ഓസ്ട്രേലിയയുടെ ഹീറോസായി മിച്ചല്‍ സ്റ്റാര്‍ക്കും, ട്രാവിസ് ഹെഡും. ഇംഗ്ലണ്ടിന്റെ ബാസ്ബോൾ തന്ത്രങ്ങൾക്ക് ആദ്യ ഓവറില്‍ തന്നെ കടിഞ്ഞാണിട്ട മിച്ചല്‍ സ്റ്റാര്‍ക്കും, പകരക്കാരന്‍  ഓപ്പണറായെത്തി തിളങ്ങിയ ട്രാവിസ് ഹെഡുമാണ് ഓസ്ട്രേലിയയുടെ ആഷസ് ഹീറോസ്. ബോളിങ്ങിനൊപ്പം ബാറ്റിങ്ങിലും നിര്‍ണായക പ്രകടനവുമായി സ്റ്റാര്‍ക്ക് 35-ാം വയസില്‍, ട്രാവിസ് ഹെഡിനെ പിന്നിലാക്കി ആഷസിലെ താരമായി. 629 റണ്‍സ് നേടിയ ഹെഡാണ് ആഷസിലെ ടോപ് സ്കോറര്‍.

ഒരു ദശാബ്ദക്കാലമായി ഓസീസിനെ, ക്രിക്കറ്റിന്റെ നെറുകയിൽ നിർത്തുന്ന നാലംഗ ബോളിങ് സംഘത്തിൽ, മിച്ചല്‍ സ്റ്റാർക്ക് മാത്രമാണ്  അഞ്ച് ആഷസ് മല്‍സരങ്ങളും കളിച്ചത്. ആദ്യ ഓവറില്‍ തന്നെ വിക്കറ്റെടുത്ത് തുടങ്ങിയ സ്റ്റാര്‍ക്കിന് അവസാന സ്പെൽ എറിയുന്നതുവരെ മണിക്കൂറിൽ 140 കിലോമീറ്ററിനു മുകളിലുള്ള വേഗം നിലനിർത്താനായി.  പരമ്പരയില്‍ വീഴ്ത്തിയത്  31 വിക്കറ്റുകള്‍.   

ബെൻ ഡക്കറ്റിന്റെയും സാക്ക് ക്രോലിയുടെയും ആത്മവിശ്വാസം തകർത്ത് ബാസ്ബോള്‍ തന്ത്രം പൊളിച്ചതാണ് നിര്‍ണായകമായത്. 2023-ൽ ഇംഗ്ലണ്ടില്‍ നടന്ന മത്സരങ്ങളിൽ ഡക്കറ്റ് – ക്രോലി സംഖ്യം തുടക്കം മുതലേ ആക്രമിച്ചു കളിച്ച് ഓസ്ട്രേലിയയെ സമ്മർദത്തിലാക്കിയിരുന്നു. ബ്രിസ്ബെയ്ൻ ടെസ്റ്റിൽ സ്റ്റാർക്ക് നേടിയ 77 റണ്‍സും അഡ്‌ലെയ്ഡിൽ നേടിയ 54 റൺസ് ഓസീസിന് മേല്‍ക്കൈ സമ്മാനിച്ചു. 

പെർത്തിൽ നടന്ന ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഉസ്മാൻ ഖവാജയ്ക്ക് കടുത്ത പുറംവേദനയെത്തുടർന്ന് ബാറ്റ് ചെയ്യാനാവാതെ വന്നപ്പോൾ ഓസ്ട്രേലിയക്ക് ഒരു പകരക്കാരൻ ഓപ്പണറെ കണ്ടെത്തേണ്ടിയും വന്നു. ആ ദൗത്യം ഏറ്റെടുത്ത ട്രാവിസ് ഹെഡ് പരമ്പരയിൽ ഉടനീളം ഓപ്പണറായി തുടർന്നു. മൂന്ന് നിർണായക സെഞ്ചുറികൾ നേടിയ ഹെഡിന് പരമ്പരയുടെ താരം എന്ന ബഹുമതി സ്റ്റാർക്കിന്റെ ഓള്‍ റൗണ്ട് മികവിന്  മുന്നിലാണ് നഷ്ടമായത്

ENGLISH SUMMARY:

Mitchell Starc and Travis Head were pivotal to Australia's Ashes victory. Starc's bowling and Head's opening batting defined the series, though Head outscored Starc with 629 runs.