സുരക്ഷാ കാരണങ്ങളാല്‍ ഇന്ത്യയില്‍ നടക്കുന്ന ട്വന്‍റി 20 ലോകകപ്പിന് താരങ്ങളെ അയക്കാന്‍ സാധിക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി). ഇക്കാര്യം വ്യക്തമാക്കി ബിസിബി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന് കത്തയച്ചു. അതേസമയം, ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ ആവശ്യം നടക്കില്ലെന്ന് ബിസിസിഐ പ്രതികരിച്ചു.

Also Read: BCCI വിലക്ക്; മുസ്താഫിസുറിന് പകരം ആളെത്തേടി കൊല്‍ക്കത്ത 

ഐപിഎല്ലില്‍ നിന്നും ബംഗ്ലാദേശ് താരം മുസ്തഫിസുര്‍ റഹ്മാനെ റിലീസ് ചെയ്യാന്‍ കൊല്‍ക്കത്തന്‍ ഫ്രാഞ്ചൈസിയോട് ബിസിസിഐ നിര്‍ദ്ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിസിബിയുടെ നീക്കം. സുരക്ഷാ കാര്യങ്ങളെ തുടര്‍ന്ന് ഇന്ത്യയില്‍ നടക്കുന്ന മത്സരങ്ങളില്‍ കളിക്കാനാകില്ലെന്നാണ് ബിസിബി അറിയിച്ചത്. മത്സരങ്ങള്‍ ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടു. നിലവില്‍ പാക്കിസ്ഥാന്‍റെ മത്സരങ്ങള്‍ ശ്രീലങ്കയിലാണ് നടക്കുക. നിലവിലെ ഷെഡ്യൂള്‍ പ്രകാരം ഗ്രൂപ്പ് ഘട്ടത്തില്‍ ബംഗ്ലാദേശിന്‍റെ മൂന്നു മത്സരങ്ങള്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനിലും ഒരെണ്ണം മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലുമാണ് നടക്കുക. ഇംഗ്ലണ്ട്, ഇറ്റലി, നേപ്പാള്‍, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് എയിലാണ് ബംഗ്ലാദേശ്. 

അതേസമയം ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ ആവശ്യം ബിസിസിഐ തള്ളി. ബംഗ്ലാദേശിന്‍റെ ആവശ്യം പ്രായോഗികമായി നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുള്ളതാണെന്ന് ബിസിസിഐ പ്രതികരിച്ചു. ആരുടെയെങ്കിലും ഇഷ്ടത്തിന് അനുസരിച്ച് ഷെഡ്യൂള്‍ മാറ്റാന്‍ സാധിക്കില്ല. എതിർ ടീമുകളെക്കുറിച്ച് ചിന്തിക്കുക. അവരുടെ വിമാന ടിക്കറ്റുകളും ഹോട്ടലുകളും ബുക്ക് ചെയ്തിട്ടുണ്ട് എന്നും ബിസിസിഐ വ്യക്തമാക്കി. 

കഴിഞ്ഞ മാസം നടന്ന ഐപിഎല്‍ മിനി ലേലത്തില്‍ 9.20 കോടി രൂപയ്ക്കാണ് കൊല്‍ക്കത്ത ഫ്രാഞ്ചൈസി മുസ്തഫിസുറിനെ വാങ്ങിയത്. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ക്കിടെ ബംഗ്ലാദേശ് താരത്തെ ടീമില്‍ എടുത്തതിന് എതിരെ ഹിന്ദുത്വ സംഘടനകള്‍ രംഗത്തെത്തിയിരുന്നു. ഐപിഎല്‍ പിച്ച് തകര്‍ക്കുമെന്ന ഭീഷണിക്ക് പിന്നാലെ ക്ലബ് ഉടമ ഷാരൂഖ് ഖാനെ ലക്ഷ്യമിട്ടും പ്രതിഷേധങ്ങളുണ്ടായിരുന്നു.