sanju-samson-playing-xi-sa

TOPICS COVERED

ശുഭ്മന്‍ ഗില്ലിനായി സഞ്ജു സാംസണെ പുറത്തിരുത്തുന്ന മാനേജ്മെന്‍റ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം. ഫോമില്ലായ്മ തുടരുന്ന ഗില്ലിന് വേണ്ടി, ട്വന്‍റി20യില്‍ പ്രത്യേകിച്ചും ദക്ഷിണാഫ്രിക്കയ്ക്കെതിരെ മികച്ച റെക്കോര്‍ഡുള്ള സഞ്ജുവിനെ തഴയുന്നതെന്തിനെന്ന ചോദ്യമാണ് ഉയരുന്നത്. തുടര്‍ച്ചയായ നാലാം മല്‍സരത്തിലാണ് ജിതേഷ് ശര്‍മയെ തന്നെ വിക്കറ്റ് കീപ്പറായി നിലനിര്‍ത്തുന്നത്. ഇതോടെയാണ് മുന്‍താരങ്ങളടക്കം പ്രതികരണവുമായി എത്തിയത്. 

ബിസിസിഐ പ്രോജക്ട് ഗില്ലുമായി മുന്നോട്ടു പോകുന്നെങ്കില്‍ സഞ്ജു സാംസണെ പോലെ ഒരു പ്രതിഭാധനനായ താരത്തെ ടീമിലെടുത്ത് അപമാനിക്കുന്നത് മതിയാക്കണമെന്ന് കെകെആര്‍ മുന്‍ ഡയറക്ടര്‍ ജോയ ്ഭട്ടാചാര്യ ക്രിക് ബസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ട്വന്‍റി 20 ലോകകപ്പിനായി ഗില്ലിനെയാണ് ഓപ്പണര്‍ സ്ഥാനത്ത് നിശ്ചയിച്ചിരിക്കുന്നതെന്ന് ഏറെക്കുറെ ഉറപ്പാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഓപ്പണറായി മൂന്ന്സെഞ്ചറികള്‍ നേടിയിട്ടുള്ള സഞ്ജുവിനെ തഴഞ്ഞ് മധ്യനിരയിലേക്ക് മാറ്റുന്നത് ഫലം ചെയ്തിട്ടില്ലെന്നും മധ്യനിരയില്‍ കളിക്കാന്‍ വിക്കറ്റ് കീപ്പര്‍–ഫിനിഷറായ പന്താണ് ഉത്തമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

ടോപ് ഓര്‍ഡറില്‍ സഞ്ജുവിനെ കളിപ്പിക്കുന്നില്ലെങ്കില്‍ ടീമിലെടുത്തിട്ട് കാര്യമില്ല. പന്തിനെ എടുക്കൂ. പന്ത് നാലും അ‍ഞ്ചും ആറും സ്ഥാനങ്ങളില്‍ കളിക്കുന്ന ആളാണ്. മൂന്ന് സെഞ്ചറി നേടി മികച്ച പ്രകടനം പുറത്തെടുത്ത സഞ്ജുവിനെ മാറ്റി ആ സ്ഥാനം ഗില്ലിനായി റിസര്‍വ് ചെയ്തെങ്കില്‍ പിന്നെ ടീമില്‍ കീപ്പറായി വരുന്നയാള്‍ഫിനിഷറുമായിരിക്കണം. അതാണ് ജിതേഷ്. രണ്ടാം കീപ്പറും ഫിനിഷര്‍ തന്നെയാകുന്നതാണ് നല്ലതെന്നും അല്ലാതെ സഞ്ജുവിനെ പേരിന് എവിടെയെങ്കിലും ഇറക്കുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

2023 മുതല്‍ ഇന്ത്യന്‍ ഓപ്പണര്‍മാരില്‍ ഏറ്റവും മികച്ച രണ്ടാമത്തെ സ്ട്രൈക്ക് റേറ്റുള്ളയാളാണ് സഞ്ജു (182.89). അഭിഷേക് ശര്‍മയാണ് ഒന്നാമന്‍. കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ കളിച്ച 13 ഇന്നിങ്സുകളില്‍ നിന്നായി 417 റണ്‍സാണ് സഞ്ജു നേടിയത്. കോലിയുടെയും രോഹിതിന്‍റെയും തലത്തിലേക്ക് ഗില്ലിനെ ബിസിസിഐ ഉയര്‍ത്തിയപ്പോള്‍ അത് സഞ്ജുവിനാണ് വിനയായതെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ ഷോണ്‍ പൊള്ളോക്കും അഭിപ്രായപ്പെട്ടിരുന്നു. സഞ്ജു ഇത്രയും നന്നായി കളിച്ചിട്ടും അവസരങ്ങള്‍ നല്‍കാത്തത് പ്രയാസമുണ്ടാക്കുന്ന കാര്യമാണെന്നും പൊള്ളോക്ക് പറഞ്ഞു. 

അതേസമയം, ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്‍റി20യില്‍ മികച്ച പ്രകടനമാണ് വിക്കറ്റ് കീപ്പറായി ജിതേഷ് കാഴ്ചവച്ചത്. തുടര്‍ന്നുള്ള മല്‍സരങ്ങളിലും ജിതേഷിനെ തന്നെ നിലനിര്‍ത്താനാണ് സാധ്യത. അങ്ങനെയെങ്കില്‍ സഞ്ജുവിന്‍റെ കാത്തിരിപ്പ് നീളും. സഞ്ജു തനിക്ക് മൂത്ത സഹോദരനെപ്പോലെയാണെന്ന് ജിതേഷ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. 'ഗ്രേറ്റ് സഞ്ജു സാംസണ്‍ പുറത്ത്, ഞാനാണ് പ്ലേയിങ് ഇലവനില്‍' എന്നായിരുന്നു ജിതേഷ് ഇന്നലെ മാധ്യമങ്ങളോട് പ്രതികരിച്ചത്. സ‍ഞ്ജുവും താനുമായി സ്നേഹത്തിലാണെന്നും ആരോഗ്യകരമായ മല്‍സരം മാത്രമേ തങ്ങള്‍ക്കിടയിലുള്ളൂവെന്നും താരം വ്യക്തമാക്കി. തന്‍റെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത് മാത്രമാണ് സഞ്ജുവിനൊപ്പം പിടിച്ച് നില്‍ക്കുന്നതെന്നും താരം പറഞ്ഞിരുന്നു. 

സ‍ഞ്ജുവിന് ആവശ്യത്തിന് അവസരങ്ങള്‍ ടീം നല്‍കിയിട്ടുണ്ടെന്നും സഞ്ജുവിന് മുന്‍പേ ഓപ്പണറായി കളിച്ചിരുന്നത് ഗില്‍ ആണെന്നും സൂര്യകുമാര്‍ യാദവ് പരമ്പരയ്ക്ക് മുന്‍പേ വ്യക്തമാക്കിയിരുന്നു. ഗില്‍ ഓപ്പണറാകാന്‍ യോഗ്യനാണെന്നും സഞ്ജു ഏത് പൊസിഷനിലും കളിക്കാന്‍ സന്നദ്ധനാണെന്നും ഓപ്പണര്‍മാരല്ലാത്ത എല്ലാ ബാറ്റര്‍മാരും അങ്ങനെയായിരിക്കണമെന്നും സൂര്യകുമാര്‍ കൂട്ടിച്ചേര്‍ത്തു. 

ENGLISH SUMMARY:

Cricket experts and former players are criticizing the team management for benching Sanju Samson in favor of the out-of-form Shubman Gill for the T20I series, especially given Samson's strong T20 record. Former KKR Director Joy Bhattacharya argued that if BCCI is determined to push 'Project Gill' as an opener for the T20 World Cup, they should stop 'insulting' a talent like Samson by selecting him only to bench him or shift him to the middle order. He suggested Rishabh Pant would be a better choice for the lower-order finisher/keeper role (like Jitesh Sharma). South African legend Shaun Pollock also expressed frustration over the lack of opportunities for Samson, who has the second-highest strike rate (182.89) among Indian openers since 2023. The debate intensified after Jitesh Sharma, who continues as the wicketkeeper, publicly acknowledged Samson's status as a 'great' player.