suryakumar-batting

സൂര്യകുമാര്‍ യാദവിനു നന്ദി, നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യന്‍ ടീമിനെ അധികം നാണക്കേടിലേക്ക് തള്ളിവിടാത്തതിന്. ട്വന്റി20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ ഞെട്ടിക്കുന്ന പ്രകടനമായിരുന്ന എതിരാളികളായ യുഎസ്എ പുറത്തെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ ബാറ്റര്‍മാര്‍ ഒന്നിനു പിറകെ ഒന്നായി മടങ്ങുന്ന കാഴ്ച കണ്ട് ആരാധകര്‍ തലയില്‍ കൈവച്ചു. പവർപ്ലേയിൽ തന്നെയാണ് നാലു വിക്കറ്റുകളും വീണത്. ആറാം ഓവറിൽ മാത്രം മൂന്നു വിക്കറ്റ് വീണു. 

 

ഇന്നിങ്സിലെ രണ്ടാം ഓവറിൽ, നേരിട്ട ആദ്യ പന്തിൽ തന്നെ അലി ഖാന് വിക്കറ്റ് സമ്മാനിച്ചാണ്  അഭിഷേക് പുറത്തായത്. ട്വന്റി20 ലോകകപ്പിലെ അരങ്ങേറ്റ മത്സരത്തിൽ തന്നെ ഗോൾഡൻ ഡക്കാകുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമാണ് അഭിഷേക്. ഗൗതം ഗംഭീർ,ആശിഷ് നെഹ്റ, ഷാർദുൽ ഠാക്കൂർ, ദീപക് ഹൂഡ എന്നിവരാണ് ഇതിനു മുൻപ് ഇങ്ങനെ പുറത്തായവർ. ഇതിനു പിന്നാലെ ശിവം ദുബെയും ഗോൾഡൻ ഡക്കായി.

 

രണ്ടാം വിക്കറ്റിൽ ഇഷാനും തിലകും ചേർന്ന് വമ്പൻ അടികളുമായി ഇന്നിങ്സ് മുന്നോട്ടു നീക്കിയെങ്കിലും ആറാം ഓവർ എറിയാൻ എത്തിയ ഷാഡ്‌ലി വാൻ ഷാൽക്വിക്ക് ഇന്ത്യയെ ഞെട്ടിക്കുകയായിരുന്നു. രണ്ടാം പന്തിൽ ഇഷാൻ കിഷനെ(16 പന്തിൽ 20) വീഴ്ത്തിയ ഷാഡ്‌ലി, അ‍ഞ്ചാം പന്തിൽ തിലകിനെയും (16 പന്തിൽ 25), ആറാം പന്തിൽ ശിവം ദുബെയെയും മടക്കുകയായിരുന്നു. ഒരു റൺസിനിടെയാണ് മൂന്നു വിക്കറ്റും വീണത്. ഇതോടെ പവർപ്ലേ അവസാനിക്കുമ്പോൾ 4ന് 46 എന്ന നിലയിലായി ഇന്ത്യ. ഇതിനു ശേഷം സൂര്യകുമാർ യാദവ്– റിങ്കു സിങ് സഖ്യം അൽപനേരം ക്രീസിൽ പിടിച്ചുനിന്നെങ്കിലും 12–ാം ഓവറിൽ റിങ്കുവിനെ മുഹമ്മദ് മൊഹ്‌സിനും 13–ാം ഓവറിൽ ഹാർദിക്കിനെ ഹർമീത് സിങ്ങും മടക്കുകയായിരുന്നു. അപ്പോഴും ഒരറ്റത്ത് സൂര്യകുമാര്‍ പ്രതീക്ഷയുടെ കിരണങ്ങളുമായി നിലകൊണ്ടു. 49 പന്തുകളില്‍ നിന്ന് 84 റണ്‍സെടുത്ത് പുറത്താകാതെ നിന്ന താരം ഇന്ത്യയ്ക്ക് മാന്യമായ സ്കോര്‍ സമ്മാനിച്ചു. ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സാണ് ടീമിനു നേടാനായത്. 

ENGLISH SUMMARY:

India batting collapse saw Suryakumar Yadav single-handedly fight to post 162 against USA in the T20 World Cup. Suryakumar Yadav's resilient innings was a beacon of hope for the Indian team facing an unexpected challenge.