Image Credit: X@ShakeelktkKhan
ഇന്ത്യയില്‍ നടക്കുന്ന ട്വന്‍റി 20 ലോകകപ്പില്‍ കളിക്കില്ലെന്ന നിലപാടിന് പിന്നാലെ ഗ്രൂപ്പ് മാറ്റണമെന്ന ആവശ്യവുമായി ബംഗ്ലാദേശ്. ചര്‍ച്ചയ്ക്ക് എത്തിയ ഐസിസി പ്രതിനിധികളോടാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഈ ആവശ്യം ഉന്നയിച്ചത്. ഇന്ത്യയിലേക്ക് ഇല്ലെന്ന നിലപാടില്‍ ബംഗ്ലാദേശ് ഉറച്ചുനില്‍ക്കുകയാണ്.
ശ്രീലങ്കയില്‍ ഗ്രൂപ്പ് മത്സരങ്ങള്‍ കളിക്കുന്ന അയര്‍ലാന്‍ഡുമായി ഗ്രൂപ്പ് മാറണമെന്നാണ് ബംഗ്ലാദേശിന്‍റെ ആവശ്യമെന്ന് Cricbuzz റിപ്പോര്‍ട്ട് ചെയ്തു. ഗ്രൂപ്പ് സി യില്‍ ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, നേപ്പാള്‍, ഇറ്റലി എന്നിവര്‍ക്കൊപ്പമാണ് ബംഗ്ലാദേശ്. ഓസ്ട്രേലിയ, ഒമാന്‍, ശ്രീലങ്ക, സിംബാബ്‌വെരുള്ള ഗ്രൂപ്പ് ബിയിലാണ് അയര്‍ലന്‍ഡ് .
അയര്‍ലന്‍ഡിന്‍റെ നാലു ഗ്രൂപ്പ് മത്സരങ്ങളും ശ്രീലങ്കയിലാണ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. അതിനാലാണ് അയര്‍ലാന്‍ഡുമായി ഗ്രൂപ്പ് മാറണമെന്നാണ് ബംഗ്ലാദേശിന്‍റെ ആവശ്യം. ഇതോടെ ഇന്ത്യയിലേക്ക് എത്താതെ ലോകകപ്പ് കളിക്കാം എന്നാണ് ബംഗ്ലാദേശ് ലക്ഷ്യമിടുന്നത്.
ഐസിസിയുമായുള്ള ചര്‍ച്ചയില്‍ സര്‍ക്കാര്‍ നിലപാടും ടീമിന്‍റെയും ആരാധകരുടെയും അടക്കം സുരക്ഷ ആശങ്കകള്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി. അതേസമയം ബിസിസിയുടെ നിര്‍ദ്ദേശത്തോട് രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ബംഗ്ലാദേശിന്‍റെ ആവശ്യത്തോട് ഐസിസി അനുകൂലമായ പ്രതികരിക്കാന്‍ സാധ്യതയില്ലെന്നാണ് വിവരം. ബംഗ്ലാദേശ് ഗ്രൂപ്പ് ഘട്ടം കടന്നാല്‍ നോക്കൗട്ട് മത്സരങ്ങള്‍ ഇന്ത്യയിലാണെന്നതിനാലാണിത്.