Image credit:X/arnu

Image credit:X/arnu

രാഷ്ട്രീയ കടുംപിടുത്തങ്ങളെ തുടര്‍ന്ന് ട്വന്‍റി 20 ലോകകപ്പിനുള്ള ടീമുകളില്‍ നിന്ന് ബംഗ്ലദേശ് പുറത്തായതിന് പിന്നാലെ ബിസിബിയില്‍ പൊട്ടിത്തെറി. സുരക്ഷാകാരണങ്ങളാല്‍ ഇന്ത്യയിലേക്ക് ഇല്ലെന്ന നിലപാട് സര്‍ക്കാരിന്‍റെ സ്പോര്‍ട്സ് വക്താവ് കൈക്കൊണ്ടതോടെയാണ് ബംഗ്ലദേശ് താരങ്ങള്‍ക്ക് ട്വന്‍റി 20 ലോകകപ്പ് നഷ്ടമായത്. പ്രഖ്യാപനം വന്നതിന് പിന്നാലെ ബിസിബി ഡയറക്ടര്‍മാരില്‍ ഒരാളായ ഇഷ്തിയാഖ് സാദിഖ് രാജിവച്ചു. ബോര്‍ഡ് ചെയര്‍മാന്‍ അമിനുള്‍ ഇസ്​ലാം ബുള്‍ബുളിന്‍റെ വിശ്വസ്തനാണ് ഇഷ്തിയാഖ്. അതേസമയം, കുടുംബപരമായ കാരണങ്ങളെ തുടര്‍ന്നാണ് താന്‍ ബിസിബിയില്‍ നിന്ന് രാജിവച്ചതെന്നാണ് ഇഷ്തിയാഖിന്‍റെ വിശദീകരണം. 'രാജിവച്ചു എന്നത് സത്യമാണ്. തീര്‍ത്തും വ്യക്തിപരമായ കാരണങ്ങളാല്‍ ക്രിക്കറ്റിന്‍റെ വളര്‍ച്ചയ്ക്കായി മാറ്റിവയ്ക്കാനുള്ള സമയം  ഇപ്പോഴില്ല. വിഷമഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും' ഇഷ്തിയാഖ് ക്രിക്ബസിനോട് പ്രതികരിച്ചു. 

അനാവശ്യമായ പിടിവാശിയാണ് ബിസിബി എടുത്തത്. ഇതിന്‍റെ ആവശ്യമുണ്ടായിരുന്നില്ല

ബോര്‍ഡിലെ ആരുമായും തനിക്ക് അഭിപ്രായഭിന്നതയില്ലെന്നും സന്തോഷമായാണ് പിരിയുന്നതെന്നും ഇഷ്തിയാഖ് കൂട്ടിച്ചേര്‍ത്തു. ബിസിബി വികസന സമിതി ചെയര്‍മാന്‍ കൂടിയായിരുന്നു അദ്ദേഹം. തനിക്ക് പകരമായി എത്തുന്നയാള്‍ക്ക് ബോര്‍ഡിന്‍റെ മുന്നോട്ടുള്ള പ്രയാണത്തിന് ഊര്‍ജം പകരാന്‍ കഴിയട്ടെ എന്നും തന്‍റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം വിശദീകരിച്ചു. അതേസമയം, ഇഷ്താഖിന്‍റെ രാജിക്ക് പിന്നാലെ മറ്റ് ഡയറക്ടര്‍മാരും സ്ഥാനമൊഴിയുമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. 

ബംഗ്ലദേശിലെ ക്രിക്കറ്റിന്‍റെ ഭാവിയെ കൂടിയാണ് മോശം തീരുമാനത്തിലൂടെ ബോര്‍ഡ് നശിപ്പിച്ചതെന്നായിരുന്നു ബിസിബി മുന്‍ ജനറല്‍ സെക്രട്ടറി സയീദ് അഷ്റഫുളിന്‍റെ പ്രതികരണം. അനാവശ്യമായ പിടിവാശിയാണ് ബിസിബി എടുത്തതെന്നും ഇതിന്‍റെ ആവശ്യമുണ്ടായിരുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഈ തീരുമാനം കൊണ്ട് ഉണ്ടാകുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ഐപിഎലില്‍ ഒരു ബംഗ്ലദേശി താരത്തെ കളിപ്പിച്ചില്ലെന്ന പേരില്‍ ലോകകപ്പ് ഉപേക്ഷിക്കുന്നത് ബാലിശമാണെന്നും ഇതു രണ്ടും തമ്മില്‍ എങ്ങനെയാണ് താരതമ്യപ്പെടുത്താന്‍ കഴിയുന്നത് എന്ന ചോദ്യവും അഷ്റഫുള്‍ ഉയര്‍ത്തുന്നു. ഐസിസിയുടെ ടൂര്‍ണമെന്‍റുകള്‍ വളരെ നേരത്തെ തന്നെ നിശ്ചയിക്കുന്നതും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുന്നതുമാണ്. പെട്ടെന്നെങ്ങനെയാണ് വേദി മാറ്റാന്‍ കഴിയുകയെന്നും പ്രയോഗികമായി ബോര്‍ഡ് ചിന്തിക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം  തുറന്നടിച്ചു. 

ലോകകപ്പ് പോലെയൊരു വലിയ ഇവന്‍റില്‍ കളിക്കണമെന്നാണ് ടീം അംഗങ്ങളുടെ ആഗ്രഹമെന്നായിരുന്നു നജ്മുല്‍ ഹുസൈന്‍ ഷാന്‍റോ നേരത്തെ പ്രതികരിച്ചത്. വിവാദങ്ങള്‍ കളിക്കാരെ മാനസികമായി തകര്‍ത്തിട്ടുണ്ടെന്നും ഷാന്‍റോ വെളിപ്പെടുത്തിയിരുന്നു. പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കണമെന്ന് മുന്‍താരങ്ങളും ആവശ്യമുയര്‍ത്തിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചതോടെ ബിസിബിക്ക് മുന്നില്‍ വഴി അടഞ്ഞു. 

ഇന്ത്യയില്‍ കളിക്കാന്‍ ഒരുക്കമല്ലെന്നും ശ്രീലങ്കയിലേക്ക് കളി മാറ്റണമെന്നുമായിരുന്നു ബിസിബിയുടെ ആവശ്യം. എന്നാല്‍ വേദിയും മറ്റ് ക്രമീകരണങ്ങളും നേരത്തെ തന്നെ ചെയ്തുപോയെന്നും ഇനി മാറ്റാന്‍ കഴിയില്ലെന്നും ഐസിസി നിലപാടെടുത്തു. ഇതോടെയാണ് ബംഗ്ലദേശിന് പുറത്തേക്കുള്ള വഴി ഒരുങ്ങിയത്. സ്കോട്​ലന്‍ഡാണ് പകരക്കാര്‍. ലോകകപ്പിന് നേരത്തെ സ്കോട്​ലന്‍ഡ് യോഗ്യത നേടിയിരുന്നില്ല. എന്നാല്‍ റാങ്കിങില്‍ അടുത്ത സ്ഥാനാക്കാരായതിനാലാണ് സ്കോട്​ലന്‍ഡിന് അവസരം ലഭിച്ചത്. ട്വന്‍റി 20 ലോക റാങ്കിങില്‍ 14–ാമതാണ് സ്കോട്​ലന്‍ഡിന്‍റെ സ്ഥാനം.

ENGLISH SUMMARY:

The Bangladesh Cricket Board (BCB) is facing a major internal crisis following the national team's withdrawal from the T20 World Cup 2026. BCB Director Ishtiaque Sadek has resigned, citing personal reasons, though insiders suggest the move is linked to the board's decision to skip the tournament in India. The Bangladesh government’s sports ministry refused to send the team to India, citing security concerns and the exclusion of Bangladeshi players from the IPL. Despite the ICC rejecting BCB's request to move the venue to Sri Lanka, the government stood firm, leading to the team's disqualification. Scotland has been named as the replacement team for the World Cup. Former BCB General Secretary Syed Ashraful criticized the board, calling the decision childish and harmful to the future of Bangladesh cricket. Captain Najmul Hossain Shanto expressed heartbreak, stating that the players were mentally shattered by the controversy. This withdrawal marks a historic low for Bangladesh cricket, as they miss out on a global event due to political stubbornness. Fans and former players are demanding a reshuffle in the board to save the sport's reputation. The ICC confirmed that Scotland, ranked 14th, will take the vacant slot.

google-trends-bangladesh-t20-JPG

Google Trending Topic: bangladesh cricket t20 world cup