ദ് ഹണ്ട്രഡ് താരലേലത്തിൽ കാവ്യ മാരന്‍റെ ഉടമസ്ഥതയിലുള്ള സൺറൈസേഴ്‌സ് ലീഡ്‌സ് പാക്കിസ്ഥാൻ സ്പിന്നർ അബ്രാർ അഹമ്മദിനെ വാങ്ങിയതില്‍ സൈബര്‍ രംഗത്ത് വിമര്‍ശനം കനക്കുന്നു. ഇപ്പോളിതാ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗാവസ്കര്‍. പാക് കളിക്കാര്‍ക്ക് നല്‍കുന്ന തുക ഇന്ത്യക്കാരെ ഇല്ലാതാക്കുന്നവരുടെ കൈകളിലേക്കാണ് എത്തിച്ചേരുന്നതെന്നാണ് സുനിൽ ഗവാസ്‌കർ മിഡ്-ഡേയില്‍ എഴുതി.
‘2008ലെ മുംബൈ ഭീകരാക്രമണത്തിനു ശേഷം ഐപിഎലിൽ ഇന്ത്യൻ ഫ്രാഞ്ചൈസികൾ പാക്ക് താരങ്ങളെ വാങ്ങാറില്ല. പാക് താരങ്ങള്‍ക്ക് നല്‍കുന്ന തുകയില്‍ നിന്നാണ് അവര്‍ അവരുടെ സർക്കാരിലേക്ക് ടാക്സ് അടക്കുന്നത്. ഈ നികുതിപ്പണം ഉപയോഗിച്ച് പാക്ക് സർക്കാർ ആയുധങ്ങൾ വാങ്ങുന്നു. അതായത് നമ്മള്‍ നല്‍കുന്ന തുക പരോക്ഷമായി ഇന്ത്യൻ സൈനികരുടെയും സാധാരണക്കാരുടെയും മരണത്തിന് കാരണമാകും’ സുനില്‍ ഗവാസ്കര്‍ കുറിച്ചു.
‘അതുകൊണ്ടു തന്നെ പാക്ക് താരങ്ങളെയും കലാകാരന്‍മാരെയും ഇന്ത്യൻ സ്ഥാപനങ്ങള്‍ ഉൾപ്പെടുത്താറില്ല. കാരണം ഇന്ത്യക്കാര്‍ നല്‍കുന്ന പണം അവിടെ ഇന്ത്യയ്ക്കെതിരെ തന്നെ ഉപയോഗിക്കപ്പെടും. സൺറൈസേഴ്സ് ലീഡ്സിന്റെ കോച്ച് ന്യൂസീലൻഡുകാരനാണ് അദ്ദേഹത്തിന് ഇതു മനസ്സിലാകണമെന്നില്ല. അതുകൊണ്ട് പാക്ക് കളിക്കാര്‍ തന്‍റെ ടീമില്‍ വേണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരിക്കാം. പക്ഷേ ടീമിന്‍റെ ഇന്ത്യന്‍ ഉടമകള്‍ സാഹചര്യം മനസ്സിലാക്കണമായിരുന്നു. ഇന്ത്യക്കാരുടെ ജീവിതത്തേക്കാൾ പ്രധാനമാണോ ഒരു ടൂർണമെന്റ് ജയിക്കുന്നത്?’ ഗാവാസ്കര്‍ ചോദിക്കുന്നു.
ടീം കളിക്കുന്ന മല്‍സരങ്ങളില്‍, അത് സ്വന്തം നാട്ടിലായാലും വിദേശത്തായാലും, ഇന്ത്യൻ ആരാധകർ ഈ വാങ്ങലിനെതിരെ പ്രതിഷേധിച്ചാലും അതിശയിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാണികള്‍ മല്‍സരം ബഹിഷ്കരിക്കുക പോലും ചെയ്യാമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. തെറ്റ് തിരുത്താൻ ഇനിയും സമയമുണ്ട്, ആലോചിച്ച് തീരുമാനം എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം, വിദേശ ലീഗുമായി ബന്ധപ്പെട്ട കരാറായതിനാൽ ബിസിസിഐക്ക് ഇടപെടാനാകില്ല എന്നാണ് ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പ്രതികരിച്ചത്.
ആദ്യമായാണ് ഒരു ഇന്ത്യന്‍ ഫ്രാഞ്ചൈസി പാക് താരത്തെ 'ദ് ഹണ്ട്രഡ്' ലേലത്തിലെടുക്കുന്നത്. 190,000 പൗണ്ടാണ് (ഏകദേശം 2.34 കോടി രൂപ) അബ്രാറിനായി സണ്‍റൈസേഴ്സ് ലീഡ്സ് മുടക്കിയത്. മുംബൈ ഇന്ത്യന്‍സിന്‍റെ ഉടമസ്ഥതയിലുള്ള MI ലണ്ടന്‍, ലക്നൗ സൂപ്പര്‍ ജയന്‍റ്സിന്‍റെ മാഞ്ചസ്റ്റര്‍ സൂപ്പര്‍ ജയന്‍റ്സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സിന്‍റെ സതേണ്‍ ബ്രാവ് എന്നിവയാണ് ദ് ഹണ്ട്രഡിലെ ഐപിഎല്‍ ബന്ധമുള്ള ഫ്രാഞ്ചൈസികള്‍. ഒരു ക്രിക്കറ്റ് താരത്തോടും രാജ്യത്തിന്‍റെ അടിസ്ഥാനത്തില്‍ വിവേചനം കാണിക്കുകയില്ലെന്നതായിരുന്നു ദ് ഹണ്ട്രഡിന്‍റെയും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്‍റെയും പ്രഖ്യാപിത നയം. അതുകൊണ്ടാണ് ലേലത്തില്‍ അബ്രാറിനെ എടുത്തതെന്നാണ് ലീഡ്സ് നല്‍കുന്ന അനൗദ്യോഗിക വിശദീകരണം.