വുമണ്‍സ് പ്രീമിയര്‍ ലീഗ് 2026 മെഗാ ലേലത്തില്‍ മലയാളി താരം ആശാ ശോഭനയെ 1.10 കോടി രൂപയ്ക്ക് യു.പി വാരിയേഴ്സ് സ്വന്തമാക്കി. 34 കാരിയായ തിരുവനന്തപുരം സ്വദേശിയെ കടുത്ത ലേലത്തിനൊടുവിലാണ് യു.പി ഫ്രാഞ്ചൈസി സ്വന്തമാക്കുന്നത്. ആദ്യമായാണ് വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ ഒരു മലയാളി താരത്തിന് ഒരു കോടിയിലധികം രൂപ ലേലത്തുകയായി ലഭിക്കുന്നത്. 

അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്ക് ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് ആശയെ വിളിച്ചു തുടങ്ങിയത്. യു.പി വാരിയേഴ്സുമായുള്ള ലേല പോരാട്ടം വില 55 ലക്ഷത്തിലെത്തിച്ചു.  ഡല്‍ഹി പിന്മാറിയതോടെ ആശയുടെ മുന്‍ ഫ്രാഞ്ചൈസിയായ ബെംഗളൂരു റോയല്‍ ചലഞ്ചേഴ്സാണ് യു.പി വാരിയേഴ്സിനൊപ്പം ലേലത്തുക ഉയര്‍ത്തിയത്. 

ലേലം തുടര്‍ന്നപ്പോള്‍ 1.10 കോടി രൂപയ്ക്കാണ് മലയാളി താരത്തെ യു.പി വാരിയേഴ്സ് സ്വന്തമാക്കിയത്. ലേലം നടക്കുമ്പോള്‍ തിരുവനന്തപുരത്ത് സ്വന്തം വീട്ടിലായിരുന്നു ആശ. ടെലിവിഷനില്‍ തത്സമയം കാണുകയായിരുന്നുവെന്നും ലേലത്തിന്‍റെ റിസള്‍ട്ടില്‍ സന്തോഷവതിയാണെന്നും ആശ പറഞ്ഞു. 

2023 ല്‍ ആര്‍സിബി 10 ലക്ഷം രൂപയ്ക്കാണ് ആശ ശോഭനയെ സൈന്‍ ചെയ്യുന്നത്. 2024 ലെ ഐപിഎല്‍ 12 വിക്കറ്റ് വീഴ്ത്തി സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത രണ്ടാമത്തെ താരമായി ആശമാറി. സീസണില്‍ അഞ്ച് വിക്കറ്റ് നേടിയ ഏക ഇന്ത്യന്‍ താരവും ആശയായിരുന്നു.  കഴിഞ്ഞ സീസണില്‍ ആര്‍സിബിയുടെ താരമായിരുന്നെങ്കിലും പരിക്കിനെ തുടര്‍ന്ന് സീസണ്‍ നഷ്ടമായിരുന്നു. 

2024 മേയ് ആറിന് ബംഗ്ലാദേശിനെതിരെയായിരുന്നു ആശ ആദ്യമായി ഇന്ത്യയ്ക്ക് കളിച്ചത്. ഇന്ത്യയ്ക്ക് അരങ്ങേറുന്ന പ്രായം കൂടിയ താരമായിരുന്നു ആശ. 33 വയസും 51 ദിവസവും പ്രായമുള്ളപ്പോഴാണ് ആശ ഇന്ത്യയ്ക്കായി അരങ്ങേറിയത്. 

ENGLISH SUMMARY:

Kerala's Asha Shobhana, a 34-year-old player from Thiruvananthapuram, was acquired by UP Warriorz for a massive ₹1.10 Crore in the WPL 2026 Mega Auction after a fierce bidding war. This marks the first time a Malayali player has crossed the one-crore mark in the Women's Premier League. The bidding, which started at her base price of ₹30 lakh by Delhi Capitals, saw an intense battle between UP Warriorz and her former franchise, Royal Challengers Bangalore (RCB). Asha, who was signed by RCB in 2023 for ₹10 lakh, was the second-highest wicket-taker and the only Indian player to secure a five-wicket haul in the 2024 season. She also holds the record as the oldest player to debut for India (at 33 years and 51 days) against Bangladesh on May 6, 2024.