Asian Cricket Council (ACC) and Pakistan Cricket Board (PCB) chairman Mohsin Naqvi waits at the field at the end of the Asia Cup 2025 Twenty20 international cricket final match between India and Pakistan at the Dubai International Stadium in Dubai on September 28, 2025. (Photo by Sajjad HUSSAIN / AFP)
ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യ–പാക് മല്‍സരം നിശ്ചയിച്ചത് പോലെ നടക്കുമെന്ന് റിപ്പോര്‍ട്ട്. ബഹിഷ്കരണ ഭീഷണി മുഴക്കിയ പാക്കിസ്ഥാനെ ബംഗ്ലദേശിന്‍റെ ഇടപെടലിലൂടെയാണ് ഐസിസി മെരുക്കിയതെന്നാണ് സൂചന. പാക് സര്‍ക്കാരാണ് തങ്ങളുടെ ടീം ഇന്ത്യയ്ക്കെതിരെ കളിക്കില്ലെന്ന് നേരത്തെ പ്രഖ്യാപിച്ചത്. എന്നാല്‍ ബംഗ്ലദേശിന്‍റെ ഇടപെടലിന് പിന്നാലെ കൊളംബോയില്‍ നിശ്ചയിച്ച മല്‍സരത്തില്‍ കളിക്കാമെന്ന് വ്യക്തമാക്കി പിസിബി, ഐസിസിയെ സമീപിക്കുകയായിരുന്നു. ഇന്ത്യയ്ക്കെതിരെ കളിക്കില്ലെന്ന തീരുമാനത്തിന്‍റെ ഉത്തരവാദിത്തം പൂര്‍ണമായും സര്‍ക്കാരിന്‍റേതാണെന്ന് പറഞ്ഞ് കൈ കഴുകാന്‍ നോക്കിയ പിസിബിയോട് ഐസിസി വിശദീകരണവും തേടി. സമ്മര്‍ദം ശക്തമായതോടെ പാക്കിസ്ഥാന്‍ തീരുമാനം മാറ്റുകയായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
പിസിബി ഉന്നതരുമായി സംസാരിക്കുന്നതിനായി ബിസിബി ചെയര്‍മാന്‍ അമിനുള്‍ ഇസ്ലാം ബുള്‍ബുള്‍ ഇന്നലെ ലഹോറില്‍ എത്തിയിരുന്നു. രണ്ട് ഐസിസി പ്രതിനിധികളും ഇരുബോര്‍ഡിന്‍റെയും പ്രതിനിധികളെ കാണാന്‍ ലഹോറില്‍ എത്തിച്ചേര്‍ന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. ബഹിഷ്കരണ നീക്കവുമായി മുന്നോട്ട് പോയാല്‍ ഭാരിച്ച സാമ്പത്തിക ബാധ്യതകള്‍ പാക്കിസ്ഥാനുണ്ടാകുമെന്നും വേണ്ടി വന്നാല്‍ ബോര്‍ഡിന്‍റെ അംഗത്വം തന്നെ റദ്ദാക്കുമെന്നും ഐസിസി മുന്നറിയിപ്പ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
തങ്ങള്‍ക്ക് ഐകദാര്‍ഢ്യം പ്രഖ്യാപിക്കാന്‍ ഇന്ത്യയ്ക്കെതിരെ പാക്കിസ്ഥാന്‍ കളിക്കാതിരിക്കുന്നതിന്‍റെ യുക്തി മനസിലാകുന്നില്ലെന്നും പാക്കിസ്ഥാന്‍റെ നടപടി ബംഗ്ലദേശ് ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് തിരിച്ചടിയാകുമെന്നും വരുമാന വിഹിതത്തില്‍ വന്‍ കുറവ് വരുമെന്നും ബിസിബി തുറന്നടിച്ചിരുന്നു. ഐസിസിക്കും എല്ലാ ബോര്‍ഡുകള്‍ക്കും കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന തീരുമാനത്തില്‍ നിന്ന് പാക്കിസ്ഥാന്‍ പിന്‍മാറണമെന്ന നിലപാടാണ് ബിസിബി സ്വീകരിച്ചത്. പിന്തുണ തേടി പാക്കിസ്ഥാന്‍ മറ്റ് ക്രിക്കറ്റ് ബോര്‍ഡുകളെ സമീപിച്ചെങ്കിലും അവരും അനുകൂലിച്ചിരുന്നില്ല. ഇന്ത്യയിലെ സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പാക്കിസ്ഥാന്‍ ശ്രീലങ്ക വേദിയായി ആവശ്യപ്പെട്ടത്. ഇത് അംഗീകരിച്ചാണ് കൊളംബോയില്‍ വച്ച് മല്‍സരം നടത്താന്‍ നിശ്ചയിച്ചതെന്നും ഇനി മറ്റൊരു കാരണമുണ്ടാക്കി മല്‍സരം മുടക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ലെന്നുമായിരുന്നു ബോര്‍ഡുകളുടെ നിലപാട്.
സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി ഇന്ത്യയിലേക്ക് ഇല്ലെന്നും പകരം കൊളംബോയില്‍ വച്ച് മല്‍സരങ്ങള്‍ നടത്തണമെന്നുമായിരുന്നു ബംഗ്ലദേശിന്‍റെ ആവശ്യം. ഐപിഎലില്‍ നിന്ന് മുസ്തഫിസുര്‍ റഹ്മാനെ ഇന്ത്യ വിലക്കിയതിന് പിന്നാലെയാണ് ബിസിബി ഈ ആവശ്യം ഉന്നയിച്ചത്. എന്നാല്‍ മല്‍സര വേദികളടക്കം ക്രമീകരണം നേരത്തെ തന്നെ പൂര്‍ത്തിയായിട്ടുണ്ടെന്നും ഇനി വേദി മാറ്റുക സാധ്യമല്ലെന്നും ഐസിസി നിലപാട് സ്വീകരിച്ചതോടെ ബംഗ്ലദേശ് ലോകകപ്പിനില്ലെന്ന് നിലപാടെടുത്തു. തുടര്‍ന്ന് സ്കോട്ലന്ഡിന് അവസരവുമൊരുങ്ങി. ഐസിസിയുടേത് ഇരട്ടത്താപ്പാണെന്നും ബംഗ്ലദേശിന് വേദി മാറ്റി നല്‍കണമെന്നും പാക്കിസ്ഥാന്‍ ആവശ്യപ്പെട്ടു. ബംഗ്ലദേശ് ടൂര്‍ണമെന്‍റില്‍ നിന്ന് പുറത്തായതിന് പിന്നാലെ ആദ്യം ലോകകപ്പ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ച പാക്കിസ്ഥാന്‍ അത് പിന്നീട് ഇന്ത്യയ്ക്കെതിരെയുള്ള മല്‍സരത്തിലേക്ക് മാത്രമായി ചുരുക്കുകയായിരുന്നു.