Image Credit: PTI
ട്വന്‍റി 20 ലോകകപ്പില്‍ ഇന്ത്യയ്ക്കായി ഓപ്പണറാകണമെന്നാണ് തന്‍റെ ആഗ്രഹമെന്ന് തുറന്ന് പറഞ്ഞ് ഇഷാന്‍ കിഷന്‍. സന്നാഹമല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയെ 30 റണ്‍സിന് തോല്‍പ്പിച്ചതിന് പിന്നാലെയാണ് തകര്‍പ്പന്‍ ഫോമിലുള്ള ഇഷാന്‍റെ പ്രതികരണം. 20 പന്തില്‍ നിന്ന് 53 റണ്‍സാണ് താരം നേടിയത്. 7 സിക്സും രണ്ട് ഫോറും ഉള്‍പ്പടെയാണിത്. ബാറ്റിങിന് അനുകൂലമായ പിച്ചില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 241 റണ്‍സാണ് ഇന്ത്യ നേടിയത്. ലോകകപ്പില്‍ അഭിഷേകിനൊപ്പം ഓപ്പണ്‍ ചെയ്യുകയാണ് ലക്ഷ്യമെന്ന് ഇഷാന്‍ തുറന്ന് പറഞ്ഞതോടെ ഫോമിലില്ലാത്ത സഞ്ജു ബെഞ്ചിലിരിക്കേണ്ടി വരുമോയെന്നാണ് ഉയരുന്ന ആശങ്ക.
ലോകകപ്പിലെ ഇന്ത്യയുടെ ആദ്യ മല്‍സരത്തിനായി താന്‍ കാത്തിരിക്കുകയാണെന്നും ന്യൂസീലന്‍ഡിനെതിരായ പ്രകടനം ഓപ്പണിങ് സ്ഥാനത്തേക്ക് തനിക്ക് വഴി തുറക്കുമെന്നും ഇഷാന്‍ വിശ്വസിക്കുന്നു. എന്നിരുന്നാലും ടീമിന്‍റെ സന്തുലിതാവസ്ഥ നിലനില്‍ക്കുന്നതിനാണ് താന്‍ പ്രാധാന്യം നല്‍കുന്നെതന്നും ഇഷാന്‍ വ്യക്തമാക്കി. 'മൂന്നാമനായി ബാറ്റ് ചെയ്യുന്നത് ഞാന്‍ ആസ്വദിക്കുന്നുണ്ട്. പക്ഷേ ലോകകപ്പില്‍ ഏത് സ്ഥാനത്ത് ബാറ്റ് ചെയ്താലും ടീമിന് ഏറ്റവും മികച്ചത് കൊടുക്കാനാകും ശ്രമിക്കുക. ഓപ്പണറാകാനാണ് എനിക്കിഷ്ടം'- താരം പറയുന്നു. പന്ത് വരുന്നത് നോക്കി കളിക്കുക മാത്രാണ് താന്‍ ചെയ്യുന്നതെന്നും ആ സമീപനം കൂടുതല്‍ ഗുണം ചെയ്യുന്നുണ്ടെന്നും ഇഷാന്‍ തുറന്ന് പറയുന്നു. ബാറ്റിങിന് അനുകൂലമായ പിച്ചായിരുന്നുവെന്നതും പ്രകടനത്തില്‍ ഗുണം ചെയ്തെന്ന് താരം കൂട്ടിച്ചേര്‍ത്തു.
നിലവിലെ സാഹചര്യത്തില്‍ അഭിഷേകും ഇഷാനും ഓപ്പണ്‍ ചെയ്യുമെന്നും സഞ്ജുവിന്‍റെ സ്ഥാനം വീണ്ടും മാറുമെന്നുമുള്ള സൂചനകളാണ് സൂര്യകുമാര്‍ യാദവ് നല്‍കുന്നത്. കിരീടം നിലനിര്‍ത്തുകയെന്ന വലിയ ദൗത്യം മുന്നിലുള്ളതിനാല്‍ ഫോമിലില്ലാത്ത സഞ്ജുവുമായി പരീക്ഷണം തുടരാന്‍ ടീം മാനേജ്മെന്‍റ് തയാറായേക്കില്ല. ന്യൂസീലന്‍ഡിനെതിരായ പരമ്പരയില്‍ എല്ലാ മല്‍സരങ്ങളിലും കളിച്ച സഞ്ജുവിന് 50 റണ്‍സ് പോലും എടുക്കാന്‍ കഴിഞ്ഞിരുന്നില്ല.
സ്വന്തം പ്രകടനത്തിന് പുറമെ തിലക് വര്‍മ ടീമിനൊപ്പം ചേരുന്നതിനെ കുറിച്ചും ഇഷാന്‍ വാചാലനായി. 'തിലക് ടീമിന് വളരെ പ്രധാനപ്പെട്ട താരമാണ്. വെറുമൊരു ബാറ്റര്‍ മാത്രമല്ല. പ്രത്യേകിച്ചും രണ്ട് ഇടങ്കയ്യന്‍മാര്‍ ബാറ്റ് ചെയ്യുമ്പോള്‍. ഫീല്‍ഡിങിലും തിലകിന്‍റെത് പ്രശംസനീയമായ പ്രകടനമാണ്. സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ പാകത്തിലുള്ള ഒരാള്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുന്നത് ടീമിന് കരുത്താകും' ഇഷാന്‍ പറയുന്നു. അതേസമയം, ദക്ഷിണാഫ്രിക്കയ്ക്കെതിരായ മല്‍സരത്തില്‍ ബോളര്‍മാരെ ഫലപ്രദമായി ഉപയോഗിക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞതും ആശ്വാസമാണ്. അഭിഷേക് ശര്‍മ രണ്ട് വിക്കറ്റും നേടി.