FILE PHOTO: Cricket - Indian Premier League - IPL - Sunrisers Hyderabad v Kolkata Knight Riders - Arun Jaitley Stadium, New Delhi, India - May 25, 2025 Sunrisers Hyderabad's Ishan Kishan in action REUTERS/Anushree Fadnavis/File Photo

ട്വന്‍റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെട്ട താരങ്ങളില്‍ സമീപകാലത്ത് ഇന്ത്യയ്ക്കായി കളിക്കാത്ത ഏകതാരം ഇഷാന്‍ കിഷനാണ്. 2023 ഡിസംബറിലാണ് ഇഷാന്‍ ഒടുവില്‍ ഇന്ത്യയ്ക്കായി ട്വന്‍റി 20 കളിച്ചത്. ശുഭ്മാന്‍ ഗില്ലിനെ ഒഴിവാക്കിയ ടീമില്‍ സഞ്ജുവിനൊപ്പം വിക്കറ്റ് കീപ്പറായി ഇഷാനെ പരിഗണിച്ചത് ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനമാണ്. സെയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ തകര്‍ത്തടിച്ച് ജാര്‍ഖണ്ഡിന് കിരീടം വാങ്ങി നല്‍കിയ ഇഷാന്‍ വിജയ് ഹസാരെ ട്രോഫിയിലും ബാറ്റിങ് വിസ്മയം തീര്‍ക്കുകയാണ്. 

Also Read: രോഹിതും കോലിയും കളിച്ചു; സഞ്ജു മുങ്ങിയോ? വിജയ് ഹസാരെ ട്രോഫിയില്‍ കളിക്കാത്തത് എന്തുകൊണ്ട്?

അഭിഷേക് ശര്‍മയ്ക്കൊപ്പം  ഓപ്പണിങില്‍ പരിഗണിക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സമാന്‍മാരില്‍ ഒരാളാണ് ഇഷാന്‍. ആഭ്യന്തര ക്രിക്കറ്റില്‍ ഓപ്പണിങിലും മധ്യനിരയിലും തകര്‍ത്തടിക്കുന്ന ഇഷാന്‍ സഞ്ജുവിന് വെല്ലുവിളിയായേക്കാം. ഇഷാന്‍ കിഷനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താൻ സാധ്യതയുണ്ടെന്നാണ് ബാല്യകാല പരിശീലകനും ഉപദേഷ്ടാവുമായ ഉത്തം മജുംദാര്‍ പറയുന്നത്. ഇഷാന് ബാറ്റ് ചെയ്യാൻ അനുയോജ്യമായ സ്ഥലം ഓപ്പണിങ് ആണെന്നും അദ്ദേഹം പറഞ്ഞു. 

'പ്ലേയിങ് ഇലവനെ തീരുമാനിക്കുന്നത് മാനേജ്മെന്‍റാണെങ്കിലും അഭിഷേക് ശർമ്മയ്‌ക്കൊപ്പം ഇഷാൻ ഓപ്പണിങ്ങില്‍  ഫലപ്രദമാകുമെന്നാണ് ഞാൻ കരുതുന്നത്. അദ്ദേഹത്തിന് മധ്യനിരയിലും  ബാറ്റ് ചെയ്യാൻ കഴിയും. ഐ‌പി‌എല്ലിൽ ഓപ്പണറാണ്. സെയ്ദ് മുഷ്താഖ് അലി ട്രോഫിയിലെ ബാറ്റിങും കണ്ടു'', മജുംദാർ പറഞ്ഞു.

സെയ്ദ് മുഷ്താഖ് അലി ട്രോഫിയിലെ മികച്ച പ്രകടനാണ് ഇഷാനെ ട്വന്‍റി 20 ലോകകപ്പ് ടീമിലെത്തിച്ചത്. ജാര്‍‌ഖണ്ഡിനെ കിരീടമണിയിച്ചതിനൊപ്പം 517 റണ്‍സോടെ ടോപ്പ് സ്കോറുമായി. 33 സിക്സറടക്കം 197.32 സ്ട്രൈക്ക് റേറ്റിലാണ് താരത്തിന്‍റെ ബാറ്റിങ്. ഇന്നലെ തുടങ്ങിയ വിജയ് ഹസാരെ ട്രോഫിയില്‍ ആറാമത് ഇറങ്ങിയാണ് ഇഷാന്‍ കിഷന്‍ സെഞ്ചറിയടിച്ചത്. ഏകദിനമായിരുന്നിട്ടും 32 പന്തിലായിരുന്നു ഇഷാന്‍റെ തകര്‍പ്പനടി. 39 പന്തില്‍ 125 റണ്‍സെടുത്ത ഇന്നിങ്സില്‍ 14 സിക്സറും ഏഴു ബൗണ്ടറിയും നേടി. 320 ആണ് സ്ട്രൈക്ക് റേറ്റ്. 

ഓപ്പണിങില്‍ കളിക്കുന്ന താരം ആറാമത് ഇറങ്ങി നേടിയ സെഞ്ചറി ആവശ്യമെങ്കില്‍ ബാറ്റിങ് ലെവലില്‍ താഴേക്ക് ഇറങ്ങാനും സാധിക്കും എന്ന് കാണിക്കുന്നു. സഞ്ജു പരാജയപ്പെടുന്ന മധ്യ ഓവറില്‍ കൂടെ മികച്ച പ്രകടനം നടത്തുന്നത് ഇഷാന് മേല്‍കൈ നല്‍കിയേക്കാം എന്നാണ് വിലയിരുത്തല്‍.  

ENGLISH SUMMARY:

Ishan Kishan is a strong contender for the T20 World Cup playing XI due to his recent domestic performance. His ability to bat in multiple positions and recent form makes him a valuable asset to the Indian team.