India's Kuldeep Yadav collects the ball during the first one-day international (ODI) cricket match between India and New Zealand at the Kotambi Stadium in Vadodara on January 11, 2026. (Photo by Shammi MEHRA / AFP) / -- IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE --

രാജ്കോട്ട് ഏകദിനത്തില്‍ ന്യൂസീലന്‍ഡിനോട് ഏഴുവിക്കറ്റിന്‍റെ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. കോലിയും രോഹിതും രക്ഷയ്ക്കെത്താതിരുന്നതോടെ മുന്‍നിര ബാറ്റിങ് തകര്‍ന്നു. കെ.എല്‍.രാഹുലിന്‍റെ തകര്‍പ്പന്‍ സെഞ്ചറിയാണ് മാനക്കേടില്‍ നിന്ന് രക്ഷിച്ചത്. ബോളിങിലാവട്ടെ എല്ലാ പിഴവുകളും മറനീക്കി പ്രകടമായി. സ്പിന്നര്‍മാര്‍ ദയനീയമായി പരാജയപ്പെട്ടുവെന്നായിരുന്നു മല്‍സരശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ അസിസ്റ്റന്‍റ് കോച്ച് റയാന്‍ ടെന്നിന്‍റെ തുറന്നുപറച്ചില്‍. കുറച്ച് കൂടി മികച്ച പ്രകടനം ടീം പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

മൂന്ന് വിക്കറ്റ് മാത്രമാണ് ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് വീഴ്ത്താനായത്. അതില്‍ രണ്ടെണ്ണവും പേസര്‍മാരാണ് എടുത്തതെന്നതും ശ്രദ്ധേയമാണ്. ഹര്‍ഷിത് റാണയും പ്രസിദ്ധ് കൃഷ്ണയും വിക്കറ്റെടുത്തപ്പോള്‍ കുല്‍ദീപിന് ഒരു വിക്കറ്റെടുക്കാനേ കഴിഞ്ഞുള്ളൂ. വില്‍ യങിന്‍റെ വിക്കറ്റ് കുല്‍ദീപെടുത്തെങ്കിലും വൈകിപ്പോയിരുന്നു. സ്പിന്നര്‍മാര്‍ പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്നും എന്നാല്‍ അതുമാത്രമല്ല തോല്‍വിക്ക് കാരണമെന്നും റയാന്‍ വ്യക്തമാക്കി.

അതേസമയം, കുല്‍ദീപിനെ വട്ടംകറക്കാന്‍ ന്യൂസീലന്‍ഡ് പ്രത്യേകം തന്ത്രം മെനഞ്ഞുവെന്ന് പ്ലേയര്‍ ഓഫ് ദ് മാച്ചായ ഡാരില്‍ മിച്ചല്‍ വെളിപ്പെടുത്തി. 'ലോകത്തിലെ മികച്ച ബോളര്‍മാരില്‍ ഒരാളാണ് കുല്‍ദീപ്. കുല്‍ദീപിനെതിരെ എങ്ങനെയൊക്കെ കളിക്കണമെന്ന് പ്രത്യേകം പരിശീലിച്ചാണ് ഇറങ്ങിയത്' മിച്ചല്‍ പറഞ്ഞു. 

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് രോഹിതും ഗില്ലും ചേര്‍ന്ന് നല്ല തുടക്കം നല്‍കിയെങ്കിലും 50 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ രോഹിതും ഗില്ലും കോലിയും ശ്രേയസ് അയ്യരും പുറത്തായി. ഇതോടെ നാലിന് 118 എന്ന സ്കോറിലേക്ക് ഇന്ത്യ വീണു. അഞ്ചാമനായി ഇറങ്ങിയ രാഹുലാണ് സെഞ്ചറി നേടി പൊരുതാവുന്ന സ്കോറില്‍ എത്തിച്ചത്. രവീന്ദ്ര ജഡേജ 27 റണ്‍സും നിതീഷ് റെഡ്ഡി 20 റണ്‍സുമെടുത്തു. 50 ഓവറില്‍ 284 റണ്‍സാണ് ഇന്ത്യ നേടിയത്. മറുപടി ബാറ്റിങിനിറങ്ങിയ ന്യൂസീലന്‍ഡ് 47.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 286 റണ്‍സെടുത്തു. 2023ന് ശേഷം ആദ്യമായാണ് ന്യൂസീലന്‍ഡ് ഇന്ത്യയില്‍ ഏകദിന മല്‍സരം ജയിക്കുന്നത്. ജയത്തോടെ മൂന്ന് മല്‍സരങ്ങളുടെ പരമ്പരയില്‍ കിവീസ് ഇന്ത്യയ്ക്കൊപ്പമെത്തി. 

ENGLISH SUMMARY:

New Zealand defeated India by seven wickets in the 2nd ODI at Rajkot, leveling the three-match series 1-1. Despite a brilliant century by KL Rahul that helped India reach 284, the bowling department struggled to contain the Kiwi batters. Assistant Coach Ryan ten Doeschate admitted that Indian spinners failed to meet expectations, managing only one wicket through Kuldeep Yadav. Daryl Mitchell, the Player of the Match, revealed that New Zealand had specially practiced to tackle Kuldeep's variations. Harshit Rana and Prasidh Krishna took the other two wickets, but New Zealand chased down the target in 47.3 overs. This victory marks New Zealand's first ODI win in India since 2023, setting up an intense series decider. Rahul’s 100 and late contributions from Ravindra Jadeja were the only highlights in an otherwise disappointing batting collapse for the top order.