Image Credit: X@ShakeelktkKhan
ട്വന്‍റി 20 ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യയില്‍ നിന്നും മാറ്റണമെന്ന ആവശ്യം ഐസിസി നിരസിച്ചതിന് പിന്നാലെ അത്ഭുതങ്ങള്‍ സംഭവിക്കുമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് അമിനുല്‍ ഇസ്‍ലാം. ബംഗ്ലാദേശ് സർക്കാരുമായി നിലവിലെ സാഹചര്യത്തെക്കുറിച്ച് സംസാരിക്കാൻ കൂടുതൽ സമയം വേണമെന്ന് അമിനുൾ ഇസ്‍ലാം ഐസിസിയോട് ആവശ്യപ്പെട്ടിരുന്നു. ബുധനാഴ്ച ബംഗ്ലാദേശിന് തീരുമാനമെടുക്കാന്‍ 24 മണിക്കൂര്‍ സമയമാണ് ഐസിസി അനുവദിച്ചത്.
അവസാന നിമിഷം സര്‍ക്കാറിനോട് സംസാരിക്കാന്‍ ഐസിസിയില്‍ നിന്നും സമയം ആവശ്യപ്പെട്ടിരുന്നു എന്ന് അമിനുള്‍ പറഞ്ഞു. ''ഐസിസിയും അതിനെ അംഗീകരിച്ചു. അവര്‍ 48 മണിക്കൂര്‍ വരെ സമയം തന്നു. സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്താന്‍ ഞാനില്ല. ഇന്ത്യ സുരക്ഷിതമല്ലെന്ന് ഞങ്ങള്‍ക്കറിയാം. ശ്രീലങ്കയില്‍ കളിക്കണമെന്ന നിലപാടിലാണ് ഞങ്ങളുള്ളത്. പക്ഷെ ഐസിസി ഇത് നിരസിച്ചു, ഒരുവട്ടം കൂടി സര്‍ക്കാറിനോട് സംസാരിക്കുകയാണ്'', അമിനുള്‍ വ്യക്തമാക്കി.
ഐസിസിയില്‍ നിന്നും അത്ഭുതങ്ങള്‍ സംഭവിക്കുമെന്നും ആരാണ് ലോകകപ്പ് കളിക്കാന്‍ ആഗ്രഹിക്കാത്തതെന്നും അമിനുൾ ഇസ്‍ലാം ചോദിച്ചു. ''ബംഗ്ലാദേശ് താരങ്ങള്‍ക്ക് ലോകകപ്പ് കളിക്കണം. ബംഗ്ലാദേശ് സര്‍ക്കാറിന് താരങ്ങളെ ലോകകപ്പിന് അയക്കണമെന്നുണ്ട്. പക്ഷെ താരങ്ങള്‍ക്ക് ഇന്ത്യ സുരക്ഷിതമായ ഇടമാണെന്ന് കരുതുന്നില്ല. സര്‍ക്കാര്‍ കളിക്കാരെ മാത്രമല്ല പരിഗണിക്കുന്നത്, തീരുമാനമെടുക്കുമ്പോള്‍ എല്ലാ കാര്യങ്ങളും പരിഗണനയില്‍ വരും''അമിനുൾ പറഞ്ഞു.
ബംഗ്ലാദേശ് അനുകൂല തീരുമാനം എടുത്തില്ലെങ്കില്‍ സ്കോട്ട്ലാന്‍ഡ് പകരക്കാരായി ഗ്രൂപ്പ് സീയില്‍ കളിക്കും. അങ്ങനെയെങ്കില്‍ ഗ്രൂപ്പ് കൂടുതല്‍ ദുര്‍ബലമാകും. നിലവില്‍ നേപ്പാള്‍, ഇറ്റലി എന്നിവരുള്ള ഗ്രൂപ്പില്‍ ഇംഗ്ലണ്ടും വെസ്റ്റ് ഇൻഡീസും സുഗമമായി യോഗ്യത നേടാനാണ് സാധ്യത. നേപ്പാളിനും ഇറ്റലിക്കും ഗ്രൂപ്പിലെ ഒരു മത്സരമെങ്കിലും ജയിക്കാനുള്ള സാധ്യത കൂടും.