാമ്പത്തിക ഇടപാടിലെത്തുന്നതും ഒഴിവാക്കണ'മെന്നും മിഡ് ഡേ എന്ന തന്‍റെ പംക്തിയിലാണ് ഗവാസ്കര്‍ വ്യക്തമാക്കിയത്. ഇന്ത്യക്കാരുടെ ജീവനെടുക്കാന്‍ ഇന്ത്യന്‍ സ്ഥാനപങ്ങള്‍ തന്നെ സാമ്പത്തിക സഹായം ചെയ്യുന്നുവെന്നാണ് താന്‍ പറഞ്ഞതിന്‍റെ ലളിതമായ അര്‍ഥമെന്നും ഗവാസ്കര്‍ കൂട്ടിച്ചേര്‍ത്തു.

ENGLISH SUMMARY:

Cricket legend Sunil Gavaskar has strongly reacted to the cyberattacks regarding his past appearance on a Pakistani cricket show. The controversy erupted after Gavaskar criticized Sunrisers Leeds for picking Pakistani player Abrar Ahmed for £190,000 in 'The Hundred' auction. Gavaskar argued that Indian-owned franchises funding Pakistani athletes indirectly aids their government's military spending, referencing the Pahalgam terror attacks. In a fiery column for Mid-Day, he clarified that while ICC or ACC commentary stints benefit all nations, Indian private firms hiring Pakistani talent is a direct blow to national sentiments. Following the auction, Sunrisers owner Kavya Maran also faced intense social media trolling