Image: Manorama

ആര്‍സിബി തട്ടകമായ ചിന്നസ്വാമിയില്‍ കോലിയെ കാണാന്‍ കൊതിച്ച ആരാധകര്‍ക്ക് നിരാശ. ഡൽഹിയും ആന്ധ്രയും തമ്മിലുള്ള വിജയ് ഹസാരെ ട്രോഫി ഉദ്ഘാടന മത്സരം അവസാന നിമിഷം ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്നുംമാറ്റി. കോലിയുടെ സാന്നിധ്യത്തെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ലെങ്കിലും മത്സരം മാറ്റിയ വിവരം കർണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷൻ സ്ഥിരീകരിച്ചു. 

ഇന്നു രാവിലെ കർണാടക ആഭ്യന്തര മന്ത്രാലയത്തിൽ നിന്ന് ലഭിച്ച പുതിയ നിർദ്ദേശത്തെത്തുടർന്നാണ് ചിന്നസ്വാമി സ്റ്റേഡിയത്തിൽ നിശ്ചയിച്ചിരുന്ന എല്ലാ മത്സരങ്ങളും ബിസിസിഐ സെന്റർ ഓഫ് എക്സലൻസിലേക്ക് മാറ്റിയതെന്നാണ് റിപ്പോര്‍ട്ട്. ഐപിഎലിൽ വിരാട് കോലി താരമായ ആർസിബിയുടെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയത്തിൽ താരം വീണ്ടും കളിക്കാൻ ഇറങ്ങുന്നതു കാണാന്‍ ആരാധകർ ആവേശത്തോടെയിരിക്കേയാണ് അപ്രതീക്ഷിത നീക്കം. കോലിയെ കാണാൻ വൻ ജനക്കൂട്ടം എത്തിയേക്കുമെന്ന കണക്കുകൂട്ടലിലാണ് സർക്കാർ ഇടപെട്ടത്.

സുരക്ഷാകാരണങ്ങളാല്‍ അടച്ചിട്ട സ്റ്റേഡിയത്തിലാകും മത്സരം നടക്കുക. ഇത് കാണികളുടെ കാര്യത്തില്‍ വലിയ നിയന്ത്രണത്തിനും സാഹചര്യമൊരുക്കും. ഡല്‍ഹിക്കായി വിരാട് കോലിയേയും ഋഷഭ് പന്തിനേയും കളിപ്പിക്കുമെന്ന സൂചനയുടെ പിന്നാലെയാണ് മത്സരം ചിന്നസ്വാമിയിലേക്ക് മാറ്റിയിരുന്നത്. എന്നാല്‍ സ്റ്റേഡിയത്തിലെ സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഇടപെട്ട് വീണ്ടും മത്സരവേദി മാറ്റുന്നത്. 

ഇക്കഴിഞ്ഞ ജൂണില്‍ ബെംഗളൂരു റോയൽ ചലഞ്ചേഴ്‌സിന്റെ ഐപിഎൽ വിജയ ആഘോഷങ്ങൾക്കിടെയുണ്ടായ തിക്കിലും തിരക്കിലും 11 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനെത്തുടർന്ന് സംസ്ഥാന സർക്കാർ സ്വീകരിച്ച മുൻകരുതൽ നടപടികളുടെ ഭാഗമായാണ് പുതിയ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്. 

2025-26 വിജയ് ഹസാരെ ട്രോഫിയിൽ, സൂപ്പർ താരങ്ങളായ കോഹ്‌ലി, പന്ത്, ഇഷാന്ത് ശർമ്മ, നവ്ദീപ് സൈനി എന്നിവർ ഡൽഹി സീനിയർ പുരുഷ ടീമിന്റെ ഭാഗമാകുമെന്ന് താരങ്ങള്‍ തന്നെ സ്ഥിരീകരിച്ചിരുന്നു. 

ENGLISH SUMMARY:

Virat Kohli's Vijay Hazare Trophy match venue changed due to security concerns. The match between Delhi and Andhra, originally scheduled at Chinnaswamy Stadium, has been moved to the BCCI Center of Excellence.