വനിതാ ക്രിക്കറ്റിലെ സമഗ്രാധിപത്യം തുടർന്നുകൊണ്ട് ഇന്ത്യ, ശ്രീലങ്കയ്ക്കെതിരെ തുടർച്ചയായ നാലാം ജയം കുറിച്ചു. കാര്യവട്ടം സ്പോർട്സ് ക്ലബ്ബിൽ ഇന്ത്യ ഉയർത്തിയ 221 റൺസ് ലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് ആറ് വിക്കറ്റ് നഷ്ടത്തിൽ 191 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. ഒട്ടേറെ റെക്കോർഡുകൾക്കും കാര്യവട്ടം സാക്ഷിയായി.
ശ്രീലങ്കക്കെതിരെ കാര്യവട്ടത്ത് തുടർച്ചയായ രണ്ടാം ജയം കുറിച്ച ഇന്ത്യ അടുത്ത ലോകകപ്പ് പ്രതീക്ഷകൾ വാനോളം ഉയർത്തുന്നു. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നേടിയ 221 റൺസ് എന്ന റെക്കോർഡ് ലക്ഷ്യം ലങ്കയ്ക്ക് ബാലികേറാ മലയായി. 191 റൺസിന് അവരുടെ റൺമലകയറ്റം അവസാനിച്ചു. നേരത്തെ പരമ്പര നേടിയ ഇന്ത്യ ഇതോടെ നാല് പൂജ്യത്തിന് മുന്നിലാണ്. ട്വന്‍റി – 20 ക്രിക്കറ്റിൽ ഇന്ത്യൻ വനിതകൾ കുറിച്ച ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോർഡ് തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ്ബിന്‍റെ പേരിലായി.
ശ്രീലങ്കയ്ക്കെതിരെ 221 റൺസ് നേടിയപ്പോൾ കഴിഞ്ഞ ഡിസംബറിൽ മുംബൈ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിൽ വെസ്റ്റിൻഡീസിനെതിരെ നേടിയ 217 റൺസ് എന്ന റെക്കോർഡാണ് തിരുത്തിയത്. തീർന്നില്ല റൺ മിന്നൽ തീര്‍ത്ത ഷഫാലി വര്‍മ-സ്മൃതി മന്ദാന സഖ്യം,15.1 ഓവറില്‍ നേടിയ 162 റണ്‍സ്, ഏത് വിക്കറ്റിലെയും ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണ്. 2019 ല്‍ വിന്‍ഡീസിനെതിരെ ഇരുവരും ചേർന്ന് നേടിയ 143 റണ്‍സാണ് പഴങ്കഥയായത്.
വ്യക്തിഗത സ്‌കോര്‍ 27 ല്‍ എത്തിയതോടെ രാജ്യാന്തര ക്രിക്കറ്റില്‍ 10,000 റണ്‍ തികക്കുന്ന നാലാമത്തെ ബാറ്ററായി സ്മൃതി മാറി. ടി – 20 യില്‍ 4000 റണ്‍സ് കാര്യവട്ടത്ത് പിന്നിട്ട സ്മൃതിയുടെ ആകെ റണ്‍ സാമ്പാദ്യം 10,053 ആണ്. ടെസ്റ്റില്‍ 629 റണ്‍സും ഏകദിനത്തില്‍ 5322 റണ്‍സും സ്മൃതിയുടെ അക്കൗണ്ടിലുണ്ട്.ഇന്ത്യയുടെ മിതാലി രാജിന്റെ പേരിലാണ് ഏറ്റവും കൂടുതല്‍ റണ്‍സ് എന്ന റെക്കോര്‍ഡ്. 10,868 റണ്‍സാണ് മിതാലിയുടെ പേരിൽ.
വനിതാ ടി – 20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന കൂട്ടുകെട്ടെന്ന റിക്കോര്‍ഡും സ്മൃതി - ഷഫാലി ജോഡിയ്ക്കാണ് . 3107 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്. ഏതെങ്കിലും വിക്കറ്റില്‍ ഏറ്റവും കൂടുതല്‍ 50 റണ്‍സിനുമേല്‍ നേടുന്ന സഖ്യമെന്ന റിക്കോര്‍ഡും ഇവരുടെ പേരിലായി.
ടി – 20യില്‍ ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന താരമെന്ന റിക്കോര്‍ഡും സ്മൃതി തിരുവനന്തപുരത്ത് സ്വന്തം പേരില്‍ കുറിച്ചു. കാര്യവട്ടത്ത് മൂന്ന് തവണ പന്ത് ഗ്യാലറിയില്‍ എത്തിച്ച സ്മൃതി യുടെ സിക്‌സര്‍ നേട്ടം 80 ആയി. 78 സിക്‌സ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെയാണ് സ്മൃതി പിന്നിലാക്കിയത്. ശ്രീലങ്കൻ ക്യാപ്റ്റൻ ശബരി അത്തപ്പത്തു അർദ്ധ സെഞ്ചറി നേടിയെങ്കിലും മറ്റാരും തിളങ്ങിയില്ല. ചൊവ്വാഴ്ചയാണ് ശ്രീലങ്കയുമായുള്ള അവസാന മത്സരം.