Image credit: AFP
ന്യൂസീലന്‍ഡിനെതിരായ രണ്ടാം ട്വന്‍റി 20യില്‍ ഏഴുവിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം നേടിയ ഇന്ത്യന്‍ ടീം കടുത്ത ആത്മവിശ്വാസത്തിലാണ്. വെടിക്കെട്ട് ജയത്തിന് പിന്നാലെ ഇഷാന്‍ കിഷനെ വാനോളം പുകഴ്ത്താന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മറന്നതുമില്ല. എന്നാല്‍ ബാറ്റിങിനിടെ അതായിരുന്നില്ല സ്ഥിതി. 209 റണ്‍സെന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലേ ഓപ്പണര്‍മാരായ അഭിഷേകിനെയും സഞ്ജുവിനെയും നഷ്ടപ്പെട്ടു. സമ്മര്‍ദത്തിന് നടുവിലായിരുന്നു ഇഷാന്‍റെയും സൂര്യയുടെയും നില്‍പ്. പവര്‍പ്ലേയില്‍ താന്‍ ഇഷാന്‍ കിഷനോട് ദേഷ്യപ്പെട്ടിരുന്നുവെന്ന് പോസ്റ്റ് മാച്ച് പ്രസന്‍റേഷനിലാണ് സൂര്യകുമാര്‍ വെളിപ്പെടുത്തിയത്. ' ഇഷാന്‍ എന്താണ് ചെയ്തതെന്ന് എനിക്ക് അറിയില്ല. പവര്‍പ്ലേയില്‍ തുടക്കത്തില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ആറ് റണ്‍സെന്ന നിലയില്‍ നിന്ന് പവര്‍പ്ലേ അവസാനം 60 എന്ന സ്കോറില്‍ എത്തുന്ന ബാറ്റിങ് ഞാനിതുവരെ കണ്ടിട്ടില്ല. സത്യത്തില്‍ ബാറ്റര്‍മാരില്‍ നിന്ന് അതാണ് നമ്മള്‍ പ്രതീക്ഷിക്കുന്നത്. പവര്‍പ്ലേയില്‍ സ്ട്രൈക്ക് കൈമാറിതിരുന്നപ്പോള്‍ എനിക്ക് ദേഷ്യം വന്നു. പക്ഷേ ഞാനത് അടക്കിപ്പിടിച്ചു' എന്നായിരുന്നു സൂര്യയുടെ തുറന്ന് പറച്ചില്‍. രണ്ടര വര്‍ഷം ദേശീയ ടീമിന് പുറത്ത് നിന്നശേഷമാണ് ഇഷാന്‍ മടങ്ങിയെത്തിയത്. ആ വരവ് താരം ഗംഭീരമാക്കുകയും ചെയ്തു. 32 പന്തില്‍ 76 റണ്‍സെടുത്ത ഇഷാന്‍ വണ്‍ ഡൗണ്‍ ഏറെക്കുറെ ഉറപ്പിച്ച നിലയിലാണ്.
23 ഇന്നിങ്സുകള്‍ക്കൊടുവിലാണ് സൂര്യകുമാറിന് ട്വന്‍റി 20യില്‍ അര്‍ധ സെഞ്ചറി നേടാന്‍ കഴിയുന്നത്. 37 പന്തില്‍ നിന്ന് 82 റണ്‍സാണ് ക്യാപ്റ്റന്‍ റായ്പുരില്‍ അടിച്ചുകൂട്ടിയത്. 'നെറ്റ്സില്‍ താന്‍ നന്നായി ബാറ്റ് ചെയ്തിരുന്നുവെന്നും പ്രാക്ടീസ് സെഷനിലും താളം വീണ്ടെടുക്കാനായെന്നും ഇത് കളിക്കളത്തിലും പുറത്തെടുക്കാന്‍ കഴിഞ്ഞു'വെന്നും താരം വിലയിരുത്തി. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ന്യൂസീലന്‍ഡ് 110 എന്ന നിലയിലെത്തിയപ്പോള്‍ 230 കടക്കുമെന്ന് താന്‍ വിചാരിച്ചിരുന്നുവെന്നും എന്നാല്‍ ബോളര്‍മാര്‍ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നുവെന്നും സൂര്യകുമാര്‍ പറഞ്ഞു. ' ക്യാംപില്‍ ഇപ്പോള്‍ സന്തോഷമാണ് ഉള്ളതെന്നും നിലവിലെ ഫോമില്‍ സന്തോഷമുണ്ടെന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്വന്‍റി 20യില്‍ ഇന്ത്യ ചേസ് ചെയ്ത് കീഴടക്കുന്ന ഏറ്റവും ഉയര്‍ന്ന വിജയലക്ഷ്യം കൂടിയായിരുന്നു റായ്പുരിലേത്. പരമ്പരയില്‍ ഇന്ത്യ 2–0ത്തിന് മുന്നിലാണ്.
മികച്ച സ്കോര്‍ അടിച്ച് കൂട്ടിയിട്ടും തോറ്റത് ഇന്ത്യയുടെ ബാറ്റിങ് നിര മികച്ചതായതിനാലാണെന്ന് ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്‍റ്നര്‍ പറഞ്ഞു. 'ഇന്ത്യയ്ക്കെതിരെ 300 അടിച്ച് കൂട്ടിയാല്‍ പോലും രക്ഷയുണ്ടായെന്ന് വരില്ല. ആദ്യ പന്ത് മുതല്‍ അടിച്ചാണ് കളിക്കുന്നത്. അതുകൊണ്ട് കിട്ടുന്ന അവസരത്തില്‍ പുറത്താക്കുകയെന്നത് മാത്രമാണ് വഴി. കടുത്ത സമ്മര്‍ദത്തിലാണ് ടീമിപ്പോള്‍. പിഴവുകള്‍ തിരുത്തി മടങ്ങി വരും'-സാന്‍റ്നര്‍ വ്യക്തമാക്കി.
അര്‍ഷ്ദീപ് സിങിനെതിരെ ആദ്യ ഓവറില്‍ 18 റണ്‍സാണ് കോണ്‍വേ അടിച്ചു കൂട്ടിയത്. മിന്നല്‍ തുടക്കം കിവീസിനെ മികച്ച ടോട്ടലിലാണ് എത്തിച്ചത്. മൂന്നോവറില്‍ 43 റണ്‍സ് അടിച്ചു കൂട്ടിയ കിവീസിന്‍റെ ചിറകരിയാന്‍ ഇന്ത്യന്‍ ബോളര്‍മാര്‍ ശ്രമിച്ചെങ്കിലും റണ്‍റേറ്റ് താഴാതെ രചിന്‍ രവീന്ദ്രയും സാന്‍റ്നറും സ്കോര്‍ ഉയര്‍ത്തുകയായിരുന്നു.