ICC/Getty image
അണ്ടര്‍ 19 ലോകകപ്പില്‍ ബംഗ്ലദേശിനെ 18 റണ്‍സിന് തോല്‍പിച്ച് ഇന്ത്യ സൂപ്പര്‍ സിക്സില്‍. മഴകാരണം 165 റണ്‍സായി പുനര്‍നിശ്ചയിച്ച മത്സരത്തില്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലദേശ് 146 റണ്‍സിന് പുറത്തായി. രണ്ടുവിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സെന്ന നിലയില്‍ നിന്നാണ് ബംഗ്ലദേശിന്റെ തോല്‍വി. 40 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഏഴുവിക്കറ്റുകള്‍ നഷ്ടമായി. നാല് ഓവറിൽ 14 റൺസ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയ വിഹാൻ മൽഹോത്രയുടെ ബോളിങ് പ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ നിർണാകമായത്.
Also Read: കോലിയുടെ റെക്കോര്‍ഡിന് തൊട്ടുമുന്നില്‍ വീണ് വൈഭവ്; ലോകകപ്പില്‍ ഇന്ത്യയ്ക്ക് ജയം
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്ക് പ്രതീക്ഷിച്ച രീതിയില്‍ സ്കോര്‍ബോര്‍ഡ് ചലിപ്പിക്കാനായില്ല. മഴയെ തുടർന്നു മത്സരം 49 ഓവറാക്കി ചുരുക്കിയിരുന്നു. ഓപ്പണർ വൈഭവ് സൂര്യവംശി (67 പന്തിൽ 72), വിക്കറ്റ് കീപ്പർ ബാറ്റർ അഭിഗ്യാൻ കുണ്ഡു (112 പന്തിൽ 80) എന്നിവരുടെ അർധസെഞ്ചറിയുടെ കരുത്തിലാണ് ഇന്ത്യൻ സ്കോർ 200 കടന്നത്. ഇവരെ കൂടാതെ കനിഷ്ക് ചൗഹാൻ (26 പന്തിൽ 28), പതിനൊന്നാമനായി ഇറങ്ങിയ ദീപേഷ് ദേവേന്ദ്രൻ (6 പന്തിൽ 11) എന്നിവർ മാത്രമാണ് ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്നത്. അഞ്ച് വിക്കറ്റ് വീഴ്ത്തിയ അൽ ഫഹദാണ് ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്തത്.
ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റൻ ആയുഷ് മാത്രെ (12 പന്തിൽ6), വേദാന്ത് ത്രിവേദി (0), വിഹാൻ മൽഹോത്ര (24 പന്തിൽ 7) എന്നിവർ പെട്ടെന്നു മടങ്ങിയതോടെ 9.5 ഓവറിൽ 3ന് 53 എന്ന നിലയിലായിരുന്നു ഇന്ത്യ. നാലാം വിക്കറ്റിൽ ഒന്നിച്ച വൈഭവ് സൂര്യവംശി– അഭിഗ്യാൻ കുണ്ഡു സഖ്യമാണ് ഇന്ത്യയെ വലിയ തകർച്ചയിൽനിന്നു രക്ഷിച്ചത്
ഒരുവശത്ത് വൈഭവ് റൺറേറ്റ് താഴാതെ കാത്തപ്പോൾ മറുവശത്ത് അഭിഗ്യാൻ, ക്ഷമയോടെ ബാറ്റുവീശി ക്രീസിൽ ഉറച്ചു നിന്നു. ലോകകപ്പിൽ അർധസെഞ്ചറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡ് നേടിയ 14 വയസ്സുകാരനായ വൈഭവ്, യൂത്ത് ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന വിരാട് കോലിയുടെ റെക്കോർഡും തകർത്തു. 67 പന്തിൽ നിന്ന് 72 റൺസ് നേടിയ വൈഭവ്, 27 ഓവറിൽ പുറത്തായതോടെയാണ് കൂട്ടകെട്ട് തകർന്നത്. നാലാം വിക്കറ്റിൽ വൈഭവ്–അഭിഗ്യാൻ സഖ്യം 62 റൺസാണ് കൂട്ടിച്ചേർത്തത്.