Image Credit:AFP
സീസണിലെ ഇന്ത്യയുടെ രാജ്യാന്തര ഏകദിന മല്‍സരങ്ങള്‍ അവസാനിക്കാറായ സ്ഥിതിക്ക് രോഹിത്തിന്‍റെയും വിരാട് കോലിയുടെയും ഭാവിയെ കുറിച്ച് നിര്‍ണായക തീരുമാനം കൈക്കൊള്ളാന്‍ ബിസിസിഐ ഒരുങ്ങുന്നു. ദക്ഷിണാഫ്രിക്കയുമായുള്ള ഏകദിന പരമ്പരയ്ക്ക് പിന്നാലെയാകും ഇത് സംബന്ധിച്ച യോഗം ചേരുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരെയും 2027ലെ ഏകദിന ലോകകപ്പ് വരെ ടീമില്‍ നിലനിര്‍ത്തുമോ എന്നതിലടക്കം തീരുമാനമുണ്ടാകുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബിസിസിഐ ഉന്നതര്‍ക്കൊപ്പം കോച്ച് ഗൗതം ഗംഭീറും അജിത് അഗാര്‍ക്കറും അഹമ്മദാബാദില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇരുവര്‍ക്കും ഏകദിന ലോകകപ്പ് വരെ ഫോം തുടരാന്‍ ആയില്ലെങ്കില്‍ പകരക്കാര്‍ ആരെന്നതടക്കം ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ഇരുവരെയും അനിശ്ചിതത്വത്തില്‍ നിര്‍ത്താതെ മാനേജ്മെന്‍റ് എന്താണ് ആഗ്രഹിക്കുന്നതെന്ന് വ്യക്തമാക്കേണ്ടതുണ്ടെന്നും ബിസിസിഐ ഉന്നതന്‍ വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ രോഹിതിനോട് ഫിറ്റ്നസിലും പ്രകടനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
ടെസ്റ്റ്, ട്വന്‍റി20 ഫോര്‍മാറ്റുകളില്‍ നിന്ന് ഇരുവരും വിരമിച്ചതിനാല്‍ ഇടവേളകള്‍ എങ്ങനെയാകും ഫോമിനെ ബാധിക്കുക എന്നതിലും ആശങ്ക ഉയര്‍ന്നിട്ടുണ്ട്. ഓസീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇരുവരും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ രണ്ട് ഏകദിനത്തിലും ഇരുവര്‍ക്കും ശോഭിക്കാനായില്ല. എല്ലാ പരമ്പരയിലും ഇത് ആവര്‍ത്തിക്കുന്നത് ശുഭകരമല്ലെന്നും ബിസിസിഐ ഉന്നതന്‍ വ്യക്തമാക്കി.
ആക്രമിച്ച് കളിക്കുന്ന രോഹിത് ഓസീസിനെതിരെ ട്രാക്കിലാകാന്‍ പതിവിലേറെ സമയമെടുത്തതാണ് 'പ്രകടനത്തില്‍ ശ്രദ്ധിക്കൂ'വെന്ന ബിസിസിഐയുടെ മുന്നറിയിപ്പിന് പിന്നില്‍. രോഹിത് ഫോമിലാണെങ്കില്‍ ടോപ് ഓര്‍ഡറില്‍ ആശങ്കവേണ്ടെന്ന് ബിസിസിഐക്കും ബോധ്യമുണ്ട്. ഓസ്ട്രേലിയയില്‍ റിസ്കെടുക്കാന്‍ രോഹിത് തയാറാവാത്തത് ശ്രദ്ധയില്‍പ്പെട്ടുവെന്നും ഇത് പ്രോല്‍സാഹിപ്പിക്കാനാവില്ലെന്നുമാണ് വിലയിരുത്തല്‍. മുതിര്‍ന്ന താരങ്ങളായ രോഹിതും കോലിയും ചെറുപ്പക്കാര്‍ക്ക് കളി എളുപ്പമാക്കുകയാണ് വേണ്ടതെന്നും മാനേജ്മെന്‍റിന് അഭിപ്രായമുണ്ട്. മല്‍സരങ്ങളുടെ കുറവ് പരിഹരിക്കുന്നതിനായി അടുത്ത മാസം ആരംഭിക്കുന്ന വിജയ് ഹസാരെ ട്രോഫിയില്‍ ഇരുവരും കളിക്കണമെന്നും ബിസിസിഐ നിര്‍ദേശിച്ചേക്കും. നാളെ മുതലാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്ക് തുടക്കമാവുക.