സിംബാബ്‌വെയില്‍ ഹരാരെയില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യ മുത്തമിടുമ്പോള്‍ ആ ടീമില്‍ രണ്ടു മലയാളികളുണ്ടായിരുന്നു. ഒന്ന് ആരോണും രണ്ട് മുഹമ്മദ് ഇനാനും. തൃശൂര്‍ കേരളവര്‍മ കോളജിലെ വിദ്യാര്‍ഥിയാണ് മുഹമ്മദ് ഇനാന്‍. തൃശൂര്‍ പുന്നയൂര്‍ക്കുളം സ്വദേശിയായ ഷാനവാസ്, രഹാന ദമ്പതികളുടെ മകന്‍. ഷാനവാസിന് ദുബൈയിലായിരുന്നു ജോലി. മകന്‍റെ ക്രിക്കറ്റ് മികവ് കണ്ട് കൂടുതല്‍ പരിശീലനത്തിനായി തൃശൂര്‍ മുണ്ടൂരിലെ ആത്രേയ ക്രിക്കറ്റ് അക്കാദമിയില്‍ എത്തി.
ഭാര്യയേയും മകനേയും നാട്ടിലാക്കി ഷാനവാസ് വിദേശത്തേയ്ക്കു മടങ്ങി. മകന് മികച്ച ക്രിക്കറ്റ് പരിശീലനം കിട്ടാന്‍ ത്യാഗം ചെയ്ത് പിതാവ്. എട്ടു വര്‍ഷം മകന്‍ കഠിന പ്രയത്നം ചെയ്തു. പിതാവിന്‍റെ കണക്കുകൂട്ടല്‍ തെറ്റിയില്ല. മുഹമ്മദ് ഇനാന് അണ്ടര്‍ 19 ലോകകപ്പ് ഇന്ത്യന്‍ ടീമില്‍ ഇടംകിട്ടി. ലെഗ് സ്പിന്നറാണ്. ന്യൂസിലന്‍ഡുമായുള്ള മല്‍സരത്തില്‍ ഏഴ് ഓവറില്‍ ഇരുപത്തിയാറു റണ്‍സുകള്‍ വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടി. ലെഗ് സ്പിന്നര്‍ അനില്‍ കുംബ്ലെയാണ് ഇനാന്‍റെ ആരാധനകഥാപാത്രം.
ആത്രേയ ക്രിക്കറ്റ് അക്കാദമിയിലെ പരിശീലകരും സഹതാരങ്ങളും ഇനാനെ അനുമോദിക്കാന്‍ ഒത്തുകൂടിയിരുന്നു. ക്രിക്കറ്റര്‍ സോണി ചെറുവത്തൂരും അക്കാദമിയില്‍ എത്തി. ക്രിക്കറ്റിനെ സ്നേഹിച്ച് ആത്രേയ ക്രിക്കറ്റ് അക്കാദമിയും മൈതാനവും തുറന്ന മധുവിനും അഭിമാനിക്കാം. ആത്രേയയിലെ താരം ജൂനിയര്‍ ഇന്ത്യന്‍ ടീമില്‍ എത്തിയെന്നു മാത്രമല്ല ലോകകപ്പും കളിച്ചു. ഇനാന്‍റെ വിജയയാത്ര തുടരുകയാണ്.