ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ രണ്ടാം മത്സരം നാളെ. മുല്ലൻപൂരില്‍ രാത്രി ഏഴ് മണിക്കാണ് മത്സരം. കട്ടക്കിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തിൽ‌ കൂറ്റൻ വിജയം നേടിയ ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലാണ്. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.‌ ആദ്യ മത്സരത്തില്‍ 101 റണ്‍സിന്‍റെ വമ്പൻ വിജയം നേടിയെങ്കിലും മുന്‍നിര ബാറ്റര്‍മാരുടെ മോശം പ്രകടനം ഇന്ത്യയെ ആശങ്കയിലാഴ്ത്തുന്നത്. 

മൂന്നാം നമ്പറിലിറങ്ങുന്ന ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവിന്‍റെയും ഓപ്പണറായി ഇറങ്ങുന്ന വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്‍റെയും മങ്ങിയ ഫോമാണ് ഇന്ത്യക്ക് തലവേദനയാകുന്നത്.  ആദ്യ മത്സരത്തില്‍ ഗില്‍ നാലു റണ്‍സും സൂര്യകുമാര്‍ 12 റണ്‍സുമെടുത്ത് പുറത്തായിരുന്നു. ഏഷ്യാ കപ്പ് മുതല്‍ സഞ്ജു സാംസണ് പകരം ഓപ്പണറായി ഇറങ്ങുന്ന ശുഭ്മാന്‍ ഗില്ലിന് ഇതുവരെ ഒരു അര്‍ധസെഞ്ചുറി പോലും നേടാനായിട്ടില്ല. കഴിഞ്ഞ ഒരു വര്‍ഷമായി ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവും നിരാശ മാത്രമാണ് സമ്മാനിക്കുന്നത്.

പരുക്കുമാറി ടി20 ടീമിൽ ഓപ്പണറായി തിരിച്ചെത്തിയ ശുഭ്മൻ ഗില്ലിന് പകരം മലയാളി താരം സഞ്ജു സാംസണ് അവസരമൊരുങ്ങുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഗിൽ തിരിച്ചെത്തിയതോടെ സഞ്ജുവിന് പ്ലേയിങ് ഇലവനിൽ സ്ഥാനം നഷ്ടപ്പെട്ടിരുന്നു. അഭിഷേക് ശർമയ്ക്കൊപ്പം ഇന്ത്യൻ ഇന്നിങ്സ് ഓപ്പൺ ചെയ്യാനിറങ്ങിയ ഗിൽ രണ്ട് പന്തില്‍ നാല് റണ്‍സ് മാത്രമെടുത്താണ് മടങ്ങിയത്. ഓപ്പണര്‍ സ്ഥാനത്ത് മൂന്ന് സെഞ്ചുറികളുള്ള സഞ്ജു സാംസണെ ഗില്ലിന് പകരം കളിപ്പിക്കണമെന്ന ആവശ്യം ഉയരുന്നുണ്ടെങ്കിലും നാളത്തെ മത്സരത്തില്‍ ടീമില്‍ മാറ്റം വരുത്താനുള്ള സാധ്യത വളരെ കുറവാണ്.

ENGLISH SUMMARY:

India vs South Africa T20 match is scheduled for tomorrow. The Indian team is aiming to address the concerns about the form of key players like Shubman Gill and Suryakumar Yadav in the upcoming match.