വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും വാര്‍ഷിക ശമ്പളത്തില്‍ നിന്ന് രണ്ട് കോടി രൂപ വീതം ബിസിസിഐ വെട്ടിക്കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. എ പ്ലസ് വിഭാഗത്തിലുള്ള ഇരുവരും ടെസ്റ്റും ട്വന്‍റി20യും കളിക്കാത്തതിനാലാണ് ശമ്പളത്തില്‍ വെട്ടിച്ചുരുക്കല്‍ ഉണ്ടാവുക. ഏകദിനത്തില്‍ മാത്രമാണ് ഇരുവരും സജീവമെന്നതിനാല്‍ തന്നെ കാറ്റഗറി എ പ്ലസില്‍ നിന്ന് എയിലേക്ക് മാറിയേക്കുമെന്നാണ് സൂചന. എ പ്ലസ് വിഭാഗക്കാര്‍ക്ക് ഏഴു കോടി രൂപയാണ് വാര്‍ഷിക ശമ്പളം. എ വിഭാഗത്തിലാവട്ടെ അഞ്ചുകോടിയും. ട്വന്‍റി 20യില്‍ നിന്ന് വിരമിച്ച രവീന്ദ്ര ജഡേജയും എ പ്ലസ് കാറ്റഗറിയിലാണുള്ളത്. താരം ടെസ്റ്റില്‍ സജീവമായുള്ളതിനാല്‍ കാറ്റഗറി മാറിയേക്കില്ല. 

കളിക്കാരെ  A+,A, B,C എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ചാണ് ബിസിസിഐ വാര്‍ഷിക കരാര്‍ നല്‍കുക. ഈ വിഭാഗത്തെ അനുസരിച്ചാണ് ശമ്പളവും നിശ്ചയിക്കപ്പെടുക. വര്‍ഷത്തില്‍ എത്ര മല്‍സരങ്ങള്‍ കളിച്ചുവെന്നത് കണക്കിലെടുക്കാതെയാണ് ഈ ശമ്പളം. ഓരോ മല്‍സരത്തിലും പങ്കെടുക്കുമ്പോള്‍ ലഭിക്കുന്ന മാച്ച് ഫീയ്ക്ക് പുറമേയാണിത്. സിലക്ഷന്‍ കമ്മിറ്റി, മുഖ്യപരിശീലകന്‍, ക്യാപ്റ്റന്‍ എന്നിവരുമായി കൂടിയാലോചിച്ച ശേഷമാണ് കളിക്കാരനെ ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ബിസിസിഐ തീരുമാനിക്കുക. ഏപ്രിലിലാണ് ഏറ്റവുമൊടുവില്‍ ബിസിസിഐ കളിക്കാരുമായുള്ള കരാര്‍ പുതുക്കിയത്.

കാറ്റഗറിയുടെ മാനദണ്ഡമെന്തെല്ലാം

ഫോര്‍മാറ്റ് പ്രയോറിറ്റിയും പങ്കാളിത്തവും: ടെസ്റ്റ് ക്രിക്കറ്റില്‍ മികവ് പുലര്‍ത്തുന്നവരെയാണ് സാധാരണയായി എ കാറ്റഗറിയിലേക്കും അതിന് മുകളിലേക്കും പരിഗണിക്കുക. മൂന്ന് ഫോര്‍മാറ്റിലും ഏറ്റവും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന താരങ്ങളാണ് പ്രീമിയം വിഭാഗമായ എ പ്ലസില്‍ വരിക. പുതിയ കരാര്‍ നിശ്ചയിക്കുമ്പോള്‍ നിലവിലെ ടെസ്റ്റ്,ഏകദിന ക്യാപ്റ്റനായ ശുഭ്മന്‍ ഗില്‍ എ പ്ലസ് വിഭാഗത്തിലേക്ക് എത്തിയേക്കും.

പ്രകടനവും സ്ഥിരതയും: ഒരു വര്‍ഷം മുഴുവന്‍ കളിക്കാരന്‍ പുറത്തെടുത്ത പ്രകടനവും സ്ഥിരതയുമാണ് കാറ്റഗറി നിശ്ചയിക്കുന്നതില്‍ മറ്റൊരു ഘടകം. തകര്‍പ്പന്‍ ഫോം തുടരുന്നവര്‍ക്ക് പ്രമോഷനും തീര്‍ത്തും നിറം മങ്ങുന്നവര്‍ക്ക് ഡിമോഷനും ലഭിക്കാം.

മിനിമം മാച്ച് ക്രൈറ്റീരിയ: വര്‍ഷം കുറഞ്ഞത് ഇത്ര മല്‍സരങ്ങളെങ്കിലും കളിച്ചിരിക്കണമെന്നതാണ് സി കാറ്റഗറിയിലെങ്കിലും ഉള്‍പ്പെടാനുള്ള മാനദണ്ഡം. എ വിഭാഗത്തില്‍പ്പെട്ട ഒരു കളിക്കാരന്‍ വര്‍ഷത്തില്‍ മൂന്ന് ടെസ്റ്റുകള്‍ അല്ലെങ്കില്‍ 8 ഏകദിനങ്ങള്‍ അതുമല്ലെങ്കില്‍ 10 ട്വന്‍റി20 മല്‍സരങ്ങള്‍ എന്നിവയില്‍ ചുരുങ്ങിയത് കളിച്ചിരിക്കണം. അതേസമയം, കൂടുതല്‍ മല്‍സരങ്ങള്‍ കളിച്ചുവെന്ന പേരില്‍ കളിക്കാരന് ഉയര്‍ന്ന ഗ്രേഡ് ലഭിക്കണമെന്നില്ല. 

ആഭ്യന്തര ക്രിക്കറ്റിനോടുള്ള പ്രതിപത്തി: രാജ്യാന്തര മല്‍സരങ്ങളില്ലാത്തപ്പോള്‍ കളിക്കാര്‍ നിര്‍ബന്ധമായും രഞ്ജി പോലെയുള്ള ആഭ്യന്തര ടൂര്‍ണമെന്‍റുകളില്‍ പങ്കെടുക്കണമെന്നാണ് ബിസിസിഐ അനുശാസിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ വിമുഖത കാണിച്ചതിനെ തുടര്‍ന്ന് ശ്രേയസ് അയ്യരും ഇഷാന്‍ കിഷനും നേരത്തെ ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ നിന്ന് പുറത്തായിരുന്നു. 

ENGLISH SUMMARY:

Reports suggest that BCCI might cut the annual salary of Virat Kohli and Rohit Sharma by ₹2 crore each, potentially demoting them from the A+ category (₹7 crore) to the A category (₹5 crore) in the annual contracts. This move is anticipated because both players are not actively participating in Test and T20I formats, focusing primarily on ODIs. While Ravindra Jadeja also plays only one or two formats (focus on Tests), his A+ status may remain. Conversely, current Test and ODI captain Shubman Gill is likely to be promoted to the A+ category based on performance, consistency, and format participation criteria. Players are evaluated based on priority to Test cricket, performance stability, and adherence to minimum match criteria