Image credit: X

Image credit: X

ബിഗ് ബാഷ് ലീഗിനിടെ ന്യൂസീലന്‍ഡ് താരം ഫിന്‍ അലനെ ദേഷ്യത്തോടെ പിടിച്ചു തള്ളി പാക് സൂപ്പര്‍ താരം ഹാരിസ് റൗഫ്. ശനിയാഴ്ചയായിരുന്നു സംഭവം. മെല്‍ബണ്‍ സ്റ്റാര്‍സും പെര്‍ത്ത് സ്കോര്‍ചേഴ്സും തമ്മിലുള്ള മല്‍സരത്തിനിടെയായിരുന്നു കയ്യാങ്കളി. പെര്‍ത്ത് സ്കോര്‍ചേഴ്സിനായി അലനും ജോഷ് ഇംഗ്ലിസുമായിരുന്നു ക്രീസില്‍. നോണ്‍ സ്ട്രൈക്കേഴ്സ് എന്‍ഡില്‍ നിന്ന ജോഷിനോട് അലന്‍ സംസാരിക്കുന്നതിനിടെ റൗഫ് അലന്‍റെ തോളില്‍ പിടിച്ച് തള്ളുകയായിരുന്നു. മനപ്പൂര്‍വമുള്ള റൗഫിന്‍റെ ഇടി ചിരിച്ചുകൊണ്ട് തമാശയായിട്ടാണ് അലന്‍ എടുത്തത്. ഇതെന്താണെന്ന് അംപയര്‍ ചിരിച്ച് കൊണ്ട് ചോദിക്കുന്നതും വിഡിയോയില്‍ കാണാം. കുറച്ച് കഴിഞ്ഞ് പരസ്പരം സൗഹൃദ പൂര്‍വം ഹസ്തദാനം ചെയ്യുകയും ചെയ്തു.

സമ്മിശ്ര പ്രതികരണമാണ് വിഡിയോയ്ക്ക് ചുവടെ നിറയുന്നത്. അലന്‍ മര്യാദക്കാരനായത് കൊണ്ട് വിവാദം ചിരിക്ക് വഴിമാറിയെന്നും, മാച്ച് ഫീ പിഴ പിന്നാലെ വരുന്നുണ്ടെന്നും ആരാധകര്‍ കുറിച്ചിട്ടുണ്ട്. അതേസമയം, ഓസ്ട്രേലിയയിലെ നിയമം അനുസരിച്ച് ഒരാളെ പിടിച്ച് തള്ളുന്നത് കുറ്റകരമാണെന്നാണ് പറയുന്നതെന്ന് ഒരാള്‍ വിശദീകരിക്കുന്നുണ്ട്. ഇടി കൊണ്ടയാളുടെ അനുമതി, ചെയ്തയാളുടെ ഉദ്ദേശം ഇത് രണ്ടും പരിഗണിച്ചാണ് ഇക്കാര്യത്തില്‍ നിയമനടപടി വരികയെന്നും കമന്‍റില്‍ വിശദീകരിക്കുന്നു.

ഇതാദ്യമായല്ല ഹാരിസ്  റൗഫ് ഗ്രൗണ്ടില്‍ പ്രകോപനപരമായി  പെരുമാറുന്നത്. ഏഷ്യാകപ്പിനിടെ ഇന്ത്യയുമായുള്ള മല്‍സരത്തില്‍ പ്രകോപനപരമായ ആംഗ്യം കാണിച്ചതിന് താരത്തിന് പിഴയും രണ്ട് ഏകദിനത്തില്‍ നിന്ന് വിലക്കും നേരിടേണ്ടി വന്നിരുന്നു.  മാച്ച് ഫീയുടെ 30 ശതമാനമാണ് രണ്ട് ഇന്ത്യയ്ക്കെതിരെയുള്ള രണ്ട് മല്‍സരങ്ങളിെല മോശം പെരുമാറ്റത്തിന്‍റെ പേരില്‍ റൗഫിന് നഷ്ടമായത്. 

സെപ്റ്റംബര്‍ 14ന് നടന്ന മല്‍സരത്തിനിടയില്‍ വിമാനം താഴെ വീഴുന്നതിന്‍റെ ആംഗ്യം കാണിച്ചാണ് റൗഫ് കുടുങ്ങിയത്. ഓപറേഷന്‍ സിന്ദൂറിനിടെ ആറ് ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ടെന്ന പാക് അവകാശവാദത്തെ സൂചിപ്പിക്കുന്നതായിരുന്നു റൗഫിന്‍റെ ഈ ആംഗ്യം. സെപ്റ്റംബര്‍ 28ന് ഇന്ത്യന്‍ കാണികള്‍ക്ക് നേരെയും റൗഫ് ഈ ആംഗ്യം വീണ്ടും കാണിച്ചു. ഇതോടെയാണ് രണ്ട് ഏകദിനങ്ങളില്‍ വിലക്കും പിഴയും ശിക്ഷയായി കിട്ടിയത്.

ENGLISH SUMMARY:

Pakistan pacer Haris Rauf stirred controversy during a Big Bash League match between Melbourne Stars and Perth Scorchers by pushing New Zealander Finn Allen. The incident occurred while Allen was conversing with Josh Inglis, and Rauf unexpectedly shoved him, leading to mixed reactions from fans. Although Finn Allen took the shove lightly and laughed it off, social media users have questioned Rauf's aggressive behavior on the field. Rauf has a history of disciplinary issues, including a two-match ban for making provocative gestures during the Asia Cup against India. Many cricket enthusiasts are calling for the match referee to intervene and impose a fine for violating the player code of conduct. Despite the push, both players were seen shaking hands shortly after, suggesting no long-term animosity. However, the optics of the physical contact have raised concerns about sportsmanship in high-stakes T20 leagues. Authorities are expected to review the footage to determine if any further disciplinary action is necessary against the Pakistani speedster. Rauf's fiery temperament continues to be a talking point in his professional career.