ട്വന്‍റി 20 ലോകകപ്പില്‍ നമീബിയയ്ക്ക് എതിരെ ഇന്ത്യ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെടുത്തു. തുടക്കത്തില്‍ തകര്‍ത്തടിച്ച ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്ക് അവസാന ഓവറുകളില്‍ വേണ്ടത്ര വേഗത്തില്‍ സ്കോര്‍ ചെയ്യാന്‍ സാധിച്ചില്ല. 24 പന്തില്‍ 61 റണ്‍സെടുത്ത ഇഷാന്‍ കിഷനും 28 പന്തില്‍ 52 റണ്‍സെടുത്ത ഹര്‍ദിക് പാണ്ഡ്യെയുമാണ് ടോപ്പ് സ്കോറര്‍മാര്‍. 

ലോകകപ്പിലെ ആദ്യ മത്സരം കളിച്ച സഞ്ജു സിക്സോടെയാണ് അക്കൗണ്ട് തുടങ്ങിയത്. തുടരെ മൂന്നു സിക്സറും അടുത്ത പന്തില്‍ ബൗണ്ടറിയും. മികച്ച രീതിയില്‍ ബാറ്റ് ചെയ്ത സഞ്ജു തൊട്ടടുത്ത പന്തില്‍ പുറത്തായി. എട്ടു പന്തില്‍ 22 റണ്‍സാണ് സഞ്ജു നേടിയത്. ബെന്‍ ഷിക്കോംഗോയുടെ പന്തില്‍ ലൗറന്‍ സ്റ്റീന്‍കാമ്പാണ് സഞ്ജുവിന്‍റെ ക്യാച്ചെടുത്തത്.

പതിയെ തുടങ്ങിയ ഇഷാന്‍ കിഷന്‍ പിന്നീട് ആക്രമിച്ചു കളിച്ചു. 20 പന്തില്‍ നിന്ന് ഇഷാന്‍ അര്‍ധ സെഞ്ചറി തികച്ചത്. 5 ഫോറും നാലു സിക്സറും സഹിതമാണ് ഇഷാന്‍ അര്‍ധ സെഞ്ചറി തികച്ചത്. തകര്‍പ്പനടി തുടര്‍ന്ന ഇഷാന്‍റെ ഇന്നിങ്സ് 61 റണ്‍സില്‍ അവസാനിച്ചു. 24 പന്തില്‍ നിന്നാണ് ഇഷാന്‍റെ സ്കോറിങ്. ഗെർഹാർഡ് ഇറാസ്മസിന്‍റെ പന്തില്‍ ബെന്‍ ഷിക്കോംഗോയാണ് ഇഷാനെ പുറത്താക്കിയത്. 

പിന്നീട് വന്ന ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന് 12 റണ്‍സ് മാത്രമാണ് നേടാനായത്. ബെർണാഡ് ഷോൾട്സിനാണ് വിക്കറ്റ്. 25 റണ്‍സെടുത്ത തിലക് വര്‍മ ഗെർഹാർഡ് ഇറാസ്മസിന്‍റെ പന്തില്‍ പുറത്തായി. അവസാന സമയത്ത് ഹര്‍ദിക് പാണ്ഡ്യെയുടെ ബാറ്റിങാണ് ഇന്ത്യന്‍ സ്കോറിങിന് വേഗം കൂട്ടിയത്. 28 പന്തില്‍ 52 റണ്‍സാണ് ഹര്‍ദിക് നേടിയത്. ഹര്‍ദിക്– ശിവം ദുബൈ സഖ്യം 39 പന്തില്‍ 81 റണ്‍സെടുത്തു. ഇന്ത്യന്‍ നിരയിലെ മികച്ച കൂട്ടുകെട്ടാണിത്. 

ശിവം ദുബൈ 23 റണ്‍സെടുത്ത് പുറത്തായി. പിന്നാലെ വന്നവര്‍ക്ക് കാര്യമായി സ്കോര്‍ ചെയ്യാനായില്ല. റിങ്കു സിങും വരുണ്‍ ചക്രവര്‍ത്തിയും ഒരു റണ്‍സെടുത്തു. അക്സര്‍ പട്ടേല്‍ പൂജ്യത്തിന് പുറത്തായി. എട്ടോവറില്‍ 100 കടന്ന ഇന്ത്യന്‍ സ്കോറിന് പിന്നീട് അതേ വേഗത ലഭിച്ചില്ല. നമീബിയയ്ക്കായി ക്യാപ്റ്റന്‍ ഗെർഹാർഡ് ഇറാസ്മസ് നാലു വിക്കറ്റ് വീഴ്ത്തി. 

ENGLISH SUMMARY:

India will bat first against Namibia in the T20 World Cup after Namibia won the toss and chose to field. Sanju Samson will replace Abhishek Sharma, who was hospitalized due to a stomach infection, and Bumrah comes in for Siraj.