Image Credit: X@ShakeelktkKhan

മുസ്താഫിസുര്‍ റഹ്മാനുമായി ബന്ധപ്പെട്ട വിവാദങ്ങളും ഇന്ത്യയില്‍ ലോകകപ്പ് കളിക്കില്ലെന്ന ബംഗ്ലാദേശ് നിലപാടിനും പിന്നാലെ വിഷയത്തില്‍ ഇടപെട്ട് പാക്ക് ക്രിക്കറ്റ് ബോര്‍ഡ്. ബംഗ്ലാദേശിന്‍റെ മത്സരങ്ങള്‍ നടത്താന്‍ ശ്രീലങ്കയ്ക്ക് പറ്റിയില്ലെങ്കില്‍ പാക്കിസ്ഥാനിലേക്ക് സ്വാഗതം ചെയ്യുന്നതാണ് പിസിബിയുടെ നിലപാട്. 

ബംഗ്ലാദേശിന്‍റെ മത്സരങ്ങള്‍ നടത്താന്‍ പാക്ക് ക്രിക്കറ്റ് ബോര്‍ഡ് താല‍പര്യം കാണിക്കുന്നു എന്നാണ് പാക്ക് മാധ്യമമായ ജിയോ സൂപ്പറിന്‍റെ റിപ്പോര്‍ട്ട്. മത്സരങ്ങള്‍ ശ്രീലങ്കയില്‍ നടത്തിയില്ലെങ്കില്‍ തങ്ങള്‍ നടത്താം എന്നാണ് വാദം. ലോകകപ്പ് മത്സരങ്ങള്‍ നടത്താന്‍ പാക്കിസ്ഥാനിലെ വേദികള്‍ സജ്ജമാണെന്നും പിസിബി വ്യക്തമാക്കി. 2025 ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി, 2025 ലെ ഐസിസി വനിതാ യോഗ്യതാ മത്സരങ്ങൾ എന്നിവയുൾപ്പെടെ സമീപ വർഷങ്ങളിൽ പാക്കിസ്ഥാൻ ആതിഥേയത്വം വഹിച്ച പ്രധാന രാജ്യാന്തര മത്സരങ്ങളുടെ വിവരങ്ങളും പിസിബി ചൂണ്ടിക്കാട്ടി.

ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമില്‍ നിന്നും ഒഴിവാക്കിയതിന് പിന്നാലെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. ബംഗ്ലാദേശ് താരത്തെ ടീമിലെടുത്തതിന് എതിരെ ഹിന്ദു സംഘടനകളടക്കം രംഗത്തെത്തിയിരുന്നു. കൊല്‍ക്കത്ത ഫ്രാഞ്ചൈസി ഉടമ ഷാറൂഖ് ഖാനടക്കം ഭീഷണിയുണ്ടായി. ഇതിന് പിന്നാലായാണ് മുസ്തഫിസുറിനെ ഒഴിവാക്കാന്‍ ബിസിസിഐ നിര്‍ദ്ദേശം നല്‍കിയത്. ഇതോടെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് സുരക്ഷാ കരണങ്ങള്‍ പറഞ്ഞ് ട്വന്‍റി 20 ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യയില്‍ കളിക്കില്ലെന്ന് നിലപാടെടുത്തത്. ബംഗ്ലാദേശില്‍ നടക്കുന്ന കലാപങ്ങള്‍ക്കിടെ ഹിന്ദുക്കള്‍ക്കെതിരെ നടന്ന ആക്രമണങ്ങളാണ് മുസ്തഫിസുറിനെ ടീമിലെടുത്തതിനെതിരെ ഉണ്ടായ വികാരത്തിന് കാരണം. 

അതേസമയം, ബംഗ്ലാദേശിന്‍റെ വേദി സംബന്ധിച്ച് തീരുമാനം വൈകുകയാണ്. ഇക്കാര്യത്തില്‍ ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡും ഐസിസിയും തമ്മില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. നിലവില്‍ ബംഗ്ലാദേശിന്റെ മത്സരങ്ങള്‍ ഈഡന്‍ ഗാര്‍ഡനിലാണ് നിശ്ചയിച്ചിട്ടുള്ളത്. ഫെബ്രുവരി ഏഴിനാണ് ട്വന്‍റി 20 ലോകകപ്പ് ആരംഭിക്കുന്നത്. 

ENGLISH SUMMARY:

Pakistan Cricket Board offers to host Bangladesh's World Cup matches if Sri Lanka cannot. This comes after controversies surrounding Mustafizur Rahman and Bangladesh's concerns about playing in India.