Image Credit: X@ShakeelktkKhan
ട്വന്‍റി 20 ലോകകപ്പില്‍ തങ്ങളുടെ മത്സരങ്ങള്‍ ഇന്ത്യയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന ബംഗ്ലാദേശിന്‍റെ ആവശ്യം പരിഗണിക്കാന്‍ ഐസിസി. വിഷയത്തില്‍ രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ഔദ്യോഗികമായി സംസാരിച്ചിട്ടില്ലെങ്കിലും ബംഗ്ലാദേശിന്‍റെ മത്സരങ്ങള്‍ ശ്രീലങ്കയില്‍ നടത്തുന്നതില്‍ ഐസിസിക്ക് എതിര്‍പ്പില്ലെന്നാണ് റിപ്പോര്‍ട്ട്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ ആവശ്യപ്രകാരം ഐസിസി പുതിയ ഷെഡ്യൂൾ തയ്യാറാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചതായി ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യയില്‍ മത്സരങ്ങള്‍ കളിക്കില്ലെന്നും ട്വന്‍റി 20 ലോകകപ്പ് മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്നുമാണ് ബംഗ്ലാദേശ് ഔദ്യോഗികമായി ഐസിസിയോട് ആവശ്യപ്പെട്ടത്. ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, നേപ്പാള്‍, ഇറ്റലി എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് സിയിലാണ് ബംഗ്ലാദേശ്. ടീമിന്‍റെ മൂന്നു മത്സരങ്ങള്‍ കൊല്‍ക്കത്തയിലെ അവസാന ഗ്രൂപ്പ് മത്സരം മുംബൈയിലുമാണ്.
ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തിന് പിന്നാലെയാണ് ബംഗ്ലാദേശ് താരമായ മുസ്തഫിസുര്‍ റഹ്മാനെ നിന്നും റിലീസ് ചെയ്യാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് ഐപിഎല്‍ നിര്‍ദ്ദേശിച്ചതാണ് ബംഗ്ലാദേശ് ക്രിക്കറ്റ് അസോസിയേഷനെ ചൊടിപ്പിച്ചത്. വിഷയം സര്‍ക്കാരിലും ചര്‍ച്ചയായി. ബംഗ്ലാദേശ് ക്രിക്കറ്റിനും ക്രിക്കറ്റ് താരങ്ങള്‍ക്കും എതിരായ അപമാനം സഹിക്കില്ലെന്നും അടിമത്വത്തിന്‍റെ കാലം കഴിഞ്ഞെന്നും ഇടക്കാല സര്‍ക്കാറിലെ യുവജന–കായിക മന്ത്രിയായ അസിഫ് നസ്രുല്‍ സോഷ്യല്‍ മീഡിയയില്‍ എഴുതി. ഇതിന് പിന്നാലെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അടിയന്തര യോഗം ചേര്‍ന്ന് ഇന്ത്യയിലേക്ക് ടീമിനെ അയക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.
മത്സരവേദി മാറ്റുന്നത് മൊത്തം ഷെഡ്യൂളില്‍ വലിയ മാറ്റങ്ങള്‍ വേണ്ടിവരും. നിലവിലെ സാഹചര്യത്തില്‍ മത്സരവേദി മാറ്റുന്നത് സംബന്ധിച്ച് ബിസിസിഐയുടെ നിലപാടിന് പ്രാധാന്യമുണ്ടാകുമെന്ന് Cricbuzz റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റു ടീമുകളെ കൂടി ബാധിക്കുന്ന വിഷയമായതിനാല്‍ ലോകകപ്പ് ആരംഭിക്കാന്‍ 30 ദിവസം ബാക്കി നില്‍കെ ഷെഡ്യൂള്‍ മാറ്റുന്നത് വിഷമകരമാണ്. ഇക്കാര്യം ഐസിസി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനെ ധരിപ്പിക്കും.
മത്സരവേദി മാറ്റുന്നത് ഗ്രൂപ്പ് ഘട്ടത്തിനപ്പുറവും ബാധിക്കാം. ബംഗ്ലാേദശ് സൂപ്പര്‍ എട്ടിലേക്ക് കടന്നാല്‍ ഈ വേദിയും മാറ്റേണ്ടി വരും. കഴിഞ്ഞ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടം കടന്ന് മുന്നേറിയ ചരിത്രം ബംഗ്ലാദേശിനുണ്ട്. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ഇക്കാര്യം ഐസിസി ചര്‍ച്ച ചെയ്യുമെന്നാണ് വിവരം.