ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തകര്‍ന്നുപോയ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പോരാടിയത് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവായിരുന്നു. 49 പന്തില്‍ 84 റണ്‍സായിരുന്നു ഇന്ത്യന്‍ സ്കോറിന്‍റെ നെടുംതൂണ്‍. വാങ്കഡയെ ത്രസിപ്പിച്ച ഇന്നിങ്സില്‍ എണ്ണംപറഞ്ഞ റെക്കോര്‍ഡുകളും സൂര്യകുമാര്‍ യാദവ് കയ്യിലാക്കി.
ട്വന്‍റി 20 ലോകകപ്പിൽ ക്യാപ്റ്റനെന്ന നിലയിൽ അരങ്ങേറ്റ ഇന്നിങ്സിലെ ഏറ്റവും ഉയർന്ന സ്‌കോറുകളില്‍ രണ്ടാമത്തേത് സൂര്യകുമാര്‍ സ്വന്തം പേരിലാക്കി. 2009 ൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ക്രിസ് ഗെയ്‌ല്‍ നേടിയ 88 റണ്‍സാണ് ഇതിന് മുകളിൽ. പാക്ക് ക്യാപ്റ്റന്‍ ബാബര്‍ അസത്തിന്‍റെ 68 റണ്‍സാണ് സൂര്യകുമാര്‍ പിന്തള്ളിയത്.
10 ഫോറും നാലു സിക്സറും അടങ്ങുന്നതാണ് സൂര്യകുമാറിന്‍റെ ഇന്നിങ്സ്. 16 ഓവറിലാണ് ഇന്നിങ്സിലെ മികച്ച പ്രകടനം പുറത്തുവന്നത്. സൗരഭ് നേത്രാവൽക്കറിനെതിരെ സൂര്യകുമാര്‍ തുടരെ മൂന്ന് ഫോറുകളും ഒരു കൂറ്റൻ സിക്സറും നേടി. ഈ പ്രകടനത്തോടെ മത്സരത്തിലെ താരവും സൂര്യകുമാറാണ്.
ട്വന്‍റി 20 യിലെ 17–മത്തെ മാന്‍ ഓഫ് ദ മാച്ച് പുരസ്കാരമാണിത്. വിരാട് കോലിയുടെ 16 പുരസ്കാരം എന്ന റെക്കോര്‍ഡാണ് സൂര്യകുമാര്‍ പിന്തള്ളിയത്. ന്യൂസിലൻഡിനെതിരായ പരമ്പരയിൽ മൂന്ന് അർധ സെഞ്ചറികള്‍ സൂര്യകുമാര്‍ നേടിയിട്ടുണ്ട്. അവസാന അഞ്ച് ട്വന്‍റി20 ഇന്നിങ്സുകളില്‍ നിന്നും നാല് അര്‍ധ സെഞ്ചറികള്‍ സൂര്യകുമാറിന്‍റെ േപരിലുണ്ട്.
യുഎസ്എയ്ക്ക് എതിരെ 29 റണ്‍സിനാണ് ഇന്ത്യ മത്സരം വിജയിച്ചത്. 162 റണ്‍സ് വേണ്ടിയിരുന്ന യുഎസ്എയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. മിലിന്ദ് കുമാറും സഞ്ജയ് കൃഷ്ണമൂര്‍ത്തിയും ചേര്‍ന്ന കൂട്ടുകെട്ട് ഇന്ത്യയ്ക്ക് ചെറിയ ഭീഷണിയായെങ്കിലും ബൗളര്‍മാര്‍ അറിഞ്ഞ് പെരുമാറി. മിലിന്ദ് കുമാര്‍ 34 ഉം കൃഷ്ണമൂര്‍ത്തി 37 ഉം റണ്‍സെടുത്ത് പുറത്തായി. ഇതോടെ യുഎസ്എ പ്രതിരോധത്തിലായി. മുഹമ്മദ് സിറാജും മൂന്നും അക്സര്‍ പട്ടേലും അര്‍ഷ്ദീപ് സിങ്ങും രണ്ടു വിക്കറ്റുകള്‍ വീതവും വീഴ്ത്തി.